തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്കടുത്തുള്ള താണിശ്ശേരി എന്ന സ്ഥലത്താണ് ഇന്ന് കല്ലട ഗ്രൂപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ബിസിനസ്സ് ഗ്രൂപ്പിന്റെ തുടക്കം. അച്ഛൻ കെ വി രാമകൃഷ്ണൻ ബിസിനസിലേക്ക് കാലെടുത്തു വെക്കുന്നത് 1975-ലാണ് . സുനിൽ കുമാർ, ശൈലേഷ് കുമാർ, സുരേഷ് കുമാർ, സജീവ് കുമാർ, സന്തോഷ് കുമാർ എന്നിങ്ങനെ അഞ്ചുമക്കളായിരുന്നു രാമകൃഷ്ണന്.
മൂത്തമകനായ സുനിലിന്റെ പേരിൽ 1975 മെയ് 21 -ന് അദ്ദേഹം തുടങ്ങിവെച്ച സുനിൽ എന്റർപ്രൈസസ് എന്ന സ്ഥാപനമാണ് പിൽക്കാലത്ത് കല്ലട കുടുംബത്തിന്റെ പേരിലുള്ള അനവധി സ്ഥാപനങ്ങളുടെ മുൻഗാമി.തുടർന്നങ്ങോട്ട് വെളിച്ചെണ്ണ നിർമ്മാണം, ജൂവലറി, ട്രാവൽ ആൻഡ് ടൂറിസം, ടെക്‌സ്‌റ്റൈൽസ് എന്നിങ്ങനെ നിരവധി ബിസിനസുകൾ അദ്ദേഹം തുടങ്ങിയെങ്കിലും, കാര്യമായ ഉന്നമനമുണ്ടാവാൻ കാരണമായത് അബ്‌കാരി ബിസിനസായിരുന്നു. ചാരായമായിരുന്നു പ്രധാന ഉത്പന്നം. രാമകൃഷ്ണനോടൊപ്പം അഞ്ചു മക്കളും ബിസിനസ്സിൽ പങ്കാളികളായിരുന്നു.
1996 -ലാണ് ആദ്യമായി കൊടുങ്ങല്ലൂർ -ബാംഗ്ലൂർ റൂട്ടിൽ ഒരു സാധാരണ ലെയ്ലാൻഡ് ബസ് ഓടിച്ചുകൊണ്ട് അവർ അന്തർ സംസ്ഥാന ബസ് സർവീസ് തുടങ്ങുന്നത്. അന്ന് അങ്ങനെ ഒരു സങ്കൽപം തന്നെ ഇല്ലാതിരുന്ന ഒരു കാലമാണെന്നോർക്കണം. കെഎസ്ആർടിസിയുടെ ചുരുക്കം ചില ബസ്സുകൾ, അതും പ്രധാന പട്ടണങ്ങളിൽ നിന്നും മാത്രം പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത് ഇവർ തുടങ്ങി വെച്ച സർവീസ് ഏറെ ലാഭകരമായി.
1996 -ൽ കേരളത്തിൽ മുഖ്യമന്ത്രി ആന്റണി ചാരായം നിരോധിക്കുന്നതോടെ കല്ലട ഗ്രൂപ്പിന്റെ പ്രധാന വരുമാന മാർഗ്ഗം നിലയ്ക്കുന്നു. അതോടെ അവർ ബസ് സർവീസ് രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങുന്നു. അപ്പോഴേക്കും പക്ഷേ, കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും നിന്നുള്ള ഓപ്പറേറ്റർമാർ രംഗത്ത് സജീവമായിക്കഴിഞ്ഞിരുന്നു. അവർക്കിടയിൽ കടുത്ത മത്സരങ്ങളും തുടങ്ങിയിരുന്നു. അതിനെയൊക്കെ അതിജീവിക്കാൻ അബ്‌കാരി ബിസിനസിലെ പരിചയം അവരെ സഹായിച്ചു. അഞ്ചുമക്കളിൽ കല്ലട സുരേഷ് എന്നറിയപ്പെടുന്ന കെ ആർ സുരേഷ് കുമാർ ബസ് സർവീസ് ബിസിനസിൽ പ്രത്യേകിച്ചൊരു താത്പര്യം വച്ച് പുലർത്തിയിരുന്നു.
2003 -ൽ, വാർധക്യസഹജമായ അസുഖങ്ങളോടെ അച്ഛൻ രാമകൃഷ്ണൻ മരണപ്പെടുന്നതോടെ മക്കളുടെ ഐക്യത്തിൽ വിള്ളൽ വീഴുന്നു. അച്ഛൻ സമ്പാദിച്ചു കൂട്ടിയ അളവറ്റ സ്വത്തിന്റെ നിയന്ത്രണം സംബന്ധിച്ചുടലെടുത്ത തർക്കങ്ങളുടെ പേരിൽ കല്ലട ഗ്രൂപ്പ് രണ്ടായി പിളർന്നു. കല്ലട സുരേഷിന്റെ പേരിൽ ഒന്നാം ഗ്രൂപ്പും മറ്റു നാല് സഹോദരങ്ങൾ ഒറ്റക്കെട്ടായുള്ള കല്ലട G-4 എന്ന രണ്ടാം ഗ്രൂപ്പും. കല്ലട സുരേഷ് ബസ് സർവീസിൽ മാത്രം ശ്രദ്ധിച്ചപ്പോൾ, അച്ഛന്റെ ബാറുകളും, ടെക്സ്റ്റൈൽസും മറ്റുള്ള ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ബാക്കിയുള്ള അഞ്ചു മക്കളും ചേർന്ന് നിയന്ത്രിച്ചുതുടങ്ങി.
അന്തർ സംസ്ഥാന ബസ് സർവീസുകൾ പച്ചപിടിച്ചു വരുന്ന കാലത്ത് മറ്റുള്ള സ്ഥാപനങ്ങൾക്കെല്ലാം മുന്നേ തന്നെ നിരവധി ബസ്സുകൾ വാങ്ങിക്കൂട്ടി സർവീസുകൾ വിപുലീകരിച്ചതുകൊണ്ട് വളരെ ശക്തമായ സാന്നിദ്ധ്യം കല്ലട സുരേഷ് ഗ്രൂപ്പിന് ഇന്ന് ഈ മേഖലയിലുണ്ട്. 130 -ലധികം ബസ്സുകളുണ്ട് സുരേഷ് ഗ്രൂപ്പിന് മാത്രമായി. ഇതിൽ മൾട്ടി ആക്സിൽ വോൾവോകളും, എസി സ്ലീപ്പറുകളും ഒക്കെ ഉൾപ്പെടും. സ്‌കാനിയ ബസ്സുകൾ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ കാലത്തുതന്നെ ഒറ്റയടിക്ക് 20 സ്‌കാനിയ മൾട്ടി ആക്സിൽ ബസ്സുകളാണ് സുരേഷ് കല്ലട ഗ്രൂപ്പ് തങ്ങളുടെ ഫ്‌ലീറ്റിലേക്ക് വാങ്ങിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ ഓടുന്ന കല്ലടയുടെ ബസ്സുകളിൽ ഒന്ന് കേടുവന്നതിനെത്തുടർന്ന് ജീവനക്കാരും യാത്രക്കാരും തമ്മിൽ കലഹമുണ്ടായിരുന്നു. തുടർന്ന് ജീവനക്കാർ സംഘം ചേർന്ന് യാത്രക്കാരിൽ രണ്ടുപേരെ ക്രൂരമായി മർദ്ദിക്കുകയും ബസ്സിൽ നിന്നും ഇറക്കി വിടുകയും ചെയ്തത് വിവാദമായതോടെയാണ് കല്ലട ഗ്രൂപ്പും, സുരേഷ് കല്ലടയും വീണ്ടും ചർച്ചയ്ക്ക് വിഷയമാവുന്നത്.
കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവ്വീസിലെ 3 ജീവനക്കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈറ്റില ഹബ്ബിൽ വെച്ച് അർദ്ധരാത്രി സംഘം ചേർന്ന് യാത്രക്കാരെ മർദ്ദിച്ചവരെ വെറുതെ വിടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
യാത്രക്കാരിലൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച ദുരനുഭവം വാർത്തയായതോടെയാണ് കർശന നടപടി തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ജയേഷ്, ജിതിൻ, ഗിരിലാൽ എന്നിവർക്കെതിരെ സംഘം ചേർന്ന മർദ്ദിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കമ്പനി മാനേജരോട് നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വൈറ്റിലയിൽ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്,പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂർ സ്വദേശിയെയും മർദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സിൽ നിന്ന് ഇറക്കി വിട്ടു.തുടർന്ന് ഇയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടി തുടങ്ങിയത്.
കല്ലട ബസിൻറെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മീഷണർ സുധേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിത്വം കൂടി മുൻനിർത്തിയാണ് വാഹനങ്ങള്‍ക്ക് പെർമിറ്റ് നൽകുന്നത്. നിയമം പാലിക്കാതെ സർവ്വീസ് നടത്തുന്ന അന്തർസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കർശന പരിശോധന ആരംഭിക്കുമെന്നുംഗതാഗത കമ്മീഷണർ സുധേഷ് കുമാർ പറഞ്ഞു.