എവിടെ നോക്കിയാലും കാണാം പെണ്ണ് തേച്ചിട്ടു പോയ കഥകൾ. പാവം പെൺപിള്ളേർ പലതും ഉള്ളിലൊതുക്കി വീട്ടുകാരുടെ ഭീഷണികൾ ഭയന്ന് ആഗ്രഹങ്ങളും സ്വപ്നങ്ങളും വേണ്ടാന്ന് വച്ച് സ്നേഹിച്ച ആളുടെ മനോവിഷമങ്ങൾ ഓർത്ത് നീറി നീറി മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ അവൾ തേപ്പുകാരിയായി..
“നിന്റെ സംസാരവും പെരുമാറ്റവുമാണെനിക്കിഷ്ടമെന്ന് “പറഞ്ഞ് സ്നേഹിച്ചിട്ട്, ഒടുവിൽ നിബന്ധനകളുടേയും വിലക്കുകളുടേയും ലോകത്തിലേക്ക് അവളെ തള്ളിയിട്ട് അതിൽ നിന്നുമവൾ മോചനമാവശ്യപ്പെട്ടാൽ അവൾ തേപ്പുകാരിയായി…
ജാതിയും കുടുംബവുമെതിർക്കുമെന്ന് ഒരായിരം തവണ അവൾ പറഞ്ഞിട്ടും ആ സ്നേഹം പിടിച്ചു വാങ്ങി ,ഒടുവിലവൾ ജാതി മതത്തിന്റെ വിലക്കുകളിൽ അകപ്പെടുമ്പോൾ അവൾ തേപ്പുകാരിയായി.
കൂട്ടുകാരിയായും പ്രണയിനിയായും കൂടെ നിന്ന് സ്നേഹിച്ചിട്ടും ഒടുവിലവൾ അകലുമ്പോൾ പറയും “അപ്പോഴേ എല്ലാരും എന്നോട് പറഞ്ഞതാ ഇവൾ വേണ്ടാന്നു “.
ജീവിതത്തെക്കുറിച്ച് നൂറു സ്വപ്നങ്ങൾ നെയ്തുകൂട്ടി ഒരു വരുമാനമാർഗമില്ലാതെ ജോലി അന്വേഷിക്കാതെ വരുമ്പോൾ വേറൊരുത്തൻ അവളെ വിവാഹം ചെയ്താൽ പറയും. “അവന്റെ പണം കണ്ടപ്പോൾ അവൾടെ കണ്ണു മഞ്ഞളിച്ചെന്ന് ” . ആത്മാർത്ഥമായ് സ്നേഹിച്ചിരുന്നേൽ അവളെ സംരക്ഷിക്കാനുള്ള കെൽപ്പുണ്ടായിരുന്നേൽ കൂടെയുണ്ടാകുമായിരുന്നില്ലേ പ്രണയം….
പ്രണയം അന്ധമാണ്, ജീവിതത്തെ മുൻകൂട്ടി കണ്ട് അതിനു വേണ്ടി ആത്മാർത്ഥമായ് ശ്രമിച്ചാൽ എല്ലാ പ്രണയവും പൂവിടും … ജാതിമതങ്ങൾ വിലക്കു കൽപ്പിക്കുമെന്നുറപ്പുണ്ടേൽ പ്രണയത്തെ മന:പ്പൂർവം അവഗണിക്കാമായിരുന്നില്ലേ??
ആഗ്രഹിച്ച പ്രണയം സ്വന്തമാക്കിയാൽ അതു ജീവിതത്തിലേക്കടുപ്പിക്കുവാൻ മടി കാണിച്ചു തുടങ്ങുന്നിടത്തു നിന്ന് പ്രണയത്തിൽ അകൽച്ച വരുന്നു..
സംശയവും വിലക്കുകളും പ്രണയത്തെ കാർന്നുതിന്നുന്നു.
പെണ്ണിനെ വെറുമൊരുപെണ്ണായ് കാണാതെ ആഗ്രഹങ്ങളും അഭിപ്രായവുമുള്ള ഒരു വ്യക്തിയായ് കണ്ടു ചേർത്തു നിർത്തു, അവൾ കൂടെയുണ്ടാകും എന്നും എപ്പോഴും….
ജീവിതത്തിൽ നിന്നും അകന്നു പോകുമ്പോൾ ഓർത്തുനോക്കൂ പല തവണ വിഷമിപ്പിച്ചിട്ടും പരാതി പറയാതെ അവൾ കൂടെ നിന്ന നിമിഷങ്ങളെ, സ്വന്തം തെറ്റുകൾ മനസിലാക്കാനുള്ള അവസരങ്ങൾ ആവാം അതൊക്കെ. തേപ്പുകാരിയെന്ന വിളികൾ ഏറ്റുവാങ്ങാൻ പെണ്ണിന്റെ ജീവിതം പിന്നേയും ബാക്കി..
( സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പ്രണയം വിട്ടെറിയുന്നവർക്ക് ഈ എഴുത്ത് ഡെഡിക്കേറ്റ് ചെയ്യുന്നതല്ല )