കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചികിത്സക്കായെത്തിച്ച നവജാത ശിശുവിനെതിരെ ഫെയ്സ്ബുക്കിലൂടെ വർഗീയ പരാമർശം നടത്തിയ എറണാകുളം കടവൂർ സ്വദേശി ബിനിൽ സോമസുന്ദരം റിമാൻഡിൽ. മതസ്പർധ വളർത്തൽ എന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നടപടി.
സർക്കാർ ചികിത്സ സൗജന്യമാക്കിയ തീരുമാനത്തെയും ഇയാൾ മത സ്പർദ്ധ വളർത്തുന്ന രീതിയിൽ വ്യാഖ്യാനിച്ചു.ഫെയ്സ് ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിച്ചപ്പോൾ തന്നെ ഇയാൾക്കെതിരെ കേസെടുക്കാൻ ഡിജിപി എറണാകുളം സെൻട്രൽ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. കുഞ്ഞിനെതിരെ ഫേസ്ബുക്കിലൂടെയാണ് ബിനിൽ മോശം പരാമർശം നടത്തിയത്.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ നെടുംകണ്ടത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് മെഴി നൽകിയത്. തുടർന്ന് സൈബർ സെൽ നടത്തിയ പരിശോധനയിൽ ഇയാൾ തന്നെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതെന്ന് കണ്ടെത്തി. പ്രതിക്കെതിരെ മതസ്പർദ്ധ വളർത്തൽ എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു