Breaking News
Home / Lifestyle / ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ

ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ

അപകടത്തിൽ പെട്ടവരെയോ രോഗികളെയോ ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളിൽ എത്തിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം വാഹനങ്ങളാണ് ആംബുലൻസ്. ആംബുലൻസ് പോകുന്നത് കാണാത്തവർ ആരും തന്നെ ഉണ്ടാകില്ല ഇവിടെ. ഇന്ന് പലപ്പോഴും മാധ്യമങ്ങളിൽ വാർത്ത സൃഷിക്കുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ഒരു ജീവൻ രക്ഷിക്കുവാനായി കിലോമീറ്ററുകൾ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ വേഗതയിൽ സ്വന്തം ജീവൻ തന്നെ പണയം വെച്ചുകൊണ്ടാണ് ആംബുലൻസ് ഡ്രൈവർമാർ പായുന്നത്. എങ്ങനെ ഒരാൾക്ക് ഒരു ആംബുലൻസ് ഡ്രൈവർ ആകാം? എല്ലാവർക്കുമുള്ള ഒരു സംശയമാണിത്.

സാധാരണ ഒരു ആംബുലൻസ് ഡ്രൈവർക്ക് LMV ലൈസൻസും ബാഡ്ജും പിന്നെ ധൈര്യവും മാത്രം മതി. എന്നാൽ അതിലുമുപരി ഒരു ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആംബുലൻസിനെ മറ്റു വാഹനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ബീക്കൺ ലൈറ്റും സൈറണും ആണ്. ഈ ലൈറ്റുകളും സൈറണും ഒക്കെ എങ്ങനെ പ്രവർത്തിപ്പിക്കണം എന്ന് ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർ അറിഞ്ഞിരിക്കണം. ആംബുലൻസ് സൈറണുകൾ പല വിധത്തിലുണ്ട്. എമർജൻസി അനുസരിച്ച് അവ എങ്ങനെയാണ് മാറ്റി ഇടേണ്ടതെന്ന് ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

അടിയന്തിരഘട്ടങ്ങളിൽ ഒരു ജീവൻ രക്ഷിക്കുവാൻ വളരെ സ്പീഡിൽ പോകേണ്ടതുണ്ട്. ഇത്തരത്തിൽ പോകുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം തെറ്റാതെ നോക്കുവാനുള്ള കഴിവ് ആംബുലൻസ് ഡ്രൈവർ സ്വായത്തമാക്കിയിരിക്കണം. ഹോസ്പിറ്റലുകളിൽ നിന്നും രോഗികളെ മറ്റു ഹോസ്പിറ്റലുകളിലേക്ക് കൊണ്ടുപോകുമ്പോൾ മിക്കവാറും ഒരു നേഴ്സ് ആംബുലൻസിൽ ഉണ്ടാകുമെങ്കിലും ഡ്രൈവറും രോഗിയുടെ അവസ്ഥ മനസിലാക്കിയിരിക്കണം.

വീടുകളിൽ നിന്നും ഹോസ്പിറ്റലിലേക്ക് രോഗിയെ കൊണ്ടുപോകുകയാണെങ്കിൽ, വഴിക്കുവെച്ച് രോഗിയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടനടി അതിനുവേണ്ട പ്രാഥമിക ശുശ്രൂഷകൾ ചെയ്യുവാനും മറ്റും ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് രോഡിയുടെ ഓക്സിജൻ സിലിണ്ടർ തീർന്നുപോകുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഓക്സിജൻ സിലിണ്ടറിൽ നിന്നും ഓക്സിജൻ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ ഇത്തരം ഓക്സിജൻ സിലിണ്ടറുകൾ എവിടെ കിട്ടുമെന്നുള്ള വിവരങ്ങളും ആംബുലൻസ് ഡ്രൈവർ മനസ്സിലാക്കിയിരിക്കണം.

ഇന്ന് നാം വാർത്താമാധ്യമങ്ങളിലൂടെ കേൾക്കുന്ന സംഭവങ്ങളാണ് കേരളത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് രോഗിയുമായി നിശ്ചിത സമയംകൊണ്ട് ആംബുലൻസിൽ എത്തിച്ചേരുന്നതൊക്കെ. ഇത്തരം ഉദ്യമങ്ങൾ വരുമ്പോൾ ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ തങ്ങളുടെ അംഗങ്ങളിൽ ഈ മിഷൻ ഏറ്റെടുക്കുന്നതിന് പ്രാപ്തരായ ആളുകളെ ഉടനടി തിരഞ്ഞെടുക്കുകയും ഇങ്ങനെ തിരഞ്ഞെടുത്ത ഡ്രൈവർ ആ ആംബുലൻസിന്റെ സാരഥിയാകുകയുമാണ് ചെയ്യാറുള്ളത്.

ഇത്തരത്തിൽ ആംബുലൻസ് യാത്ര ചെയ്യുമ്പോൾ മുന്നിലും പിന്നിലുമായി പൈലറ്റ് വാഹനങ്ങൾ ഉണ്ടായിരിക്കും. അതോടൊപ്പം തന്നെ പോലീസുകാർക്കൊപ്പം ആംബുലൻസ് കടന്നുപോകുന്ന വഴിയിലെ ട്രാഫിക് ശരിയാക്കി കടന്നു പോകുവാനുള്ള വഴിയൊരുക്കുന്നതും ആംബുലൻസ് ഡ്രൈവേഴ്സ് അസ്സോസിയേഷൻ പ്രവർത്തകരായിരിക്കും. ആറു മാസത്തിലൊരിക്കൽ അസോസിയേഷനും മോട്ടോർ വാഹന വകുപ്പും ചേർന്നുകൊണ്ട് ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേകം ക്ലാസ്സുകൾ കൊടുക്കാറുണ്ട്. അസോസിയേഷനിൽ ഇല്ലാത്ത ആംബുലൻസ് ഡ്രൈവർമാരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട് അവർ.

അതുപോലെ തന്നെ ഒരു ആംബുലൻസ് ഡ്രൈവറുടെ ജീവിതം ഇപ്പോഴും തിരക്കിട്ടതായിരിക്കും. അത് ഉൾക്കൊണ്ടിട്ടു മാത്രം ഈ ജോലി തിരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ശരിയായ രീതിയിൽ ജോലി ചെയ്യുവാൻ സാധിക്കുകയുള്ളൂ. പലപ്പോഴും വിശ്രമിക്കുമ്പോളും ആഹാരം കഴിച്ചു തുടങ്ങുമ്പോഴായിരിക്കും കോള്‍ വരുന്നത്. ഉടനടി ഇവർ ജോലിക്ക് സജ്ജമാകേണ്ടതുണ്ട്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആളുകളെയും മറ്റു രോഗികളെയും ഒന്നും നോക്കാതെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുന്ന ഡ്രൈവർമാർക്ക് പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പിടിപ്പെടാനുള്ള സാദ്ധ്യതകൾ മുന്നിൽക്കണ്ട് ഇതിനായുള്ള പ്രതിരോധ വാക്സിനുകൾ ഇവർ എടുത്തിരിക്കണം.

ഇപ്പോൾ മനസ്സിലായില്ലേ ആംബുലൻസ് ഓടിക്കുക എന്നത് കാറും ഓട്ടോയും ഓടിക്കുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്. മേൽപ്പറഞ്ഞ സംഭവങ്ങളൊക്കെ ഒരു ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ നിങ്ങൾ പൂർണ്ണമായും ഈ ജോലിയ്ക്ക് അർഹരാകുകയുള്ളൂ.

About Intensive Promo

Leave a Reply

Your email address will not be published.