അന്തർസംസ്ഥാന ബസ് സർവീസ് നടത്തുന്ന സുരേഷ് കല്ലട കമ്പനിയുടെ അതിക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംഗ്ഷന് സമീപം നടുറോഡിൽ മൃഗീയമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്ക് നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.
കാശുകൊടുത്ത് യാത്രചെയ്യുന്ന മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്ന ഗുണ്ടകൾ നിയന്ത്രിക്കുന്ന ഈ വാഹനത്തെ മരണവണ്ടിയെന്ന് തന്നെ വിളിക്കേണ്ടിവരും. ഈ മരണവണ്ടിയിൽ ഇനിയും യാത്രചെയ്യാൻ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ അറിവിലേക്കാണ് ഈ റിപ്പോർട്ട് .
സ്വന്തം യാത്രക്കാരെ അടിച്ചൊതുക്കുന്ന സുരേഷ് കല്ലട ജീവനക്കാരുടെ ബസിനുള്ളിലെ കയ്യൂക്കിന്റെ ഈ കാഴ്ചകളാണ് ഇത്ര ദിവസവും കേരളം കണ്ടത്. എന്നാൽ ഈ ക്രൂരതയുടെ യഥാർത്ഥരൂപം വ്യക്തമാക്കുന്ന ബസിന് പുറമെ നിന്നുള്ള ദൃശ്യങ്ങളാണ് ഇനി മനോരമ ന്യൂസ് പുറത്തുവിടുന്നത്.
ഈ മർദനത്തിന് ഒടുവിൽ എം.സച്ചിൻ, മുഹമ്മദ് അഷ്കർ എന്നീ യുവാക്കളെ ബസിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുന്നത് പുലർച്ചെ നാലേകാലോടെ. പിന്നെ മുക്കാൽ മണിക്കൂറോളം ബസ് ജീവനക്കാരും ഗുണ്ടകളും ചേർന്നുള്ള തേർവാഴ്ച. സുരേഷ് കല്ലട ഓഫീസ് മുതൽ വൈറ്റില ജംഗ്ഷൻ വരെയുള്ള ഏതാണ്ട് 500 മീറ്ററോളം യുവാക്കളെ ഓടിച്ചിട്ടടിച്ചു. രക്ഷപെടാൻ രണ്ടുപേരും വഴിപിരിഞ്ഞോടി. പക്ഷെ വഴിയിൽ കുഴഞ്ഞുവീണ സച്ചിനെ വീണ്ടും അക്രമിസംഘം തേടിപ്പിടിച്ചു. അതാണ് ഇക്കാണുന്നത്. തറയിൽ കുത്തിയിരുന്ന് പലവട്ടം സച്ചിൻ കൈകൂപ്പുന്നത് കാണാം. പിന്നെ തല്ലരുതെന്ന് കാൽപിടിച്ച് അപേക്ഷിക്കുന്നു, എന്നാൽ കരുണയില്ലാതെ അക്രമിസംഘം നിലത്തിട്ട് ചവിട്ടുമ്പോൾ തലയിടിച്ച് സച്ചിൻ പിന്നിലേക്ക് മറിയുന്നു. ഈ സമയമെല്ലാം അടിക്കാൻ പാകത്തിൽ ബിയർ കുപ്പിയും കയ്യിൽ തൂക്കിപ്പിടിച്ച് ഒരാൾ സ്ഥലത്ത് തന്നെയുണ്ട്.
അഞ്ചു മിനിറ്റോളം ഇങ്ങനെ തുടർന്ന ശേഷം സ്ഥലത്ത് ക്യാമറകളുണ്ടെന്ന് തിരിച്ചറിഞ്ഞ സംഘം സച്ചിനെ വലിച്ചിഴച്ച് മറ്റെവിടേക്കോ മാറ്റാൻ ശ്രമിക്കുന്നു. ഇതിനിടയിൽ കുതറിയോടാൻ ശ്രമിക്കുന്ന സച്ചിനെ വീണ്ടും വരുതിയിലാക്കാൻ അക്രമികളിലൊരാൾ ശ്രമിക്കുന്നു. കഷ്ടിച്ച് രക്ഷപെട്ട സച്ചിൻ ജീവന്‍ കയ്യിലെടുത്ത് പിടിച്ചെന്ന മട്ടിൽ ദേശീയപാത ഓടിക്കടക്കുന്ന രംഗം നെഞ്ചിടിപ്പോടെയേ കാണാൻ കഴിയൂ.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഞെട്ടലോടെ ചർച്ചചെയ്ത ഈ സംഭവങ്ങളുടെ പേരിൽ ഇതുവരെ പൊലീസ് പിടിയിലായവർ ഇവരാണ്. ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്നുള്ള വിഷ്ണു, കൊല്ലം ശൂരനാടുകാരൻ രാജേഷ്, മൺട്രോതുരുത്തിൽ നിന്നുള്ള ഗിരിലാൽ, കോയമ്പത്തൂർകാരൻ കുമാര്‍, കാരയ്ക്കൽ നിന്നുള്ള അൻവറുദീൻ തൃശൂർ കൊടകരയിൽ നിന്നുള്ള ജിതിൻ, ആറ്റിങ്ങൽകാരന്‍ ജയേഷ്. ഇനിയും യാത്രകളിൽ ഇവരെയെല്ലാം ബസിൽ കണ്ടുമുട്ടേണ്ടി വരാനിടയുള്ള പ്രേക്ഷകർ ഈ മുഖങ്ങൾ ഓർത്തുവയ്ക്കണം.