പതിനെട്ട് വയസെത്തും മുമ്പേ അവളെ കെട്ടിച്ച് വിട്ട് ബാധ്യത തീർക്കാനായിരുന്നു കുടുംബക്കാരുടെ തീരുമാനം. പെൺമക്കൾ കുടുംബത്തിന് ഭാരമാണെന്ന കുടുംബക്കാരുടെ പഴകിപ്പൊളിഞ്ഞ ഉപദേശം കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലായി.
ഒന്നു പൊട്ടിക്കരഞ്ഞാൽ പോലും നാലു ചുമരിനപ്പുറത്തേക്ക് പോകാത്ത ആ വീട്ടിൽ ആ പെൺകൊടി എന്ത് ചെയ്യാൻ. ശിഷ്ടകാലം ഭർത്താവിന്റെ വീട്ടിൽ അടുക്കള പണി ചെയ്ത് കാലം കഴിക്കാം. സ്വപ്നം കണ്ട സിവിൽ സർവ്വീസ് ജോലി, സ്വന്തംകാലിൽ നിന്ന് സ്ഥിര വരുമാനം സ്വപ്നങ്ങളെല്ലാം വെറുതെയായി. ഇന്നല്ലെങ്കിൽ നാളെ താലിയെന്ന ഊരാക്കുടുക്ക് തന്റെ സ്വപ്നങ്ങൾക്കു മേൽ വീഴും.
രേഖയെന്ന കർണാടകക്കാരി പെൺകൊടിയുടെ ഇങ്ങനെയൊക്കെ ഒടുങ്ങുമായിരുന്നു. പക്ഷേ തോറ്റുകൊടുക്കാത്ത മനസും കൈമുതലായുള്ള കരളുറപ്പും അവളെ കൊണ്ട് ആ തീരുമാനമെടുപ്പിച്ചു. തന്നെ കെട്ടിച്ചു വിട്ട് ബാധ്യത തീർക്കാൻ നിൽക്കുന്ന വീട്ടുകാരിൽ നിന്നും അവൾ രായ്ക്കുരാമാനം ഒളിച്ചോടി. ബാക്കി കഥ അവളിന്ന് നേടിയ തിളക്കമുള്ള നേട്ടങ്ങളിൽ നിന്നും തുടങ്ങണം.
ചിക്കബല്ലാപുര ഗ്രാമത്തില് നിന്നും ശൈശവ വിവാഹത്തെ പേടിച്ച് ഒളിച്ചോടിയ പതിനെട്ടുകാരി രേഖ അവളുടെ സ്വപ്നങ്ങളുടെ ആദ്യപടി ചവിട്ടിയിരിക്കുന്നു. സിവിൽ സർവീസ് സ്വപ്നം കണ്ടിറങ്ങിയ രേഖ പ്രീ യൂണിവേഴ്സിറ്റി പരീക്ഷയിൽ 90 ശതമാനത്തോളം മാർക്കാണ് കരസ്ഥമാക്കിയിരിക്കുന്നത്.
എസ്എസ്എൽസി പരീക്ഷയിൽ 74 ശതമാനത്തോളം മാർക്ക് വാങ്ങിയിറങ്ങുമ്പോൾ രേഖ ഭാവിയെക്കുറിച്ച് ഒരായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു. പക്ഷേ അവളുടെ വീട്ടുകാരുടെ ചിന്തയാകട്ടെ മറിച്ചും. വീട്ടുകാർ കല്യാണ താലിച്ചരടിൽ കോർത്തെടുക്കും എന്ന ഘട്ടം വന്നപ്പോൾ അവൾ ബംഗളുരുവിലേക്ക് വണ്ടികയറി, ആരോടും പറയാതെ. ആദ്യം ചേർന്നത് ഒരു കമ്പ്യൂട്ടർ കോഴ്സിന്.
തന്റെ വഴി അതല്ല എന്നു കണ്ടപ്പോൾ സഹായമഭ്യർത്ഥിച്ച് ചൈൽഡ് ഹെൽപ് ലൈനിലേക്ക് രണ്ടും കൽപ്പിച്ചൊരു ഫോൺകോൾ. മതിക്കരയിലെ സ്പര്ഡശ ട്രസ്റ്റിലേക്ക് രേഖ എത്തുന്നത് ഹൈൽപ് ലൈനിന്റെ സഹായത്തോടെയാണ്. തീർന്നില്ല കഥ, അവരുടെ തന്നെ സഹായത്തോടെ നീലമംഗലയിലുള്ള പ്രീ യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷനും ഈ മിടുക്കി സാധിച്ചെടുത്തു.
രണ്ട് വർഷത്തെ കഠിന പ്രയത്നത്തിനൊടുവിൽ പ്രീ യൂണിവേഴ്സിറ്റി റിസൾട്ട് വരുമ്പോൾ അറുന്നൂറിന് 542 മാർക്ക് വാങ്ങിയാണ് ഈ മിടുക്കി തന്റെ വഴി ശരിയെന്ന് തെളിയിച്ചിരിക്കുന്നത്. ഡിഗ്രി പഠനത്തിന് ചരിത്ര വിഷയമോ, രാഷ്ട്ര തന്ത്രമോ ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കമെന്നതാണ് രേഖയുടെ ആഗ്രഹം.
തന്റെ സ്വപ്നമേതെന്ന് ചോദിച്ചാലും രേഖയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. സിവിൽ സർവ്വീസ് പഠനത്തിന് മുമ്പ് ഒരു അഭിഭാഷകയായി പേരെടുക്കണമെന്ന ആഗ്രഹവും രേഖ പങ്കുവയ്ക്കുന്നു