Breaking News
Home / Lifestyle / “‘അറിഞ്ഞോ..നാഫി ഗർഫിണിയാ..” ക്ലാസ്സിലേക്ക് കയറി വന്ന എന്നെ നോക്കി ബിനു അങ്ങനെ കളിയാക്കി

“‘അറിഞ്ഞോ..നാഫി ഗർഫിണിയാ..” ക്ലാസ്സിലേക്ക് കയറി വന്ന എന്നെ നോക്കി ബിനു അങ്ങനെ കളിയാക്കി

“‘അറിഞ്ഞോ..നാഫി ഗർഫിണിയാ..” ക്ലാസ്സിലേക്ക് കയറി വന്ന എന്നെ നോക്കി ബിനു അങ്ങനെ കളിയാക്കി പറയുമ്പോൾ ക്ലാസ്സ്‌ ടീച്ചർ അടക്കമുളളവർ കളളചിരിയോടെ നോക്കിയത് എന്റെ വയറിലേക്കായിരുന്നു.

കല്യാണം കഴിഞ്ഞ് വൈകാതെ പണി പറ്റിച്ചല്ലോടീ വായാടീ എന്ന് പറഞ്ഞ് പലരും കളിയാക്കി ചിരിച്ചപ്പോൾ “‘എന്റെ വാവയിങ്ങു വരട്ടെടീ നിന്റെ പല്ലിടിച്ചു തെറിപ്പിക്കും എന്ന മറുപടി കൊടുത്തായിരുന്നു ഞാൻ വാ അടപ്പിച്ചത്. .

മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതിനാൽ പതിവായി ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ ഗർഭിണി വരുന്നേ എന്ന് പറഞ്ഞു എനിക്ക് വഴിയൊരുക്കിയ ക്ലാസ്സിലെ ആൺസുഹൃത്തുക്കൾ എന്നോട് കാണിച്ചിരുന്നത് സഹോദരസ്നേഹത്തിനും അപ്പുറമായിരുന്നു..

എന്തിഷ്ടവും സാധിച്ചു തരാൻ മത്സരിച്ച സുഹൃത്തുക്കളും ഉറ്റവരും.. ചെറിയ അസ്വസ്ഥതകളിൽ പോലും താങ്ങായി നിന്നിരുന്ന ഇക്ക.. വിഭവങ്ങൾ മാറി മാറി ഉണ്ടാക്കി ഊട്ടിയിരുന്ന ഉമ്മമാർ..

ദിവസവും വയറിന്റെ അളവ് നോക്കി കുറിക്കുന്ന കൂടപ്പിറപ്പുകൾ.. എന്തുകൊണ്ടും ഗർഭകാലം മനോഹരമായി ആസ്വദിക്കുമ്പോൾ മാറ്റങ്ങൾ മനസ്സിന് മാത്രമല്ല ശരീരത്തിലുംപതിയെ വന്ന് തുടങ്ങിയിരുന്നു..മെലിഞ്ഞ എന്റെ ശരീരം തടിച്ചു ആകാരവടിവും ശരീരഭംഗിയും നഷ്ടപ്പെടാൻ തുടങ്ങി..

ഒട്ടിയ എന്റെ വയർ വീർക്കുന്നതോടൊപ്പം മുഖത്തും കഴുത്തിലും കറുത്ത പാടുകൾ വന്ന് തുടങ്ങി.. ഇഷ്ടങ്ങൾ പലതും അനിഷ്ടങ്ങളായി ..നീര് വന്ന് വീർത്ത കാലുകളും തലമുതൽ കാലിലെ പെരുവിരൽ വരെയുളള വേദനകൾ പലതും അലട്ടി തുടങ്ങുമ്പോഴും വേദന സംഹാരിയും ശക്തിയും ഊർജ്ജവും ആയി മാറിയത് ഉളളിലെ ജീവന്റെ തുടിപ്പായിരുന്നു..

വീർത്ത വയറിൽ പിടിച്ചു ഉപ്പ ചുംബിച്ചപ്പോഴും ഉളളതും ഇല്ലാത്തതുമായ പേരിട്ടു വാവയെ വിളിക്കുമ്പോഴും കുഞ്ഞ് അനക്കങ്ങൾ അറിയാൻ അനിയൻമാർ മാറി മാറി മത്സരിച്ചപ്പോഴും സ്വപ്‌നങ്ങളായിരുന്നു മനസ്സ് നിറയെ…

ആസ്വദിക്കുകയായിരുന്നു ഞാനോരോ നിമിഷവും… ഡോക്ടർ കുറിച്ച് തന്ന ഡേറ്റിനു കാത്തുനില്കാതെ അന്ന് ഞാൻ ഹോസ്പിറ്റലിൽ ചെന്നത് അടിവയറിൽ സൂചി തറക്കുന്ന വേദന അനുഭവപെട്ടത് കൊണ്ടായിരുന്നു ..

വേദന കൂടിയും കുറഞ്ഞുമിരുന്നപ്പോൾ കിടക്കാനോ ഇരിക്കാനോ നടക്കാനോ കഴിയുമായിരുന്നില്ല… ഇടക്കെപ്പോഴോ ബോധം മറിഞ്ഞു ഉപ്പയുടെ ചുമലിൽ കിടന്നത് ഓർമയിൽ തെളിയുംമ്പോൾ പിന്നീട് കണ്ണ് തുറക്കുന്നത് ലേബർ റൂമിലെ ആർപ്പുവിളികൾ കേട്ടായിരുന്നു.. അടിക്കടി കൂടിയും കുറഞ്ഞും ഉണ്ടായിരുന്ന വേദന പൊടുന്നനെ ഇല്ലാതായപ്പോൾ “‘ഇത് വരെ അനുഭവിച്ചത് ചെറിയ വേദനയല്ലേ മോളേ . എന്ന മറുപടിയാണ് ഡോക്ടർ പറഞ്ഞത്..

ഇനി അധികം കാത്തിരിക്കേണ്ടി വരില്ല സ്വപ്‌നങ്ങളിൽ മാത്രം കണ്ടിരുന്ന ആ മുഖമൊന്നു കാണാൻ എന്നാലോചിച്ചപ്പോൾ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു .

പ്രസവത്തെ കുറിച്ച് കേട്ടറിവും പറഞ്ഞറിവും മാത്രമുളള ഞാൻ ലേബർ റൂമിലെ ആ ആർപ്പുവിളികൾക്കും അസഹ്യമായ ശബ്ദങ്ങൾക്കുമിടയിൽ ഭീതിയോടെയാണ് കിടന്നതെങ്കിലും വല്ലുമ്മച്ചി ഉരുവിട്ടു തന്ന സൂക്തങ്ങളും ദിക്ർകളും എനിക്ക് വല്ലാത്ത ശക്തി തന്നു.. “എനിക്കൊരു വേദനയും തോന്നുന്നില്ല ഡോക്ടർ” എന്ന എന്റെ പറച്ചിൽ കേട്ടായിരുന്നു കുറച്ച് നേരം എന്നോട് നടക്കാൻ ആവശ്യപെട്ടത്…

കൈകൾ രണ്ടും വീശി നീണ്ട ആ ആശുപത്രി വരാന്തയിലൂടെ ഒരു പകൽ മുഴുവൻ ഞാൻ നടന്നപ്പോൾ നിഴലായി കൂടെ ഉണ്ടായിരുന്നത് എന്റെ ഇക്കയായിരുന്നു.

വണ്ണം വെച്ച എന്റെ വീർത്ത കാലുകൾ തലോടി തന്നും .. അലക്ഷ്യമായി കിടക്കുന്ന എന്റെ മുടിയിഴകൾ ഒതുക്കി കെട്ടിതന്നും .. നിറവയറിൽ തലോടി ഇടയ്ക്കിടെ “വേദനയുണ്ടോടീ പെണ്ണെ എന്ന് ചോദിച്ചുo.. ഭക്ഷണം അടുത്തിരുത്തി ഊട്ടി തന്നുo എന്നെ പരിചരിച്ചപ്പോൾ വിണ്ടു കീറിയ തുടയും കാൽപാദങ്ങളും വക വെക്കാതെ എനിക്ക് നടക്കാൻ കൂടുതൽ ശക്തി ലഭിക്കുകയായിരുന്നു .. വേദനയുടെ ആക്കം കുറക്കുകയായിരുന്നു .

“‘ഇനി എന്റെ മോൾക്ക്‌ വയ്യ ഡോക്ടർ ” കലങ്ങിയ കണ്ണുമായി ഉപ്പ അങ്ങനെ പറയുംമ്പോൾ “‘എനിക്കൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് വീണ്ടും സിസ്റ്ററുടെ കൈ പിടിച്ച് ലേബർ റൂമിൽ കയറിയപ്പോൾ മുഖത്തെ ചിരി മായാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു… വേദനക്കുളള ഇൻജെക്ഷൻ വെച്ച് അധികം വൈകിയില്ല..

പതിയെ മുഖത്തെ ചിരി മായാൻ തുടങ്ങി.. വേദന കണ്ണീരിന്റെ രൂപത്തിൽ പുറത്ത് വന്നപ്പോൾ തല പിളരുന്ന പോലെ തോന്നി തുടങ്ങി… കിടന്നുരുളാൻ വീതി കൂടിയ കട്ടിൽ മതിയാകാതെ വന്നു.. പല്ല് കൊണ്ട് സ്വയം ചുണ്ടിൽ അമർത്തി കടിച്ചപ്പോഴും മുടി കുത്തിപിടിച്ചപ്പോഴും ഒരു വേദനയും അനുഭവപെട്ടില്ല..

ഇരുമ്പ് നിർമിതമായ കട്ടിലിന്റെ കാലുകളിൽ ഞാൻ കൈകൾ അമർത്തിയപ്പോൾ തല കറങ്ങുന്ന പോലെയായിരുന്നു.. തൊണ്ടകുഴിയിൽ വെളളം ഇല്ലാതായി.. കൈകാലുകളിട്ട് അടിക്കുമ്പോൾ ശ്വാസം നിലക്കുന്ന പോലെ തോന്നിതുടങ്ങി ..

ക്ഷമയുടെ അതിര് കവിഞ്ഞു ഒരാർപ്പുവിളിയോടെ ഞാൻ ഉമ്മയെ വിളിച്ചു കരഞ്ഞത് ദൈവത്തിന്റെ മുഖമെന്നോണം എന്റെ മനസ്സിലപ്പോൾ തെളിഞ്ഞത് ഉമ്മയുടെ മുഖമായത് കൊണ്ടായിരിന്നു.

പരിശോധനകൾക്കൊടുവിൽ 80ശതമാനം വേദന സഹിച്ചിട്ടും ഗർഭപാത്രം പൂർണമായും വികസിച്ചിട്ടും പ്രസവം നടക്കാതെ വന്നപ്പോൾ അവസാന പ്രതീക്ഷയെന്നോണം മുന്നിലുണ്ടായിരുന്നത് വയറിൽ കത്തിവെക്കുക എന്ന മാർഗമായിരുന്നു.

ഉളളിൽ കുഞ്ഞിന് അനക്കം കുറവാണെന്ന വേവലാതി പറഞ്ഞപ്പോഴായിരുന്നു ഡോക്ടർ അവസാന സ്കാൻ ചെയ്തത്. മിനിറ്റുകൾക്കുളളിൽ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ രണ്ടാലൊരാളെ മാത്രമേ രക്ഷിക്കാനാവൂ എന്ന് പറയുമ്പോൾ ഒരാലോചനക്ക് ഇടവരുത്താതെ സമ്മതപത്രത്തിൽ ഇക്ക ഒപ്പിടാൻ തയ്യാറായപ്പോൾ കണ്ണീരോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..

വെളള വസ്ത്രമിട്ട മാലാഖമാർ എന്റെ മുടി പിന്നിയിട്ട് ഉടുപ്പ് അണിയിച്ചു എന്നെ സ്‌ട്രെച്ചറിൽ കിടത്തിയപ്പോൾ ഡോക്ടറുടെ കൈ പിടിച്ച് ഞാൻ പറഞ്ഞത് “എന്റെ കുഞ്ഞിന് ഒന്നും വരുത്തരുതെന്ന അപേക്ഷയായിരുന്നു ..

ഇക്കയുടെ കൈകൾ മുറുകെ പിടിച്ച് എന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് ആനയിച്ചപ്പോൾ പ്രാർത്ഥനയോടെ ആശുപത്രി വരാന്തയിൽ എനിക്കും കുഞ്ഞിനും വേണ്ടി കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടപ്പോഴായിരുന്നു എന്റുളളം പിടഞ്ഞത്.

രണ്ട് ദിവസം വേദന അനുഭവിച്ച്‌ മൂന്നാം നാൾ വയറ് കീറാൻ ഒരുങ്ങുന്നവെന്നറിഞ്ഞ ഉമ്മയും ഉപ്പയും എന്നെ കണ്ട് മാറി നിന്നത് അവരുടെ കലങ്ങിയ കണ്ണുകൾ എന്നെ തളർത്തുമെന്ന് അവർക്കറിയാവുന്നതു കൊണ്ടായിരുന്നു.

തൊട്ടതിനും പിടിച്ചതിനും വഴക്കിടുന്ന അനിയത്തികുട്ടി എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചപ്പോൾ “‘എടീ എന്നെ കൊല്ലാൻ കൊണ്ട് പോകുന്നതല്ല എന്ന മറുപടി കൊടുത്ത് ഞാനവളെ മാറ്റി നിർത്തി..

സഹോദരങ്ങളായി കൂടെ നിന്ന സൗഹൃദങ്ങളെ അവിടെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു.. ദിവസവും ആരും കാണാതെ ഇഷ്ട പലഹാരങ്ങൾ കൊണ്ട് തന്നിരുന്ന അനിയൻ എന്റെ കൈകൾ മുറുകെ പിടിച്ചപ്പോൾ അവന്റെ മറുകയ്യിൽ സന്തോഷവാർത്ത അറിഞ്ഞു കഴിഞ്ഞാൽ വിതരണം ചെയ്യാനുളള മധുരമായിരുന്നു..

പുറത്തു വരാനുളള തിടുക്കത്തിൽ വാവ ഉളളിൽ കിടന്നു ആഞ്ഞു തൊഴിക്കുമ്പോൾ എന്റുളളിലെ പേടി മുഖത്തു നിഴലിക്കാതെ ശ്രദ്ധിച്ചു കൊണ്ട് ഓപ്പറേഷൻ തീയേറ്ററിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും ചെറുചിരി സമ്മാനിച്ച കൂട്ടത്തിൽ ഊരും പേരും അറിയാതെ എനിക്ക് രക്തം തരാൻ തയ്യാറായവരെ നോക്കി നിറഞ്ഞ കണ്ണുകളോടെ നന്ദി അറിയിക്കാനും ഞാൻ മറന്നില്ലായിരുന്നു ..

നീലവസ്ത്രമണിഞ്ഞു കൊണ്ട് മുഖം മൂടികെട്ടിയ ഡോക്ടറെയും അനുയായികളെയും വലുപ്പം കൂടിയ ആ കട്ടിലിനു ചുറ്റും നിൽക്കുന്നതു കണ്ടിട്ടാകണം എന്റെ നെഞ്ചിന്റെ ഭാരവും ഹൃദയ മിടിപ്പിന്റെ വേഗതയും കൂടിയത്..

പൂർണ്ണ ആരോഗ്യമുളള ഒരു കുഞ്ഞു വാവയെ പ്രിയപ്പെട്ടവർക്ക് എനിക്ക് സമ്മാനിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ കണ്ണടച്ചപ്പോൾ ചുറ്റുoനിന്നവർ എന്നെ “റ ” ഷേപ്പിൽ ചരിച്ചു കിടത്തി നട്ടെല്ലിന് സൂചിയടിക്കുന്നുണ്ടായിരുന്നു.. ഉറുമ്പരിക്കുന്ന വേദനയേ തോന്നിയുള്ളൂ നിമിഷങ്ങൾക്കുള്ളിൽ അരക്കു താഴെ മരവിച്ചപ്പോൾ എന്റെ കണ്ണുകൾ കറുത്ത തുണി കൊണ്ടവർ മൂടികെട്ടിയിരുന്നു..

പൂർണ്ണ ബോധത്തോടെ ഞാനവർക്ക് മുന്പിൽ മലർന്നു കിടന്നപ്പോൾ ആരൊക്കെയോ ചേർന്നെന്റെ തുണി അഴിക്കുന്നുണ്ടായിരുന്നു.. ആദ്യമായി മറ്റൊരു പുരുഷന്റെ മുന്പിൽ നഗ്നയായി കിടന്നപ്പോൾ എനിക്കൊരു മാനഹാനിയും തോന്നിയില്ല…. ഡോക്ടർ വയറ് കീറിയ സമയത്താകണം ഈർക്കിൽ കൊണ്ട് തൊടുന്ന പോലെ എനിക്കനുഭവപ്പെട്ടത്..

ശക്തമായി ആരോ നെഞ്ചിനു താഴെ അമർത്തിയ സമയം ശരീരത്തിൽ നിന്നെന്തോ അടർന്നു മാറുന്ന പോലെ തോന്നി… കൈകൾ ഉയർത്തി ഞാൻ വയറിൽ തൊടാൻ ശ്രമിച്ചപ്പോഴായിരുന്നു ഡോക്ടർ ചുമലിൽ തട്ടി അത് പറഞ്ഞത്..
“നാഫി…നീയൊരു പെൺകുഞ്ഞിന്റെ അമ്മയായിരിക്കുന്നു “..

അധികം വൈകാതെ മോളുടെ ശബ്ദം കരച്ചിലിന്റെ രൂപത്തിൽ എന്റെ ചെവിയിൽ പതിച്ചപ്പോൾ ആയിരം പെരുമ്പറകൾ ഒരുമിച്ച് മുഴങ്ങുന്ന പോലെയായിരുന്നു..

മനസ്സ് നിറഞ്ഞ് ഞാൻ കരഞ്ഞപ്പോൾ “ദേ..സന്തോഷ കണ്ണീര് കണ്ടോ എന്ന് പറഞ്ഞ് ഡോക്ടർ കളിയാക്കുന്നുണ്ടായിരുന്നു… ഒന്ന് കാണാനുളള വ്യഗ്രതയിൽ കണ്ണിലെ കറുത്ത തുണി അഴിക്കാൻ ഞാൻ പാട് പെട്ട് ശ്രമിക്കുമ്പോൾ വലിഞ്ഞു മുറുക്കി അവരെന്റെ ശരീരം തുന്നികെട്ടുന്നുണ്ടായിരുന്നു.. കാത്തിരിപ്പിനൊടുവിൽ എന്റെ നനഞ്ഞ കണ്ണുകൾ തുറക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ വിടർന്ന കണ്ണുകളുമായി അവളെന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു..

വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളെ വാങ്ങാൻ കഴിയാതെ സന്തോഷം കൊണ്ട് ഞാൻ കൺകൾ പൊത്തി കരയുന്നത് കണ്ടിട്ടാകണം ഡോക്ടർ അവളെയെന്റെ നെഞ്ചിലേക്ക് വെച്ച് തന്നത്…

മുഖത്തു നിന്നും കണ്ണെടുക്കാതെ നെറ്റിയിലും കണ്ണിലും മാറി മാറി ചുംബിച്ചു കൊണ്ട് അവളെ ഞാൻ എന്റെ മാറോട് ചേർത്തു ഒരായിരം തവണ ദൈവത്തെ സ്തുതിച്ചപ്പോൾ പുറത്തു മധുരം വിളമ്പിയും സമ്മാനങ്ങൾ വാങ്ങി കൂട്ടിയും എന്റെ പ്രിയപ്പെട്ടവർ ഞങ്ങളെ സ്വീകരിക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

About Intensive Promo

Leave a Reply

Your email address will not be published.