ഇന്നൊരു കൂട്ടർ നിന്നെ കാണാൻ വരുന്നുണ്ട്. നീ ഇന്നു കോളജിൽ പോകണ്ട.”- അമ്മയുടെ വാക്കുകൾ കേട്ടാണ് അമ്മു ഉറക്കമുണർന്നത്.
എന്റെ പേര് അനാമിക ഇഷ്ടം ഉള്ളവർ എന്നെ അമ്മു എന്ന് വിളിക്കും.
“അമ്മേ എപ്പോഴാണവര് വരുന്നത്? ”
“ഇന്ന് ..അതല്ലേ ഞാൻ നേരത്തെ പറഞ്ഞത് കോളേജിൽ പോകണ്ടാന്ന്.. ”
“ശരി, ഇനി ഞാൻ ആയിട്ടു എതിര് പറയുന്നില്ല…”
രാവിലെ കുളി കഴിഞ്ഞു കണ്ണാടിയ്ക്ക് മുന്നിൽ ഞാൻ എന്നെ തന്നെ നോക്കി നിന്നു.. സുന്ദരി ആയി.
പിന്നെ പണ്ട് തൊടിയിലും തോട്ടിലും ഓടിക്കളിച്ചു നടന്ന കുട്ടിക്കാലത്തെ കുറിച്ച് ഓർത്തു. വയസ്സറിയിച്ചതിനു ശേഷം പഴയതു പോലെ എങ്ങും വിടാറില്ല. എല്ലായിടത്തും ഒരേ പല്ലവി
“അമ്മു വല്യ കുട്ടി ആയില്യേ”ന്ന്…
ഇതു ഇപ്പൊ മൂന്നാമത്തെ കൂട്ടരാ കാണാൻ വരുന്നത്…പലർക്കും എന്നെ ഇഷ്ടമായി, പക്ഷേ നക്ഷത്രമാണല്ലോ തമ്മിൽ ഇഷ്ടപ്പെടേണ്ടത് … വന്ന കൂട്ടരിലാരുമായും ആ സംഭവം അങ്ങട് ചേർന്നതുമില്ല, അതിനു കണിയാനോട് ഒരു പാട് നന്ദിയുണ്ട്, പിന്നെ ഞാൻ എന്നും വിളിച്ചു തൊഴുന്ന എന്റെ കള്ള കൃഷ്ണനോടും. പറഞ്ഞാൽ എന്തും നടത്തി തരും ..പക്ഷേ ഒന്ന് വട്ടം കറക്കും എന്നേയുള്ളൂ.
പെണ്ണ് കാണൽ സൽക്കാരം പൊടി പൊടിച്ചു .കാണാൻ സുന്ദരനല്ല, മത്തങ്ങാ കണ്ണും കൊമ്പൻ മീശയും ഉള്ള ഒരു ഭീകര ജീവി.. ചായ കൊടുക്കുന്നതിനിടയിൽ ഒന്നേ നോക്കിയുള്ളൂ …എന്റെ മനസ്സിലുള്ള പ്രതീക്ഷകളെല്ലാം പാതി പോയി… ഇനി ജാതകം വല്ലോം ചേർന്നാൽ..
കള്ള കൃഷ്ണൻ പ്രാർത്ഥന കേട്ടു, അതും നടന്നില്ല.
പിന്നെ കുറേ നാൾ പെണ്ണ് കാണൽ ചടങ്ങ് ഒന്നും ഇല്ലായിരുന്നു.അങ്ങനെ വയസ് ഇരുപത്തി മൂന്നിലെത്തി .
ഒരു ദിവസം രാവിലെ പോസ്റ്റ്‌മാൻ കുട്ടപ്പൻ ഒരു വലിയ പാർസൽ കൊണ്ട് വന്ന് എന്റെ നേർക്ക് നീട്ടി
“അനാമിക ആരാ ഇവിടെ ഒരു ഒപ്പ്.”
എനിക്ക് അതിശയം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായി. ആരാ എനിക്ക് ഇതൊക്കെ അയയ്ക്കാൻ,അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ആയി എന്റെ കാര്യം.
അതിൽ തന്നെ നോക്കി നിന്നു.ആദ്യമായിട്ടാണ് ഒരു പാർസൽ എനിക്ക് വരുന്നത്..
എന്തായാലും തുറന്നു നോക്കിയിട്ടേ കാര്യം ഉള്ളൂ, ഉള്ളിൽ എന്തായിരിക്കും എന്ന ചോദ്യം ഞാൻ എന്നോട് തന്നെ നൂറു വട്ടം ചോദിച്ചു. പാർസലുമായി റൂമിലേക്ക് പോയി,പൊതി തുറക്കാൻ ആരംഭിച്ചു. ഒന്നും രണ്ടും കളർ പേപ്പർ ഇളക്കി മാറ്റി എന്നിട്ടും അവസാനിച്ചില്ല , ഇനി കൂട്ടുകാർ വല്ലോം പറ്റിച്ചത് ആകുമോ, ആകും അല്ലാണ്ട് ആരാ എനിക്കിപ്പൊ പൊതി ഒക്കെ അയക്കാൻ ….
ആവലാതിയും ആശങ്കയ്ക്കും വിരാമമിട്ടുകൊണ്ട് അവസാന കളർ പേപ്പറും തുറന്നു കണ്ടപ്പോൾ ദേഷ്യം വന്നു. ഈ പുത്തകം കാണാൻ ആണോ ഇങ്ങനെ ഇത്രയും പൊതിഞ്ഞ് കെട്ടിവച്ചത്. അത് ഇളക്കിയിളക്കി എന്റെ കണ്ണണും കൈയും കഴച്ചു. ദേഷ്യത്തിൽ പുസ്തകം എടുത്ത് മേശയിൽ വലിച്ചു ഒരു ഏറ് കൊടുത്തു.
അതിൽ നിന്നും ഒരു കുഞ്ഞു ബോക്സ് പുറത്തു ചാടി.ഞാൻ അത് എടുത്ത് നോക്കി ചെറുതായി ഒന്ന് തുറന്നു… മുകളിൽ ചെറിയ അക്ഷരങ്ങളിൽ
“ഞാൻ സ്വന്തം ആക്കാൻ ആഗ്രഹിക്കുന്ന അമ്മുവിന് വേണ്ടി….. “എന്നെഴുതിയിരുന്നു.
എന്നിൽ നിന്നും അകന്നുപോയ ആകാംക്ഷ വീണ്ടും തിരിച്ചെത്തി-കൂടുതൽ കരുത്തോടെ.
പ്രതീക്ഷയുടെ തേരിലേറി ആ ബോക്സ് തുറന്നപ്പോൾ മനോഹരമായ രണ്ടു വെള്ളികൊലുസ്.ഞാൻ അത് കൈയിൽ എടുത്തു ഒന്ന് കിലുക്കി നോക്കി.
കവറിൽ അഡ്രസ്സ് ഒന്നും കൊടുത്തിട്ടില്ല എങ്കിലും ആകെ തിരഞ്ഞു പരവശയായി.പരാജയം; അത് ഞാൻ സമ്മതിക്കില്ല ഇക്കാര്യത്തിൽ .
എന്നാലും ഇത് ആരെനിക്ക് അയച്ചതാ? ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ നിറഞ്ഞു..
ഓർത്തു നോക്കി, ഇനി എന്റെ പിന്നാലെ നടക്കുന്ന നാട്ടിലെ ആൺപിള്ളേരെങ്ങാനുമാണോ?
ഹേയ് അവർ ഇങ്ങനെയൊന്നും ചെയ്യില്ല. കാരണം ഇത്രയും റൊമാന്റിക് ബുദ്ധിയൊന്നും അവർക്കില്ല. പിന്നെയാരാവും….. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല…
ഓരോ പേപ്പറും സശ്രദ്ധം നോക്കി. ഒരു തെളിവുകളുമില്ലാത്ത ഒരു ഒളിച്ചു കളി പോലെ തോന്നി.
ഇനി ആകെയൊരു മാർഗം പോസ്റ്റ്‌മാൻ കുട്ടൻ ചേട്ടനോട് തന്നെ ചോദിക്കാം എന്ന് തീരുമാനിച്ചു.
അങ്ങനെ കുട്ടപ്പൻ ചേട്ടനെ കണ്ട് സൈക്കിളിൽ രണ്ടു ബെല്ലൊക്കെയടിച്ച് പതിയെ തഞ്ചത്തിൽ കാര്യം ചോദിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. ആൾക്കും വലിയ പിടിയില്ല. തല പുകഞ്ഞു ആലോചിച്ചു. ഇനി ആരായാലും ഒന്നുമില്ലയെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ച് സമാധാനിക്കാൻ ശ്രമിച്ചു…..
ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ ഫോണിന്റെ വൈബ്രേഷൻ
ചലനം ശ്രദ്ധിച്ച് ആകാംക്ഷയോടെ ഫോണെടുത്തു. കുറെ നമ്പർ മാത്രം ഡിസ്പ്ലേ ആകുന്നുണ്ട്. കാൾ പിക്ക് ചെയ്തു. മറുവശം മറുപടി വന്നു..
“ഇന്നു ആ പാർസൽ അയച്ചത് ഞാനാണ്. എനിക്ക് അമ്മൂനെ ഇഷ്ടമാണ്. എന്റെ പേര് വരുൺ..”
ഒരങ്കലാപ്പോടെ ഞാൻ ഫോൺ കട്ട് ചെയ്തു. ആദ്യമായിട്ട് ജീവിതത്തിൽ പതറിപ്പോയത് പോലെ തോന്നി.എന്നാലും സാരമില്ല ആരാന്നു തിരക്കമായിരുന്നു. പേര് കിട്ടി, വരുൺ.പക്ഷേ എനിക്ക് അങ്ങനെ ഒരാളെ ഓർമ്മ കിട്ടിയില്ല. മനസ്സിൽ ആ ശബ്ദം ഒരു നേർത്ത നിശ്വാസമായി മന്ത്രിക്കുന്നു… “എനിക്ക് അമ്മൂനെ ഇഷ്ടമാണ്….” എന്ന്
എന്നാലും ഒരു ഭയം ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ലല്ലോ….
രാത്രിയിൽ ഒട്ടും ഉറക്കം വന്നില്ല. അറിയാവുന്ന കൂട്ടുകാരെയെല്ലാം വിളിച്ചു. ആർക്കും വരുണെന്ന പേരുള്ള കൂട്ടുകാരില്ല എന്ന് തീർച്ചപ്പെടുത്തി. അവനെ തിരിച്ചറിയാനുള്ള എന്റെ ശ്രമങ്ങളെല്ലാം പരാജയമായി.
fb യിൽ രാവ് വെളുപ്പാക്കി വരുൺ എന്ന പേരിലുള്ള എല്ലാ പ്രൊഫൈലും കാണാപ്പാപ്ഠം പഠിച്ചു. എന്നിട്ടും പരാജയമായിരുന്നു..
ദിവസങ്ങൾ കടന്നുപോയി… പിന്നെ വരുണിനെക്കുറിച്ച് ഒരു അനക്കവുമില്ലായിരുന്നു. ഞാനും പതിയെ മറന്നു തുടങ്ങി. പക്ഷേ കൊലുസ് കാണുമ്പോൾ ആ ഓർമ്മകൾ തന്നെ വേട്ടയാടുന്നു.
നാളുകൾക്ക് ശേഷം കോളേജിലെ കൽപ്പടവുകൾ ഇറങ്ങി വരുമ്പോൾ വീണ്ടും ഫോണിൽ അതെ നമ്പർ തെളിഞ്ഞു……അവന്റെ….
മനസിൽ ചെറിയ പേടി ഉണ്ടെങ്കിലും ഞാൻ ഫോൺ എടുത്തു.
“മറുപടി ഒന്നും പറയാതെ കട്ടാക്കി,അല്ലേ. കൊലുസ് ഇഷ്ടം ആണെന്ന് കരുതിക്കോട്ടെ-കൂടെ തന്നെയും…. ”
“ഇയാൾ എന്ത് വിചാരിച്ചു എന്നെക്കുറിച്ച്. താൻ ഒരു വെള്ളി കൊലുസ് വാങ്ങി അയച്ചു തന്നാൽ ഞാൻ തന്നെ ഇഷ്ടമാണെന്ന് പറയുമെന്നോ? ”
ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. മനസ്സിൽ ഇഷ്ടമൊക്കെയുണ്ട്. പക്ഷേ ആളെക്കാണാനുള്ള ആഗ്രഹം കൊണ്ടാവാം. രണ്ടു ദിവസം മൊബൈൽ ഓണാക്കിയതേയില്ല. നോക്കട്ടെ ഇനി എങ്ങനെ എന്നെ തേടി വരുമെന്ന്…
രണ്ടു ദിവസം ഒന്ന് നേരെ ഉറങ്ങിയതുപോലുമില്ല. പറഞ്ഞ വാക്കുകൾ കൂടിയത് പോലെ. അല്ലേലും ആരാന്നു അറിഞ്ഞു കഴിഞ്ഞു പറഞ്ഞാൽ മതിയായിരുന്നു. വല്ലാത്ത നഷ്ടബോധം ഫീൽ ചെയ്തു.
ഇതിപ്പോ എന്റെ മനസിന്റെ സമധാനം പോയി എന്നു പറഞ്ഞാൽ മതിയല്ലോ.
പതുക്കെ മൊബൈൽ ഓൺ ആക്കി.ഇനിയും വിളിച്ചാലോ.പക്ഷേ കിട്ടിയത് ഒരു മെസ്സേജ് ആയിരുന്നു.
“എനിക്കറിയാം ആർക്കും അങ്ങനെ പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റില്ലയെന്ന്. താൻ അറിയാതെ തന്നെ മൂന്ന് വർഷമായി ഞാൻ സ്‌നേഹിക്കുന്നു. തന്റെ മുന്നിൽ വന്ന് ഒരു വിഡ്ഢി വേഷമാകാതിരിക്കാൻ വേണ്ടി ഞാൻ കെട്ടിയ വേഷമാണിത്. ഇനി ഒരിക്കലും തന്നെ തേടി വരില്ല. പ്രോമിസ്… ”
ആ മെസ്സേജ് വായിച്ചത് മുതൽ അന്നുവരെ അനുഭവിക്കാത്ത ഒരു വല്ലായ്മ അനുഭവപെട്ടു. വേണ്ടായിരുന്നു അല്ലേലും എടുത്ത് ചാട്ടം കൂടുതലാണ്.
ആരെന്നറിഞ്ഞിട്ട് പോരായിരുന്നോ…മറുപടി. ആകെ നിരാശയായി.
ഫോൺ എടുത്ത് നമ്പർ നോക്കി,കിട്ടുന്നില്ല. ഇതിലും കള്ളത്തരം, സ്വിച്ച് ഓഫ് ആണ്. എന്നാലും മറുപടി എഴുതി അയച്ചു. അൽപം ഗൗരവത്തോടെ തന്നെ.
“നിങ്ങൾക്ക് മുന്നിൽ വന്നാൽ എന്താ പ്രോബ്ലം. ഞാൻ ആരെയും കൊല്ലാൻ ഒന്നും പോകുന്നില്ല.. എനിക്ക് ഒന്ന് കാണണം എന്നുണ്ട്…ഇഷ്ടം ഇങ്ങനെ ഒളിച്ചു പറയുന്നത് ശരി ആണോ.. ?”
മൊബൈൽ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ മറുപടിക്കായി കാത്തുനിന്നു.ഓരു
മെസ്സേജ് റിംഗിനപ്പുറത്ത് അവനെ കാണാനുള്ള ആഗ്രഹം കൂടി വന്നു. പക്ഷേ അപ്പോഴും നിരാശയായിരുന്നു ഫലം.
“രാവിലെ ഉറക്കം എണീറ്റയുടൻ ഫോണിൽ നോക്കി. അവന്റെ മെസ്സേജ് കണ്ടു.
“എന്നെ ഈ നമ്പറിൽ വിളിച്ചാൽ കിട്ടും …… ഞാൻ കാത്തിരിയ്ക്കും തന്റെ കോളിനു വേണ്ടി…”
ഉടൻ തന്നെ ആ നമ്പർ എടുത്ത് വിളിച്ചു.
ഇത്തിരി നനുത്ത സ്വരത്തിൽ ചോദിച്ചു. “വരുൺ ആണോ… ?”
“അതെ. ” അവന്റെ ഗാംഭീര്യമുള്ള ശബ്ദം കാതിൽ പതിഞ്ഞു. ഞാനാണ് തനിക്ക് പാർസൽ അയച്ചതും കൊലുസ് സമ്മാനം ആയി തന്നതും. താൻ എന്നെയാണു തേടി അലയുന്നത് എന്നും അറിയാം. എനിക്ക് ഇഷ്ടമാണ് തന്നെ, മൂന്ന് വർഷമായി തന്നെ ഞാൻ സ്നേഹിക്കുന്നു തനിക്കതറിയില്ല എന്ന് എനിക്കറിയാം.തന്നെ ഞാൻ കണ്ടിട്ടുണ്ട്. താൻ എന്നെയും. പക്ഷേ നമ്മൾ പരിചിതരല്ല,പക്ഷേ കണ്ടിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ എനിക്ക് തന്നെ ഇഷ്ടമായീ. തന്റെ മുന്നിൽ വരാത്തത് ഇഷ്ടം കൂടിയത് കൊണ്ടാണ്. ”
“എനിക്ക് ഇയാളെ ഒന്ന് കാണണം. അല്ലാതെ എനിക്ക് ഇഷ്ടമുള്ളത് കൊണ്ടല്ലാട്ടോ. കാണാൻ പറ്റുമെങ്കിൽ മാത്രേ ഇപ്പോൾ സംസാരിക്കാൻ താല്പര്യമുള്ളൂ.ഇല്ലെങ്കിൽ ഇനി എന്നെ ശല്യപ്പെടുത്തരുത്….
ആലോചിച്ചു തീരുമാനിച്ചാൽ മതി. നാളെ കൃഷ്ണന്റെ അമ്പലത്തിൽ ഞാൻ നിർമ്മാല്യം തൊഴാനെത്തും.അവിടെ വച്ചു മതി,ഇയാളോട് ഇനി സംസാരിക്കുന്നത്. എനിക്ക് കാണണം ഇയാളെ.
ഇഷ്ടമുണ്ടെങ്കിൽ വരിക.”
ഫോണിൽ ചുവന്ന ബട്ടൺ അമർന്നു…
എന്നെയും ഒരുപാട് ചുറ്റിച്ചതല്ലേ..? അന്ന് രാത്രിയിൽ സമയം പതിയെ ഇഴഞ്ഞ് നീങ്ങി. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഒരുപാട് ചിന്തകൾ മനസിലുണർന്നു. വരുമോ കാണാൻ? എന്നൊക്കെ മനസ്സ് മന്ത്രിക്കുന്നു. എപ്പോഴോ ഉറക്കത്തിൽ വഴുതി വീണത് അറിഞ്ഞില്ല.
രാവിലെ എണീറ്റു കുളിച്ചൊരുങ്ങി. വേഗത്തിൽ കണ്ണാടിയുടെ മുന്നിൽ നിന്നു അടിമുടി നോക്കി. വല്ല കുറവും.. “ഹേയ്…. ഇല്ല….”സ്വയം പറഞ്ഞു.
അമ്പലത്തിൽ തിരക്ക് കുറവായിരുന്നു. കുറച്ചു നേരമായി കാത്തു നിൽക്കാൻ തുടങ്ങിട്ട് ഇതുവരെ കണ്ടില്ല. ഇനി വരില്ലേ? മനസാകെ ഒരു പിടച്ചിൽ…
ഓരോ മനക്കോട്ട കെട്ടി നിൽക്കുമ്പോൾ പുറകിൽ നിന്നും “അമ്മൂ” എന്ന വിളി കേട്ട് തിരിഞ്ഞു നോക്കി..
“വരുൺ…?”
” ഉം ” അയാൾ ചിരിച്ചു കൊണ്ട് തല കുലുക്കി.
എന്റെ കണ്ണുകൾക്ക് അത് വിശ്വസിക്കാനായില്ല.
മുമ്പൊരിക്കൽ തന്നെ പെണ്ണുകാണാനായി വന്നയാൾ.എനിക്ക് ഇഷ്ടം ആയിരുന്നു. പക്ഷേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അന്നാ വിവാഹാലോചന മുടങ്ങിപ്പോയി.
വരുണിന്റെ ശബ്ദം കേട്ടാണ് ഓർമ്മയിൽ നിന്നും ഉണർന്നത്.
“എന്നെ ഇഷ്ടമായോ. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് തന്നെ ഇഷ്ടമായിരുന്നു. അന്ന് നീ ചായ കൊണ്ടു വരുമ്പോൾ നിന്റെ കണ്ണുകൾ എന്റെ കണ്ണുകളിൽ ഒരു കാര്യം പറഞ്ഞു.. എന്റെ ഹൃദയം അന്നവിടെ വച്ചു മറന്നു പോയി.. ഒപ്പം കൂടുവിട്ട മനസ്സും തേടിയലഞ്ഞപ്പോൾ ഉത്തരം കിട്ടി, അത്
നിന്റെയടുത്തുണ്ടെന്ന്. തിരിച്ചു വാങ്ങാൻ വന്നതാണ് ഞാൻ. എന്റെ മനസ്സാണ് ഞാൻ അയച്ചത്.. പുസ്തക താളിൽ വച്ച മയിൽപ്പീലി പോലെ.. അത് നിനക്ക് കൈ മാറി. എനിക്ക് ആരുടെയും സമ്മതം ആവശ്യമില്ല. തന്റെ സമ്മതം മാത്രം അറിഞ്ഞാൽ മതി.”
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
“ഒന്ന് തൊഴുത് മടങ്ങി വരട്ടെ.” എന്ന്പറഞ്ഞു കൊണ്ട് അമ്പലത്തിലേയ്ക്ക് കയറി.
ഞാൻ കൃഷ്ണ ഭഗവാനെ കണ്ടു പ്രാർത്ഥിച്ചു തിരിച്ചിറങ്ങി.അവനോട് മറുപടി പറയാതെ എന്റെ കാലിൽ അണിഞ്ഞ പാദസരം പടികളിറങ്ങുമ്പോൾ കിലുങ്ങി,അവനു വേണ്ടി… എന്റെ കണ്ണുകളിൽ അവൻ വായിച്ചെടുത്തു എന്റെ സ്നേഹം….. അവന്റെ പ്രണയത്തിന്റെ കിലുക്കം.. എന്നും എന്റെ കാലുകളിൽ കാണും… എന്നും…. എന്നെന്നും