പണ്ട്, ബുദ്ധിജീവികളുടെയും നിരാശാ കാമുകൻമാരുടെയും ഹിപ്പികളുടെയുമൊക്കെ ലക്ഷണമായിരുന്നു ഇടതൂർന്ന താടിയെങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി. ചെറുപ്പക്കാരിൽ മിക്കവരും താടിക്കാരാണ്. വളരെക്കുറച്ചു കാലമേ ആയിട്ടുള്ളൂ, താടി യുവാക്കളുടെ ഹരമായിത്തുടങ്ങിയിട്ട്. സിനിമയിൽ, താടി വച്ച നായകൻമാർ ലുക്ക് ഹെവിയാക്കിയപ്പോൾ,
യുവാക്കളും താടിപ്രേമികളായി. നീട്ടിയും ചുരുട്ടിയും നിറം പൂശിയും താടിയിൽ പലവിധ പരീക്ഷണങ്ങൾ നടത്തി, ഞെട്ടിക്കുന്ന മേക്കോവറുകൾ പ്രയോഗിക്കുന്നവരാണ് അധികവും. അതോടെ, സമ്പന്നമായ താടിയുള്ളവരെ നോക്കി താടിയില്ലാത്തവർ അസൂയപ്പെടുന്നതിലേക്കെത്തി കാര്യങ്ങൾ. എന്നാൽ താടിപ്രേമികൾക്ക് അത്ര സന്തോഷകരമായ വാർത്തയല്ല സ്വിറ്റ്സര്‍ലന്‍ഡിലെ ഹിര്‍സ്ലാന്‍ഡന്‍ ക്ലിനിക്കിൽ നിന്നു വരുന്നത്.
താടിയുടെ ആരോഗ്യവശത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരമാണ് ഇവർ പുറത്തു വിട്ടിരിക്കുന്നത്. പുരുഷന്മാരുടെ താടിയില്‍, നായ്ക്കളുടെ രോമത്തില്‍ ഉള്ളതിനേക്കാള്‍ കീടാണുക്കള്‍ ഉണ്ടെന്നാണ് ഇവരുടെ പഠന റിപ്പോര്‍ട്ട്. മനുഷ്യരിലും നായ്ക്കളിലും എം.ആര്‍.ഐ മെഷീനുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്നറിയുന്നതിനായാണ് പഠനം നടത്തിയത്. മനുഷ്യരും നായ്ക്കളും ഒരേ പരിശോധനാ യന്ത്രം ഉപയോഗിക്കുക വഴി മനുഷ്യര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നു മനസിലാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി 18 പുരുഷന്മാരുടെ താടി രോമവും 30 നായ്ക്കളുടെ കഴുത്തിന്റെ ഭാഗത്തെ രോമവും പരിശോധിച്ചു.
പരിശോധന നടത്തിയ 30 നായക്കളില്‍ 23 എണ്ണത്തിലും ഉയര്‍ന്നതോതില്‍ അണുബാധ കണ്ടെത്തി. അതേസമയം 18ല്‍ 7 പുരുഷന്മാരിലും അതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ കിടാണുക്കള്‍ ഉണ്ടായിരുന്നു. മനുഷ്യ ആരോഗ്യത്തിനു തന്നെ ഭീഷണിയാകുന്നതായിരുന്നു ഇവയില്‍ അധികവും. ഗവേഷകര്‍ ശേഖരിച്ച സ്പെസിമെന്‍ പരിശോധിച്ചപ്പോള്‍ താടിയിലാണ് നായക്കളുടെ രോമത്തില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയ കണ്ടതെന്ന് പഠനത്തിന്റെ ലേഖകന്‍ കൂടിയായ പ്രഫ. ആന്‍ഡ്രിയാസ് ദുഡ്സെയ്റ്റ് പറഞ്ഞു. മനുഷ്യന്റെ ഉറ്റ സുഹൃത്തുക്കളായ നായ്ക്കളില്‍ നിന്ന് വ്യക്തി ശുചിത്വം നിലനിര്‍ത്തുന്നതിനേക്കുറിച്ച് മനുഷ്യര്‍ അറിഞ്ഞിരിക്കണമെന്നും പഠനത്തില്‍ പറയുന്നു.