ഷെയർ ചാറ്റിലൂടെയുള്ള പരിചയം യുവാക്കളെ കൊണ്ടു ചെന്നെത്തിച്ചത് ലൈംഗിക സുഖത്തിനായി ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്ന നീച പ്രവൃത്തിയിലേക്ക്. കായംകുളത്താണ് ലൈംഗിക ബന്ധത്തിനായി സ്വന്തം ഭാര്യമാരെ പരസ്പരം കൈമാറിയ യുവാക്കളുടെ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്.
2018 മാര്‍ച്ചിൽ ഷെയർ ചാറ്റിലൂടെയാണ് സമാന ചിന്താഗതിക്കാരായ ഈ യുവാക്കൾ പരസ്പരം പരിചയപ്പെടുന്നത്. കായംകുളം സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശി ആദ്യം കായകുളത്തെത്തുകയായിരുന്നു. അവിടെവച്ച് കായംകുളം സ്വദേശി സ്വന്തം ഭാര്യയെ കോഴിക്കോടുകാരന് കൈമാറി.
തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. പിന്നീടും ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോയി അവരുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു.
പിന്നീടും പലതവണ ഇയാൾ ഭാര്യയെ മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവന്നു. ഇതോടെ മനം മടുത്ത യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട സ്വദേശികളായ യുവാക്കളാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.