യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസിൽ കല്ലട ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കി. കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. കല്ലട ഗ്രൂപ്പിന്‍റെ എല്ലാ ബസുകളുടെയും രേഖകള്‍ പരിശോധിക്കുമെന്നും അറിയിച്ചു.
യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലുമായി. മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. കല്ലട ബസ് പൊലീസ് പിടിച്ചെടുക്കും. പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും. കല്ലട ബസിന്റെ ഉടമയെ വിളിച്ച് വരുത്താന്‍ പൊലീസ് തീരുമാനിച്ചു. എഡിജിപി മനോജ് എബ്രഹാമിന് ഡി.ജി.പി നിര്‍ദേശം നല്‍കി. കമ്പനി പ്രതിനിധികളോട് പൊലീസ് ആസ്ഥാനത്ത് ഹാജരാകാനും നിര്‍ദേശമുണ്ട്. സര്‍വീസ് നിര്‍ത്തലാക്കാനുള്ള നടപടികള്‍ ഗതാഗത കമ്മീഷണറുമായി സംസാരിച്ചെന്നും ഡിജിപി പറഞ്ഞു.
കല്ലടയുടെ ആക്രമണത്തിൽ ഗതാഗത കമ്മിഷണറോട് മന്ത്രി എ കെ ശശീന്ദ്രൻ റിപ്പോർട്ട് തേടിയിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വ്യവസ്ഥകൾ ലംഘിച്ച് ബസ് സർവീസ് നടത്തിയെന്നാണ് വിവരം. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ശശീന്ദ്രൻ കോഴിക്കോട് മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ഇന്നലെ ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് കല്ലട ബസ് ജീവനക്കാരില്‍നിന്ന് നേരിടേണ്ടി വന്നത് അതിക്രൂര മര്‍ദനമാണ്. ബസ് ജീവനക്കാരും ഗുണ്ടകളും ഉള്‍പ്പെടെ പതിനഞ്ചോളംപേര്‍ വൈറ്റിലയില്‍വച്ച് ക്രൂരമായി മര്‍ദിച്ചെന്ന് ഇരയായ യുവാവ് അജയഘോഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ഫോണും പെട്ടിയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. തലയ്ക്ക് കരിങ്കല്ല് കൊണ്ടെറിഞ്ഞു. കല്ലട സുരേഷേട്ടനെതിരെ പൊലീസില്‍ പരാതി കൊടുക്കുമോ എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്നും അദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.