Breaking News
Home / Lifestyle / ‘ധോനി ഹേറ്റേഴ്സ് ‘എന്ന വിഭാഗത്തിനോട് സത്യത്തിൽ സഹതാപമാണ്

‘ധോനി ഹേറ്റേഴ്സ് ‘എന്ന വിഭാഗത്തിനോട് സത്യത്തിൽ സഹതാപമാണ്

143.7 KPH !

ഡെയിൽ സ്റ്റെയിനിൻ്റെ ഡെലിവെറിയുടെ വേഗത സ്പീഡ് ഗൺ അളന്നപ്പോഴേക്കും സുരേഷ് റെയ്നയുടെ സ്റ്റംമ്പുകളുടെ സ്ഥാനം തെറ്റിക്കഴിഞ്ഞിരുന്നു.വെറ്ററൻ പേസ് ബൗളറുടെ യോർക്കർ ചിന്നത്തലയ്ക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമായിരുന്നു.ബൗൺസർ പ്രതീക്ഷിച്ചുനിന്ന റെയ്നയുടെ ബാറ്റ് താഴെയെത്തിയപ്പോഴേക്കും വെള്ളപ്പന്ത് അതിൻ്റെ ലക്ഷ്യം കണ്ടിരുന്നു.സ്റ്റെയിൻ അലറിക്കൊണ്ട് ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പുണർന്നു.ഷെയ്ൻ വാട്സൻ അതിനുമുമ്പേ തന്നെ സ്റ്റെയിനിനോട് അടിയറവു പറഞ്ഞിരുന്നു.ആ പേസും ലെയ്റ്റ് സ്വിങ്ങും സീം പൊസിഷനും കണ്ട് വിദഗ്ദർ അതിശയിച്ചുനിന്നു !

അടുത്ത ഊഴം ഉമേഷ് യാദവിൻ്റേതായിരുന്നു.ഫാഫ് ഡ്യൂപ്ലെസ്സിയും കേദാർ ജാദവും ഉമേഷിനെതിരെ മോശം ഷോട്ട് കളിച്ച് പുറത്തായി.മിഡ്-ഒാഫിൽ ചോരാത്ത കരങ്ങളുമായി സാക്ഷാൽ എ.ബി ഡിവില്ലിയേഴ്സ് നിൽക്കുമ്പോൾ പിഴവുകൾക്ക് സ്ഥാനമില്ലായിരുന്നു.എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 162 എന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് 28/4 എന്ന നിലയിൽ പതറി.

ആർ.സി.ബി സ്കിപ്പർ വിരാട് കോഹ്ലി സന്തുഷ്ടനായിരുന്നു.സി.എസ്.കെയ്ക്കെതിരെ ഒരു എെ.പി.എൽ വിജയം ബാംഗ്ലൂർ നേടിയിട്ട് അഞ്ചുവർഷങ്ങൾ കഴിഞ്ഞിരുന്നു.2019 സീസണിലെ ഉദ്ഘാടനമത്സരത്തിൽ കേവലം 70 റണ്ണുകൾക്ക് ഒാളൗട്ടായതിൻ്റെ നാണക്കേട് ചെമ്പട മറന്നിരുന്നില്ല.കളിച്ച ഒമ്പതു മത്സരങ്ങളിൽ നിന്ന് രണ്ടു വിജയങ്ങൾ മാത്രമുള്ള ബാംഗ്ലൂരിന് ഒരു തോൽവി കൂടി വഴങ്ങാനാവില്ലായിരുന്നു.

പക്ഷേ വിരാടിനും ജയത്തിനും ഇടയിൽ ശക്തനായ ഒരു മനുഷ്യൻ നിൽക്കുന്നുണ്ടായിരുന്നു.അയാൾ സി.എസ്.കെയുടെ കപ്പിത്താനായിരുന്നു.പേര് മഹേന്ദ്രസിംഗ് ധോനി !

ധോനിയുടെ മനസ്സ് നീറിപ്പുകയുകയായിരുന്നു.പുറംവേദന മൂലം അയാൾ പുറത്തിരുന്ന കളിയിൽ ചെന്നൈ ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു.ധോനിയില്ലാതെ ജയിക്കാൻ പ്രയാസമാണെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ് സമ്മതിക്കുകയും ചെയ്തിരുന്നു.പക്ഷേ തിരിച്ചെത്തിയ നായകനെ പിന്തുണയ്ക്കാൻ ടീം മറന്നുപോയി.എങ്കിലും ഇതെല്ലാം ആലോചിച്ച് വിഷമിക്കാനുള്ള സമയം ധോനിയുടെ കൈവശം ഇല്ലായിരുന്നു.ഒരു വലിയ ദൗത്യം അയാൾക്കുമുമ്പിലുണ്ടായിരുന്നു.184 എെ.പി.എൽ മത്സരങ്ങളുടെ പരിചയസമ്പത്തുമുഴുവൻ ഉപയോഗിക്കേണ്ടതുണ്ടായിരുന്നു.

145.3 കിലോമീറ്റർ വേഗതയുള്ള ഒരു പന്തിലൂടെയാണ് ഉമേഷ് ധോനിയെ സ്വീകരിച്ചത്.ആ ഡെലിവെറി അതിനേക്കാൾ സ്പീഡിൽ ഫെൻസിലേക്ക് പറന്നു ! അതൊരു സൂചനയായിരുന്നു.ഗാർഡൻ സിറ്റിയിൽ ചാമ്പ്യൻ ബാറ്റ്സ്മാൻ കാലുകുത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിൻ്റെ സൂചന !

പവൻ നേഗി ധോനിയെ ഫ്ലൈറ്റിലൂടെ കബളിപ്പിച്ചു.പക്ഷേ ആ പിൻകാൽ സ്റ്റംമ്പിങ്ങിന് അവസരംനൽകാതെ സുരക്ഷിതമായി ക്രീസിലുണ്ടായിരുന്നു ! നേഗിയ്ക്ക് ലൈനിൽ പിഴച്ചപ്പോൾ പന്ത് ബൗണ്ടറിയിലെത്തി.ഷോർട്ട്ബോളിലൂടെ മെരുക്കാൻ ശ്രമിച്ച മാർക്കസ് സ്റ്റോയിനിസിനെ പുൾഷോട്ടിലൂടെ നേരിട്ടു.അവസാന 10 ഒാവറുകളിൽ ചെന്നൈയ്ക്ക് 105 റണ്ണുകൾ വേണ്ടിയിരുന്നു.പക്ഷേ എം.എസ്.ഡി ക്രീസിലുള്ളിടത്തോളം അവർക്ക് പ്രതീക്ഷയുണ്ടായിരുന്നു.

മറുവശത്ത് അമ്പാട്ടി റായുഡു തപ്പിത്തടയുകയായിരുന്നു.അധികം വൈകാതെ യജുവേന്ദ്ര ചാഹൽ റായുഡുവിൻ്റെ ബുദ്ധിമുട്ടുകൾക്ക് അറുതിവരുത്തി.കപ്പൽ പാതിയും മുങ്ങിയപ്പോഴും ധോനി തൻ്റെ നിസ്സംഗത കൈവിട്ടില്ല ! മൂന്നും നാലും ആർ.സി.ബി ഫീൽഡർമാർ പന്തിനുപുറകെ പാഞ്ഞിട്ടും ധോനിയുടെ ഡബിളിനെ തടുക്കാനായില്ല.ഡ്രിഫ്റ്റും ടേണും ബൗൺസും കൊണ്ട് റായുഡുവിനെ കീഴ്പ്പെടുത്തിയ ചാഹൽ ധോനിയ്ക്കെതിരെ എറിഞ്ഞ ഒരു പന്ത് സെെറ്റ് സ്ക്രീനിനുമുകളിൽ നിന്നാണ് കണ്ടെടുത്തത് !

പക്ഷേ നിർഭാഗ്യം വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.രവീന്ദ്ര ജഡേജ ധോനിയുമായുള്ള ആശയക്കുഴപ്പത്തിനിടെ റണ്ണൗട്ടായി.ധോനിയെ വീഴ്ത്താൻ സാക്ഷാൽ സ്റ്റെയിൻ തന്നെ വന്നു.ലെജൻ്ററി പേസർ തന്ത്രപൂർവ്വം ഒരു സ്ലോ ഒാഫ്-കട്ടർ എറിഞ്ഞു.എന്നാൽ ധോനിയുടെ ചിന്തകൾ അതിനേക്കാൾ മുകളിലായിരുന്നു ! മിഡ്-ഒാണിനുമുകളിലൂടെ സിക്സർ ! ആ ഷോട്ടിലൂടെ ധോനിയുടെ അർദ്ധശതകവും പൂർത്തിയായി.പക്ഷേ സി.എസ്.കെ ക്യാപ്റ്റൻ അതൊന്നും ശ്രദ്ധിച്ചില്ല.അയാളുടെ ലക്ഷ്യം ടീമിൻ്റെ വിജയം മാത്രമായിരുന്നു.

അവസാന ഒാവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 26 റണ്ണുകളാണ്.ക്രീസിൽ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറുണ്ടായിരുന്നു.എറിയാനെത്തിയത് വളരെ മോശം ഡെത്ത് ബൗളറും-ഉമേഷ് യാദവ്.പക്ഷേ ഒരോവറിൽ ഇത്രയേറെ റണ്ണുകൾ നേടുക എന്നത് ഏതാണ്ട് അസാദ്ധ്യം തന്നെയായിരുന്നു.രണ്ടോ മൂന്നോ പന്തുകൾക്കുള്ളിൽ കളിയുടെ കാര്യം തീരുമാനമാകുമെന്ന് സകലരും കരുതി.ഒരുപക്ഷേ അങ്ങനെ വിശ്വസിക്കാതിരുന്ന ഒരേയൊരാളെ ഈ ലോകത്തിൽ ഉണ്ടായിരുന്നുള്ളൂ.അത് ധോനിയായിരുന്നു !

ഉമേഷ് ഒാരോ തവണയും വാശിയോടെ ഒാടിയടുത്തു.പന്തുകളുടെ വേഗത വർദ്ധിച്ചുകൊണ്ടിരുന്നു.ലെങ്ത്തും മാറിക്കൊണ്ടിരുന്നു.ബൗണ്ടറി കാവലിന് ഏറ്റവും മികച്ച ഫീൽഡർമാരായ വിരാടും എ.ബി.ഡിയും ഉണ്ടായിരുന്നു.പക്ഷേ പന്തുകൾ ഒാരോന്നോരോന്നായി പുറത്തെത്തിക്കൊണ്ടിരുന്നു ! ഒരെണ്ണം 111 മീറ്റർ അകലെ ചിന്നസ്വാമിയുടെ മേൽക്കൂരയിലാണ് ചെന്നുപതിച്ചത് !! റാഞ്ചിക്കാരൻ്റെ കൈക്കരുത്ത് കണ്ട് എല്ലാവരും വിസ്മയിച്ചുനിന്നു !!

അവസാന പന്തിൽ രണ്ടു റൺസ് മാത്രം മതി എന്ന നിലയിലായി കാര്യങ്ങൾ.പക്ഷേ അവിടെ ധോനിയ്ക്ക് പിഴച്ചു.പന്ത് ബാറ്റിൽ കൊള്ളിക്കാനായില്ല.അയാളും മനുഷ്യനാണെന്ന് ഒാർമ്മപ്പെടുത്തുന്നതിനുവേണ്ടിയാകാം ! ഒരു സിംഗിൾ എടുത്താൽ ടൈ നേടാമായിരുന്നു.പക്ഷേ ആർ.സി.ബി വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ അതിന് അനുവദിച്ചില്ല.ഉന്നം പിഴയ്ക്കാത്ത ഒരു തകർപ്പൻ ത്രോയിലൂടെ റണ്ണൗട്ടും ബാംഗ്ലൂരിൻ്റെ അവിശ്വസനീയമായ ജയവും അയാൾ സൃഷ്ടിച്ചെടുത്തു !

ഇത്രനേരത്തെ തൻ്റെ കഠിനമായ പ്രയത്നം മുഴുവനും ഒരു നിമിഷം കൊണ്ട് പാഴായിപ്പോയിട്ടും ധോനി സമചിത്തതയോടെ ഡഗ്-ഒൗട്ടിലേക്ക് തിരിച്ചുനടന്നു.കളി ജയിച്ചിരുന്നുവെങ്കിൽപ്പോലും അയാൾ അങ്ങനെയേ പെരുമാറുമായിരുന്നുള്ളൂ.അതുകൊണ്ടാണ് ക്രിക്കറ്റ് സമൂഹം ആ മനുഷ്യനെ ആദരവോടെ ‘ക്യാപ്റ്റൻ കൂൾ’ എന്ന് വിളിക്കുന്നത്.ധോനി ആർക്കും പിടികൊടുക്കില്ല.മനുഷ്യസഹജമായ വികാരങ്ങൾ പോലും അയാളെ സ്പർശിക്കാൻ പ്രയാസപ്പെടും !

ധോനിയുടെ സംഹാരതാണ്ഡവം ഏറ്റവും കൂടുതൽ ആസ്വദിച്ചത് വിരാട് കോഹ്ലിയാണ്.മത്സരശേഷം വിരാടും ധോനിയും തമ്മിൽ നടന്ന സംഭാഷണത്തിൽ നിന്ന് അത് വ്യക്തവുമായിരുന്നു.ധോനിയുടെ ഫോം ലോകകപ്പിൽ നിർണ്ണായകമാവും എന്ന കാര്യം മറ്റാരേക്കാളും നന്നായി അറിയാവുന്നത് വിരാടിനാണല്ലോ !

‘ധോനി ഹേറ്റേഴ്സ് ‘എന്ന വിഭാഗത്തിനോട് സത്യത്തിൽ സഹതാപമാണ്.ഇനി ധോനി എന്താണ് തെളിയിക്കേണ്ടത്? ഇതിനേക്കാൾ വലിയ മനഃക്കരുത്ത് കളിക്കളത്തിൽ പ്രകടമാക്കിയ എത്ര പേരുണ്ട് ചരിത്രത്തിൽ? ഇനി ഏത് ട്രോഫിയാണ് ജയിക്കാനുള്ളത്? എന്നിട്ടും അംഗീകരിക്കാൻ എന്തിനാണിത്ര മടി!?

ധോനിയുടെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ലാതിരുന്ന പല കളിക്കാരും ഈ എെ.പി.എല്ലിൽ തിളങ്ങുന്നുണ്ട്.പക്ഷേ ധോനി ഇപ്പോഴും ധോനി ആയി നിലകൊള്ളുന്നു.പ്രായ­ത്തിനു മുമ്പിൽ തോൽവി സമ്മതിക്കാത്ത പോരാളി ! റസ്സലും ലിന്നും ഗെയ്ലും പൊള്ളാർഡും മറ്റും വാഴുന്ന ടൂർണ്ണമെൻ്റിൽ ഏറ്റവും വലിയ സിക്സർ ധോനിയുടെ വകയാണ് !

മാൻ ഒാഫ് ദ മാച്ച് പുരസ്കാരം നേടിയത് പാർത്ഥിവ് പട്ടേലാണ്.മത്സരം ധോനിയും പട്ടേലും തമ്മിലായിരുന്നു.സെൻ്റീമീറ്ററുകളുടെ വ്യത്യാസത്തിൽ പാർത്ഥിവ് അവാർഡ് സ്വന്തമാക്കി.എന്നും ധോനിയോട് തോൽക്കാൻ വിധിക്കപ്പെട്ട പട്ടേലിന് കരിയറിൻ്റെ അന്ത്യത്തിൽ ലഭിച്ച പാരിതോഷികം !

പണ്ട് സൗരവ് ഗാംഗുലി പാർത്ഥിവ് പട്ടേലിനെ ടീമിലെടുക്കുമ്പോൾ അയാൾ ഷേവ് ചെയ്യാൻ ആരംഭിച്ചിട്ടില്ലായിരുന്നു ! പിന്നീട് റാഞ്ചിയിൽ നിന്നുള്ള നീളൻ മുടിക്കാരൻ വിക്കറ്റ് കീപ്പറുടെ സ്ഥാനം കൈയ്യടക്കി.അതിനുശേഷം പട്ടേലുമാരും കാർത്തിക്കുമാരും സാഹമാരും ഒാജമാരും ആഭ്യന്തരക്രിക്കറ്റിൻ്റെ പിന്നാമ്പുറങ്ങളിൽ അലഞ്ഞുതിരിയുകയായിരുന്നു.ധോനി ഉള്ളപ്പോൾ മറ്റൊരു കീപ്പറുടെ ആവശ്യമില്ലല്ലോ !

വർഷങ്ങൾ കൊഴിഞ്ഞുവീണു.പട്ടേലിന് മീശ മുളച്ചു.താടിയിൽ നരപടർന്നു.ഇപ്പോഴെങ്കിലും അയാൾക്കൊന്ന് ജയിക്കണ്ടേ? ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്!?

പ്രിയ എം.എസ്.ഡീ,നിങ്ങൾ പരാജിതരുടെ ഭാഗത്തായിപ്പോയത് അതുകൊണ്ടുമാത്രമാവാം.നിങ്ങൾ ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവനല്ലേ…!?

Written by-Sandeep Das

About Intensive Promo

Leave a Reply

Your email address will not be published.