ചിറകു വിരിച്ചു പറന്ന് ‘ഉയരെ’. ആദ്യ പ്രദര്‍ശനത്തിനു ശേഷം ചിലർ വികാരഭരിതരായി അഭിപ്രായം പങ്കുവെച്ചപ്പോൾ മറ്റു ചിലർ പാര്‍വതി ഉൾപ്പെടെയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു.
ഇത് പാർവതിക്കു മാത്രം സാധിക്കുന്ന സിനിമ എന്നാണ് ചലച്ചിത്രതാരം ജോമോൾ സിനിമ കണ്ടിറങ്ങിയതിനു ശേഷം പ്രതികരിച്ചത്. ”ഞാനങ്ങനെ സിനിമ കണ്ട് കരയാത്ത ആളാണ്. പക്ഷേ ഉയരെ കണ്ട് കരഞ്ഞു. ഇതൊരു സിനിമയായിട്ട് തോന്നിയില്ല. ഇതുപോലൊരു സബ്ജകട് മലയാളത്തിൽ ഇതിനു മുൻപ് വന്നിട്ടില്ല”, ജോമോൾ കൂട്ടിച്ചേർത്തു.
ഉയരെ ഉയരങ്ങളിലേക്കാണ് പറക്കാൻ പോകുന്നതെന്നായിരുന്നു നടി നിരഞ്ജന അനൂപിന്റെ പ്രതികരണം. സംവിധാനവും അഭിനേതാക്കളുടെ പ്രകടനവുമൊക്കെ ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്നും നിരഞ്ജന പറഞ്ഞു.
അച്ഛനും അമ്മക്കും ഒപ്പമിരുന്നാണ് സിനിമ കണ്ടതെന്നും അവർ കരയുന്നത് കണ്ടെന്നും ആദ്യ ഷോക്കു ശേഷം പാർവതി പറഞ്ഞു. ”അത് അഭിമാനം കൊണ്ടും സന്തോഷം കൊണ്ടുമൊക്കെയുള്ള കരച്ചിലാകാം”, പാർവതി കൂട്ടിച്ചേർത്തു.
തനിക്ക് ഏറെ വൈകാരിക അടുപ്പം തോന്നിയ സിനിമയാണ് ഉയരെ എന്ന് ടൊവീനോ പ്രതികരിച്ചു. ഞാൻ അഭിനയിക്കുന്ന സിനിമയായിട്ടു പോലും എനിക്ക് വൈകാരികമായ അടുപ്പം തോന്നി. കുറെ തവണ ഷൂട്ടിലും ഡബിങ്ങിങ്ങിലും ദൃശ്യങ്ങൾ കാണുന്നതുകൊണ്ട് സാധാരണ സിനിമ കാണുമ്പോൾ അത്രയും ഫീൽ ചെയ്യാൻ പറ്റാറില്ല. എന്നാൽ, സിനിമ അതിന്റെ പൂർണതയിൽ വല്ലാത്തൊരു ആത്മസംതൃപ്തി നൽകിയ ഒന്നാണ്,” ടൊവീനോ കൂട്ടിച്ചേർത്തു.
പ്രേക്ഷകരുടെ കണ്ണീരും തിയേറ്ററിൽ അവർക്കുണ്ടായി വൈകാരിക അനുഭവവും സിനിമ വിജയിച്ചു എന്നുള്ളതിന് തെളിവാണെന്ന് തിരക്കഥാകൃത്തുക്കളായ ബോബി–സഞ്ജയ് പ്രതികരിച്ചു.