ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും രാത്രി തിരിച്ച് അതിരാവിലെ തിരുവനന്തപുരത്ത് കല്ലട ട്രാവല്‍സ് എത്തുന്നത് യാത്രക്കാരുടെ ജീവന്‍ ഏത് നിമിഷവും അപകടമായേക്കാവുന്ന സാഹചര്യത്തില്‍. ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കല്ലടയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ അജയ് മുത്താന തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുന്നു.
ഏഴെട്ടു കൊല്ലം മുന്‍പാണ് സംഭവം. ബാംഗ്‌ളൂരില്‍ നിന്നു നാട്ടിലേക്ക് വരാന്‍ ട്രെയിനൊന്നും കിട്ടാതെ വന്നപ്പോള്‍ കല്ലടയെ ശരണം പ്രാപിച്ചു. അവിടെയും ടിക്കറ്റില്ല. വേണമെങ്കില്‍ ഡ്രൈവറുടെ ക്യാബിനില്‍ ഇരുത്താമെന്ന് കഌനറുടെ ഔദാര്യം. ടിക്കറ്റ് ചാര്‍ജൊന്നും കുറവില്ല. ഗതികേടുകൊണ്ട് കയറി. നഗരം വിട്ട് രാത്രി ഭക്ഷണത്തിന് വണ്ടി നിര്‍ത്തി. അവിടെ നിന്ന് എടുത്തപ്പോള്‍ രണ്ടു പേരെക്കൂടി ഡ്രൈവര്‍ ക്യാബിനില്‍ കുത്തിനിറച്ചു.
വണ്ടി എടുക്കും മുമ്പ് ഡ്രൈവര്‍ തമ്പാക്കോ മറ്റോ കവര്‍ പൊട്ടിച്ചു വായിലേക്കിട്ടു. പിന്നെ കാലുകൊണ്ട് ഒരു വലിയ തടിക്കട്ട നീക്കി ആക്‌സിലറേറ്ററിനു മേല്‍ കയറ്റിവച്ചു. വണ്ടി അതിന്റെ പരമാവധി വേഗത്തിലേക്ക് ഇരമ്പിക്കയറി. ഇങ്ങനെയാണോ ഓടിക്കുന്നതെന്നു ചോദിച്ചപ്പോള്‍ പിന്നെങ്ങനെയാണ് രാവിലെ അഞ്ചിനും ആറിനുമൊക്കെ തിരുവനന്തപുരത്തെത്തുകയെന്ന മറുചോദ്യം. കൂടെ ഇരുന്നവരാരും ഇതൊന്നും കേട്ടതായി പോലും നടിച്ചില്ല. ജീവന്‍ കൈയില്‍ പിടിച്ച് അയാളുടെ അഭ്യാസത്തിനു സാക്ഷിയായി ഇരുന്നു.
ഉറക്കം വന്നതേയില്ല ആ രാത്രിയില്‍. ആ വണ്ടി ബ്രേക്ക് ചെയ്തത് അപൂര്‍വം സമയങ്ങളില്‍ മാത്രം. ബ്രേക്ക് ചെയ്യേണ്ടിടത്തൊക്കെ വെട്ടിയൊഴിച്ച് വണ്ടി കൊടുങ്കാറ്റുപോലെ മുന്നേറിക്കൊണ്ടിരുന്നു. അത്യാവശ്യം വരുമ്പോള്‍ ഡ്രൈവര്‍ തടിക്കട്ട തട്ടിമാറ്റി ബ്രേക്ക് ഇടുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തെത്തുമെന്ന് കരുതിയതല്ല ആ രാത്രിയില്‍. അതില്‍ പിന്നെ ഇത്തരം ബസ്സുകളില്‍ കഴിവതും കയറാറില്ല. പക്ഷേ, ഗതികേടിനു രണ്ടു തവണ കയറിയെന്നതും മറക്കുന്നില്ല.
രണ്ടാമത്തെ കഥ പറഞ്ഞത് ഇതുപോലൊരു ബസ്സിലെ ഡ്രൈവറായിരുന്ന സുഹൃത്താണ്. അതും നാലഞ്ചു കൊല്ലം മുന്‍പാണ്. അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല. ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന് ഒരു ബസ് തിരുവനന്തപുരത്തു നിന്നു ബാംഗഌരിലെത്തിച്ചാല്‍ 1200 രൂപയായിരുന്നു ശമ്പളം. തുടര്‍ച്ചയായി 15 ദിവസമാണ് ജോലി. അതു കഴിഞ്ഞാല്‍ 15 ദിവസം മറ്റേതെങ്കിലും വണ്ടി ഓടിക്കാന്‍ പോകും. ബാംഗഌരിലേക്കു രണ്ടു ഡ്രൈവര്‍മാരെ കമ്പനി അനുവദിക്കില്ല. വേണമെങ്കില്‍ കിട്ടുന്ന 1200ന്റെ പകുതി കൊടുത്ത് ഒരാളെ ഡ്രൈവര്‍ക്കു തന്നെ കൂട്ടാം. അതു കൈനഷ്ടമായതിനാല്‍ തനിപ്പിടി തന്നെ ശരണം.
ഉച്ചയ്ക്കു മൂന്നു മണിക്കു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് രാവിലെ ഏഴിനോ എട്ടിനോ ബാംഗഌരിലെത്തും. അതുവരെ ഡ്രൈവര്‍ ഉറങ്ങാതെ കാവലിരിക്കുന്നത് കഌനറാണ്. വണ്ടി മടിവാളയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഒതുക്കണം. പിന്നെ കഌനര്‍ വണ്ടി തൂത്തു കഴുകി വൃത്തിയാക്കണം. രാവെളുക്കുവോളം കൂട്ടിരുന്ന കഌനറെ സഹായിക്കേണ്ടത് ഉത്തരവാദിത്വമായി കരുതി ഡ്രൈവര്‍ സുഹൃത്ത് വണ്ടി കഴുകിക്കൊടുക്കാന്‍ കൂടും. അതും കഴിഞ്ഞ് എന്തെങ്കിലും കഴിച്ച് വണ്ടിയില്‍ തന്നെ ചുരുണ്ടു കൂടും. അപ്പോള്‍ സമയം പകല്‍ പതിനൊന്നെങ്കിലും ആകും. പിന്നെ മൂന്നു മണിക്കൂറാണ് ഉറക്കം. വീണ്ടും രണ്ടു മണിക്ക് എഴുന്നേറ്റ് തിരിച്ചോടാന്‍ തയ്യാറെടുക്കണം.
നഗരത്തില്‍ ട്രാഫിക് കുരുക്കുണ്ടെങ്കില്‍ വണ്ടി പാര്‍ക്കിംഗ് ഗ്രൗണ്ടിലെത്താന്‍ വൈകും. എത്ര വൈകുന്നോ അത്രയും ഉറക്കം കുറയുന്നു. തിരുവനന്തപുരത്തെത്തിയാലും ഇതു തന്നെ അവസ്ഥ. ആദ്യത്തെ രണ്ടുമൂന്നു ദിവസം പിടിച്ചു നില്‍ക്കും. പിന്നെ പകലും പാതി മയക്കത്തിലാണ് നടക്കുക. ലഹരിപ്പൊടികള്‍ വായിലിട്ടു നുണഞ്ഞും വേണ്ടെങ്കിലും വെള്ളം കുടിച്ചുമൊക്കെ വണ്ടിയോടിക്കും.
അപകടമൊന്നും പറ്റാത്തത് യാത്രക്കാരുടെ കൂടി ഭാഗ്യം കൊണ്ടാവാമെന്നാണ് ആ ചെറുപ്പക്കാരന്‍ പറഞ്ഞത്. മാനേജ്‌മെന്റ് അറിയാതെ കടത്തുന്ന ചില ചെറിയ പാര്‍സലുകളില്‍ നിന്നു കിട്ടുന്ന ചില്ലറയും ഭക്ഷണത്തിനു നിര്‍ത്തുന്നിടത്തെ ഹോട്ടലുകാര്‍ തരുന്ന കൈമടക്കുമൊക്കെയാണ് മിച്ചം. മറ്റൊരു പണിയും കിട്ടാത്തതുകൊണ്ടും അറിയാത്തതുകൊണ്ടും വണ്ടിക്കാരനായി തുടരുകയാണെന്നാണ് അന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞത്.