Breaking News
Home / Lifestyle / വിഷുദിനത്തിൽ ബെംഗളൂരുവിൽ ആനവണ്ടിയെ കുളിപ്പിച്ച് സുന്ദരനാക്കി ഒരു മലയാളി യുവാവ്

വിഷുദിനത്തിൽ ബെംഗളൂരുവിൽ ആനവണ്ടിയെ കുളിപ്പിച്ച് സുന്ദരനാക്കി ഒരു മലയാളി യുവാവ്

വിഷു ദിനത്തിൽ ബെംഗളൂരുവിൽ ആനവണ്ടിയെ കുളിപ്പിച്ച് ഒരുക്കി മാലയും കൊന്നപ്പൂവുമെല്ലാം ചാർത്തി ഒരുക്കി ശ്രദ്ധേയനായി മാറിയിരിക്കുകയാണ് ശ്രീരാജ് എന്ന മലയാളി യുവാവ്. തിരുവല്ല – ബെംഗളൂരു റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിയുടെ RPC 901 എന്ന സൂപ്പർ ഡീലക്സ് ബസ്സിനെയാണ് ശ്രീരാജ് ഒറ്റയ്ക്ക് പ്രയത്നിച്ച് അണിയിച്ചൊരുക്കിയത്.

ബെംഗളൂരുവിൽ ഡ്യൂട്ടിയ്ക്കായി എത്തുന്ന എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും ശ്രീരാജ് മുന്നേ സുപരിചിതനാണ്. ബസ്സുകൾ സ്റ്റാർട്ട് ആകാതെ വരിക, ഇലക്ട്രിക് പ്രശ്നങ്ങൾ തുടങ്ങി ടയർ പഞ്ചര്‍ ആയി സ്റ്റെപ്പിനി മാറ്റുവാനും പുറത്തു കൊണ്ടു പോയി പഞ്ചറായ ടയർ ഒട്ടിക്കുവാനുമൊക്കെ ജീവനക്കാർ സഹായത്തിനായി ആദ്യം വിളിക്കുന്നത് ശ്രീരാജിനെ ആയിരിക്കും.

ബെംഗളൂരുവിൽ വെച്ച് കെഎസ്ആർടിസി ബസ്സുകൾക്ക് എന്തെങ്കിലും അപകടമോ പ്രശ്നമോ നേരിടേണ്ടി വന്നാലും പോലീസ് കേസ് വന്നാലുമൊക്കെ ജീവനക്കാർക്ക് സഹായത്തിനായി ശ്രീരാജ് ഉടൻ തൻ്റെ ബൈക്കിൽ സ്ഥലത്തെത്തും. ബെംഗളുരുവിലേക്ക് പുതുതായി ഡ്യൂട്ടിയ്ക്ക് വരുന്ന കെഎസ്ആർടിസി ജീവനക്കാർ വഴിയറിയാതെ വരികയോ ഏതെങ്കിലും സംശയം തോന്നുകയോ ഉണ്ടായാലും ശ്രീരാജിന്റെ സഹായം റെഡി.ഇങ്ങനെ ആദ്യമായി പോകുന്നവർക്ക് മറ്റു സ്ഥിര ജീവനക്കാർ ശ്രീരാജിൻ്റെ നമ്പർ കൈമാറുകയാണ് പതിവ്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിയായ ശ്രീരാജ് ബെംഗളൂരുവിൽ ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്തു ചെയ്യുകയാണ്. ബംഗളൂരുവിൽ ഏറെക്കാലമായി താമസിക്കുന്ന ശ്രീരാജിന് അവിടെയുള്ള വഴികളും കന്നഡ ഭാഷയുമെല്ലാം നന്നായി അറിയാം എന്നതാണ് ഒരു പ്ലസ് പോയിന്റ്. ചെറുപ്പം മുതലേ കെഎസ്ആർടിസി ബസ്സുകളെ ഇഷ്ടപ്പെട്ടിരുന്ന ശ്രീരാജ് വലുതായപ്പോഴും ആ ഇഷ്ടം കൂടെക്കൂട്ടുകയാണുണ്ടായത്. ഇതുമൂലം രക്ഷപ്പെട്ടത് ബെംഗളുരുവിലേക്ക് ബസ് സർവ്വീസിന് വരുന്ന കെഎസ്ആർടിസി ജീവനക്കാരാണ്. ബെംഗളൂരു ഡ്യൂട്ടിയ്ക്ക് വരുന്ന കെഎസ്ആർടിസി ഡ്രൈവർമാരും കണ്ടക്ടർമാരും ശ്രീരാജിന്റെ ഉറ്റസുഹൃത്തുക്കളാണ്.

തിരുവല്ല – ബെംഗളൂരു സൂപ്പർ ഡീലക്സ് ബസ്സാണ് ശ്രീരാജിൻ്റെ ഏറ്റവും ഇഷ്ടമുള്ള സർവ്വീസ്. തിരുവല്ല ഡിപ്പോയിൽ ഉണ്ടായിരുന്ന (ഇപ്പോൾ ചങ്ങനാശ്ശേരി ഡിപ്പോയിൽ) ഡ്രൈവർ സന്തോഷ് കുട്ടനുമായി വലിയൊരു ആത്മബന്ധം പുലർത്തുന്ന ശ്രീരാജ് ഒഴിവു കിട്ടുന്ന ദിവസങ്ങളിലെല്ലാം ബസ്സിന്‌ ചാർത്തുവാൻ പൂമാല വാങ്ങിക്കൊണ്ടു വരുമായിരുന്നു.

ബെംഗളൂരുവിൽ ഹർത്താൽ പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ അവിടെ പെട്ടുപോകുന്ന ജീവനക്കാർക്ക് ഭക്ഷണം മുതലായ സൗകര്യങ്ങൾ എത്തിക്കുന്നതിനും ശ്രീരാജ് തൻ്റെ കൂട്ടുകാരോടൊത്ത് മുൻപന്തിയിൽ ഉണ്ടാകും. തിരികെ ലാഭമൊന്നും പ്രതീക്ഷിക്കാതെ സൗഹൃദങ്ങൾക്ക് മാത്രം വില കല്പിച്ചുകൊണ്ട് ശ്രീരാജ് ബെംഗളൂരുവിൽ കെഎസ്ആർടിസിയുടെ ഒരു അനൗദ്യോഗിക Spoke Person ആയി മാറിയിരിക്കുകയാണ്. ശ്രീരാജിന് ടീം ആനവണ്ടിയുടെ എല്ലാവിധ ആശംസകളും..

About Intensive Promo

Leave a Reply

Your email address will not be published.