തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട കല്ലട സ്വകാര്യ ബസില്‍ അർധരാത്രി അക്രമം. യാത്രക്കാരായ യുവാക്കളെ ബസ് ജീവനക്കാർ സംഘംചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. സുരേഷ് കല്ലട ബസില്‍ യാത്രചെയ്തവരാണ് അക്രമത്തിന് ഇരയായത്. വഴിയിൽ കേടായ ബസിന് പകരം സംവിധാനം ഒരുക്കാൻ വൈകിയത് ചോദ്യംചെയ്തതവർക്കാണ് മർദനമേറ്റത്.
ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്ത ഈ ദൃശ്യങ്ങളിലൂടെയാണ് കല്ലട ബസിലെ രാത്രികാല അതിക്രമം പുറത്തായത്. തിരുവനന്തപുരത്ത് രാത്രി പത്തോടെ പുറപ്പെട്ട ബസ് ഹരിപ്പാട്ട് എത്തിയപ്പോൾ കേടായി. അർധരാത്രി പെരുവഴിയിലായ യാത്രക്കാർ ജീവനക്കാരുമായി തർക്കമായി. തുടർന്ന് പൊലീസും ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടർന്നു. എന്നാൽ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസ് എത്തിയപ്പോൾ സംഭവിച്ചതാണ് ഇക്കാണുന്നത്.
ഹരിപ്പാട്ട് വച്ചുണ്ടായ തർക്കത്തിന് പകരം ചോദിക്കാൻ ജീവനക്കാർ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി. പലവട്ടം മുഖത്തടിയേറ്റതോടെ യുവാക്കള്‍ പ്രത്യാക്രമണത്തിന് ശ്രമിച്ചു. തുടർന്ന് ഇവരെ ബലമായി വലിച്ചിഴച്ച് ബസിന് പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം. ഉറക്കത്തിലായിരുന്ന സ്ത്രീകളും കുട്ടികളും അടക്കം ഞെട്ടിയുണർന്നെങ്കിലും ഇവരുടെ കയ്യൂക്കിന് മുന്നിൽ ആരും പ്രതികരിച്ചില്ല. എന്നാൽ സംഭവം രഹസ്യമായി ഷൂട്ടുചെയ്ത ജേക്കബ് ഫിലിപ്പ് യാത്രക്കിടെ തന്നെ ഇത് ഫെയ്സ്ബുക്കിൽ ഇടുകയായിരുന്നു.
ഇതിന് പിന്നാലെ സുരേഷ് കല്ലട ഓഫീസിൽ നിന്ന് ജീവനക്കാർ തന്നെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയെന്നും കമന്റുകൾക്ക് മറുപടിയായി ജേക്കബ് ഫെയ്സ്ബുക്കിൽ പറഞ്ഞു. വാർത്ത പുറത്തുവിട്ടതിന് പിന്നാലെ മനോരമ ന്യൂസിൽ ബന്ധപ്പെട്ട ബസ് കമ്പനി, യാത്രക്കാരായ യുവാക്കള്‍ ജീവനക്കാരെയാണ് ആക്രമിച്ചതെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാൽ ഇങ്ങനെയൊരു പരാതിയും നൽകിയിട്ടില്ല. വിവരമറിഞ്ഞ് രാത്രിയെത്തിയ പൊലീസ് സംഘം അവശരായ യുവാക്കളെ കണ്ട് തൃപ്പൂണിത്തുറ ആശൂപത്രിയിലേക്ക് അയക്കുകയായിരുന്നു എന്ന് മരട് എസ്ഐ മനോരമ ന്യൂസിനോട് പ്രതികരിച്ചു.