ഒരു കുഞ്ഞിന്റെ സംരക്ഷകര്‍ എന്നു പറയുന്നത് മാതാപിതാക്കള്‍ തന്നെയാണ്. അതില്‍ മുഖ്യപങ്ക് മറ്റാര്‍ക്കുമല്ല, സ്വന്തം അമ്മയ്ക്ക് തന്നെയാണ്. അതിന് തെളിവാകുകയാണ് പൂനെയിലെ സംഭവം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലി കടിച്ചെടുത്ത് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ അമ്മ ദിപാലി സ്വന്തം ജീവന്‍ പണയപ്പെടുത്തി മകനെ പുലിയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
പൂനൈയില്‍ നിന്നും തൊണ്ണൂറു കിലോമീറ്റര്‍ അകലെയുള്ള ദോള്‍വാഡ് ഗ്രാമത്തിലാണ് സംഭവം. വന്യമൃഗങ്ങളുടെ ശല്യമുള്ള കാടിനോട് ചേര്‍ന്ന പ്രദേശമാണിത്. ഭര്‍ത്താവിനൊപ്പമാണ് ദിപാലിയുടെ താമസം. കഴിഞ്ഞ ദിവസം രാത്രിയില്‍ ചൂട് കാരണം ദിപാലി കുഞ്ഞിനോടൊപ്പം വീടിന്റെ വരാന്തയിലാണ് കിടന്നത്. സമയം ഒന്നരയോടെ അടുത്തപ്പോള്‍ ഒരു മുരള്‍ച്ച കേട്ടുകൊണ്ടാണ് ദിപാലി ഞെട്ടി ഉണര്‍ന്നത്.
കണ്ണുതുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒന്നരവയസായ കുഞ്ഞിന്റെ തല പുലി കടിച്ചു വലിക്കുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുക എന്ന ഏക ലക്ഷ്യം മാത്രമായിരുന്നു ദിപാലിയുടെ മനസില്‍ ഉണ്ടായിരുന്നത്. കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഒറ്റ കൈകൊണ്ട് പുലിയെ തലങ്ങും വിലങ്ങും ഇവര്‍ ആക്രമിച്ചു. കുഞ്ഞിനെ വിട്ട് പുലി ദിപാലിയുടെ കൈയ്യില്‍ ആഞ്ഞുകടിച്ചു.
അപ്പോഴും കുഞ്ഞിനെ ഇവര്‍ മുറുകെ പിടിച്ചു. ദീപാലിയുടെ നിലവിളി കേട്ട് അപ്പോഴേക്കും ഭര്‍ത്താവും സമീപവാസികളും ഉണര്‍ന്നു. എല്ലാവരും ഒരുമിച്ച് പുലിയ വിരട്ടിയോടിച്ച് ഇരുവരെയും രക്ഷിച്ചു. കുഞ്ഞിന്റെ കഴുത്തിലും തലയിലും പുലി കടിച്ച പാടുണ്ട്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വിട്ടയച്ച കുഞ്ഞ് ഇപ്പോള്‍ സുരക്ഷിതനാണ്.