കല്ലട സുരേഷ് ബസില്‍ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ക്രൂര മര്‍ദനം ജനമറിഞ്ഞതോടെ ബസ് മുതലാളിമാര്‍ കൂട്ടത്തോടെ പെട്ടിരിക്കുകയാണ്. വിവിധയിടങ്ങളില്‍ നിര്‍ത്തി യാത്രക്കാരെയെടുക്കുന്നതടക്കം അനധികൃത സര്‍വിസ് നടത്തുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗതാഗതവകുപ്പ് നിര്‍ദേശം. തെരഞ്ഞെടുപ്പിനുശേഷം പെര്‍മിറ്റ് റദ്ദാക്കലടക്കം നടപടി സ്വീകരിക്കാനാണ് ഗതാഗത കമീഷണറേറ്റിന്റെ തീരുമാനം. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുക്കുന്ന സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് സമാന്തരം സര്‍വിസ് നടത്തുകയാണ്.
ഒരു സ്ഥലത്തുനിന്ന് കൂട്ടമായി ആളെയെടുത്ത് മറ്റൊരിടത്ത് എത്തിക്കാന്‍ മാത്രമാണ് ഈ പെര്‍മിറ്റില്‍ അനുമതി. ടിക്കറ്റ് കൊടുക്കാന്‍ പാടില്ല. പോയന്റുകളില്‍ നിര്‍ത്തി യാത്രക്കാരെയെടുക്കരുത്. യാത്രക്കാരെ പല സ്ഥലങ്ങളില്‍നിന്ന് കയറ്റി പല സ്ഥലങ്ങളില്‍ ഇറക്കുന്നതിനും ടിക്കറ്റ് നല്‍കി സര്‍വിസ് നടത്തുന്നതിനും കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാണ് അനുമതി. എന്നാല്‍, നിയമലംഘനം മറയിടുന്നതിന് സ്വകാര്യ വെബ്‌സൈറ്റുകളുമായി കരാറുണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരെ കൂട്ടമായി ബസുകള്‍ക്ക് നല്‍കും.
യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നെന്ന നിയമപ്രശ്‌നം ഇങ്ങനെയാണ് മറികടക്കുന്നത്. എന്നാല്‍, സ്വകാര്യബസുകള്‍ തന്നെ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ എത്തുന്ന സമയക്രമം പരസ്യപ്പെടുത്തി, റിസര്‍വേഷന്‍ നല്‍കുന്നതാണ് പുതിയ പ്രവണത. നടപടിയെടുക്കേണ്ടവരാകട്ടെ, കണ്ണടച്ചതോടെ ഇവര്‍ തഴച്ചുവളര്‍ന്നു. സംസ്ഥാനത്ത് 300 ലധികം അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെന്നാണ് വിവരം.
മൂന്ന് മാസത്തിലൊരിക്കല്‍ 60,000 70,000 രൂപ ഇവര്‍ നികുതിയടക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തിനകത്ത് പെര്‍മിറ്റുള്ള സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ക്ക് പുറമെയാണിത്. വിവാഹം, വിനോദയാത്ര, തീര്‍ഥാടനം എന്നീ ആവശ്യങ്ങള്‍ക്കുള്ള ഈ ബസുകളും ടിക്കറ്റ് റിസര്‍വ് ചെയ്ത് സംസ്ഥാനത്തിനകത്ത് സര്‍വിസ് നടത്തുന്നുണ്ട്. ഇവര്‍ക്കെതിരെയും നടപടിയെടുക്കാനാണ് തീരുമാനം.
അന്തര്‍സംസ്ഥാന സര്‍വിസ് നടത്തി കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ബസുകള്‍ പലതും പ്രവര്‍ത്തിക്കുന്നത് നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തിയാണ്. ചില സര്‍വിസുകള്‍ മാത്രം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭൂരിഭാഗവും സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കുന്നതില്‍ വന്‍ പരാജയമാണ്. ഇത്തരം ബസുകള്‍ക്കെതിരെ നിരന്തരം പരാതികള്‍ ഉയരുമ്പോഴും നടപടിയുണ്ടാകാറില്ല.
രാഷ്ട്രീയ നേതൃത്വങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായുമുള്ള അവിശുദ്ധ ബന്ധമാണ് ബസുടമകള്‍ നിയമലംഘനങ്ങള്‍ക്ക് മറയാക്കുന്നത്. പ്രതിദിനം അഞ്ഞൂറിലധികം ബസുകള്‍ കേരളത്തിനും ഇതര സംസ്ഥാനങ്ങള്‍ക്കുമിടയില്‍ സര്‍വിസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓരോ റൂട്ടിലും നിശ്ചിത നിരക്കാണ് ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ തിരക്കനുസരിച്ച് തോന്നിയ നിരക്കാണ്.
ബസുകളില്‍ ഭൂരിഭാഗവും കര്‍ണാടക മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ ഇവിടെ മൂന്ന് മാസം കൂടുമ്പോള്‍ നികുതി അടക്കുന്നതിന് പുറമെ ഇതരസംസ്ഥാനത്ത് ഒരു ദിവസം പോയി വന്നാലും അവിടെ ഒരു വര്‍ഷത്തെ നികുതി ഒരുമിച്ച് നല്‍കണം. അതേസമയം മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്താല്‍ രണ്ടിടത്തും വര്‍ഷത്തില്‍ നാല് തവണകളായി നികുതി അടക്കാന്‍ അവസരം ലഭിക്കും. ഈ സൗകര്യം മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നത്. മാത്രമല്ല, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കം രേഖകള്‍ ലഭിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നടപടികള്‍ ലളിതവുമാണ്.
കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റിന്റെ മറവിലാണ് ഇത്തരം ബസുകള്‍ സര്‍വിസ് നടത്തുന്നത്. യാത്രക്കാരില്‍നിന്ന് പണം നേരിട്ട് വാങ്ങാതെ ഏജന്‍സികളെ ചുമതലപ്പെടുത്തുകയും തുടര്‍ന്ന് ആളുകളെ നിശ്ചിത സ്ഥലത്ത് എത്തിക്കാന്‍ ഏജന്‍സിയുമായി ഉണ്ടാക്കുന്ന കരാര്‍ വഴി സര്‍വിസ് നടത്തുകയുമാണ് ചെയ്യുന്നത്. തുണിത്തരങ്ങളും പൂക്കളും മുതല്‍ നിരോധിത ഉല്‍പന്നങ്ങള്‍ വരെ ഇത്തരം ബസുകള്‍ വഴി കടത്തുന്നതായി നേരത്തേതന്നെ പരാതിയുണ്ട്. എല്ലാത്തിനും പൂട്ടിടാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. അങ്ങനെ കല്ലടകാരണം എല്ലാ ബസ്മുതലാളിമാരും വെട്ടിലായിരിക്കുകയാണ്.