സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട്ടിലെ ആദിവാസി പെണ്‍കുട്ടി ശ്രീധന്യയെ വയനാട്ടിലെ സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി നേരില്‍ കണ്ട് അഭിനന്ദനമറിയിച്ചു. പഠിച്ച സ്കൂളില്‍ വച്ചുതന്നെ രാഹുലിന്‍റെ ആദരം ശ്രീധന്യ ഏറ്റുവാങ്ങി. ശ്രീധന്യയുടെ അച്ഛനും അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
ഏറെ നേരം രാഹുലുമായും ഉമ്മന്‍ചാണ്ടിയുമായും ശ്രീധന്യ സംസാരിച്ചു. 410–ാം റാങ്കോടെയാണ് വയനാട്ടിലെ കുറിച്യര്‍ വിഭാഗത്തില്‍ നിന്നുള്ള സുരേഷ് –കമല ദമ്പതികളുടെ മകള്‍ വിജയിച്ചത്. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വീസ് വിജയം നേടുന്നത്. പരീക്ഷാഫലം വന്ന ദിവസം ശ്രീധന്യയെ ഫോണില്‍ വിളിച്ച് രാഹുല്‍ അഭിനന്ദനം അറിയിച്ചിരുന്നു. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്ന് രാഹുല്‍ പറഞ്ഞു