കല്ലട ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബസിനെ മറികടന്നതിന് ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാരോപിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്തെത്തി. പരാതി നല്‍കിയെങ്കിലും സമ്മര്‍ദ്ധം ചെലുത്തി പൊലിസ് തന്നെ പരാതി പിന്‍വലിപ്പിച്ചു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
മീഞ്ചന്ത ബൈപ്പാസിലൂടെ അമിതവേഗതയില്‍ പായുന്നതിനിടെ ഒരു ട്രാഫിക് സിഗ്നലിലാണ് ബൈക്ക് യാത്രികന് ബസിനെ മറികടന്നത്. പിന്തുടര്ന്നെത്തിയ ബസ് ബൈക്ക് നിര്‍ത്തിയിടത്ത് സഡന്‍ ബ്രേക്കിട്ടു. പിന്നാലെ ചാടിയിറങ്ങിയ ക്ലീനര്‍ കാര്യമൊന്നും തിരക്കാതെ ബൈക്ക് യാത്രികനെ മര്‍ദിച്ചു.
പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അന്നത്തെ മെഡിക്കല്‍ കോളജ് എസ്ഐ ആയിരുന്ന എ. ഹബീബുള്ളയാണ് സമ്മര്‍ദ്ധം ചെലുത്തി പരാതി പിന്‍വലിപ്പിച്ചത്. മറ്റൊരു കേസില്‍ കൈക്കൂലി വാങ്ങിയതിന് നിലവില്‍ സസ്പെന്‍ഷനിലാണ് ഹബീബുള്ള.
കഴിഞ്ഞ നവംബറിലാണ് സംഭവം. കല്ലട ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ വീണ്ടും പരാതി നല്‍കാനുള്ള ആലോചനയിലാണ് യുവാവ്.