Breaking News
Home / Lifestyle / പണിപാളിയ ആദ്യരാത്രി കട്ടിലിൽ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി കിടക്കുമ്പോഴും ഉള്ളിൽ രോഷം അലതല്ലി

പണിപാളിയ ആദ്യരാത്രി കട്ടിലിൽ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി കിടക്കുമ്പോഴും ഉള്ളിൽ രോഷം അലതല്ലി

പണിപാളിയ ആദ്യരാത്രി

ഭഗവാനെ….. ഇന്നാണെന്റെ ആദ്യരാത്രി. ജീവിതത്തിൽ പല രാത്രികളും കടന്നു പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ആദ്യരാത്രി അഭിമുഖീകരിക്കുന്നത്! കാത്തോണേ….

ടേബിളിൽ ഇരുന്ന മുല്ലപ്പൂ കട്ടിലിൽ വാരി വിതറി കൊണ്ട് പ്രാർത്ഥിക്കുമ്പോഴും രമേഷിന്റെ മനസ് നിറയെ ആ നിമിഷങ്ങളെക്കുറിച്ചോർത്തുള്ള രോമാഞ്ചിഫിക്കേഷൻ ആയിരുന്നു.

ടി വി യിലും സിനിമയിലും മാത്രം കണ്ടുള്ള പരിചയമേ ഉള്ളൂ.. പിന്നെ കല്യാണം കഴിഞ്ഞ ചില ഗുരുക്കൻമാരായ സുഹൃത്തുക്കൾ പറഞ്ഞുള്ള അറിവും.. ഇന്നത്തെ ഒരൊറ്റ രാത്രിയിലാണ് തന്റെ സകല ഇമേജും..മനസേ കൺട്രോള് തരണേ….

തനിക്ക് തന്നെ തന്നെ വിശ്വാസമില്ലാത്തത് കൊണ്ട് രമേഷ് കുറച്ച് നേരം ആത്മനിയന്ത്രണം കൈവരിച്ചു.

വാതിൽ തുറന്നപ്പോഴുള്ള വൃത്തികെട്ട ശബ്ദം കേട്ടാണ് ഞെട്ടി കണ്ണ് തുറന്നത്.!

കൈയിൽ ഒരു ഗ്ലാസ് പാലുമായി ദാ സിന്ധു തന്റെ മുൻപിൽ. അതും സാരി ഉടുത്ത്!!

ഈശ്വരാ… ഇന്നെല്ലാം കൈയീന്ന് പോകുന്ന മട്ടാണ്. അല്ലേലും വൈകി കല്ല്യാണം കഴിഞ്ഞത് കൊണ്ടാണോന്ന് അറിയില്ല ആകപ്പാടെ ഒരു ആക്രാന്തം .വീട്ടുകാരോട് ആയ കാലത്ത് എത്ര പറഞ്ഞതാണ് കല്യാണം കഴിപ്പിച്ച് തരാൻ.. അവർക്കെന്നെ പറ്റി വല്ല വിചാരോം ഉണ്ടോ?എങ്കിലിപ്പോ ഈ ടെൻഷന്റെ ആവശ്യം ഒന്നും ഉണ്ടാവില്ലായിരുന്നു.

വീട്ടുകാരെ മനസിൽ ആയിരം വട്ടം ചീത്ത വിളിച്ചു കൊണ്ട് ഒരു നിമിഷം അവൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അപ്പോഴും സിന്ധുവിന്റെ നോട്ടം തറയിൽ തന്നെ ആയിരുന്നു.രമേഷ് പതിയെ ചെന്ന് ഡോർ കുറ്റിയിട്ട് അവളുടെ കൈയിലിരുന്ന പാൽ ഗ്ലാസ്‌ വാങ്ങി ടേബിളിൽ വെച്ചു.

ഭാര്യയുടെ മുൻപിൽ ഒട്ടും കൊച്ചാവരുതല്ലോ…? വേഗം ചെന്ന് കട്ടിലിന്റെ ഒരു ഭാഗത്തിരുന്ന് വലത് കാൽ ഇത് കാലിൻമേൽ കയറ്റി ഒരു വീരശൂരപരാക്രമിയെ പോലെ നെഞ്ചും വിരിച്ചിരുന്നു.

എന്താ കുട്ടീടെ പേര്?

ആ ചോദ്യം കേട്ട് തറയിൽ ദൃഷ്ടി പതിച്ചിരുന്ന അവൾ പെട്ടെന്ന് മുഖമുയർത്തി അത്ഭുതത്തോടെ അവനെ നോക്കി.
ചോദ്യം കേട്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും അവൾക്ക് ചിരിയാണ് വന്നത്.

എന്റെ ദൈവമേ… ആദ്യരാത്രി തന്നെ എട്ടിന്റെ പണി തന്നല്ലോ? ടെൻഷൻ കാരണം പെണ്ണ് കാണലിന്റെ ഓർമ്മ വെച്ച് ചോദിച്ച് പോയതാണ് എല്ലാം കൈയീന്ന് പോയി..

അല്ല.. അത് പിന്നെ സിന്ധുനെ ചിരിപ്പിക്കാൻ ഞാനൊരു കോമഡി പറഞ്ഞതല്ലേ..
പുറത്തെ ചമ്മൽ മറക്കാൻ അവൻ വീണിടത്ത് കിടന്ന് ഉരുളാൻ ഒരു ശ്രമം നടത്തി.

അല്ലേലും പണ്ട് മുതലേ ഇങ്ങനാ.. പെണ്ണുങ്ങളോട് സംസാരിക്കുമ്പോ എന്തെങ്കിലുമൊക്കെ വെള്ളി വന്ന് വീഴും. പണ്ടാരടങ്ങാൻ .. ഇനിയും സ്വയം നാറാൻ ഇടവരുത്തരുത് വാക്കുകൾ സൂക്ഷിച്ച് വേണം പ്രയോഗിക്കാൻ ….

ഒരു ഇൻവസ്റ്റിഗേഷൻ ഓഫീസറെ പോലെ അവൻ അടുത്ത ചോദ്യം നിഗൂഢമായി ആലോചിച്ചു.

കുട്ടിക്ക് പേടി ഉണ്ടോ?

അവളുടെ മുഖത്തെ ടെൻഷൻ കണ്ട് ചോദ്യത്തിനായി അവന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല.

ആ ചോദ്യത്തിന്റെ മറുപടിയും മൗനമായത് കൊണ്ട് അവൻ തന്നെ സകല ധൈര്യവും സംഭരിച്ച് അവളെ കൈപിടിച്ച് കട്ടിലിൽ കൊണ്ടിരുത്തി.

അവളുടെ കൈ കിടുകിടാ വിറക്കുന്നതവൻ അറിഞ്ഞിരുന്നു. അതിലും ശക്തിയിൽ തന്റെ നെഞ്ച് കിടന്ന് ബാന്റ് മേളം കൊട്ടുന്നുണ്ട്. അതാരറിയാൻ..

കട്ടിലിൽ അവളോട് ചേർന്നിരുന്നതും അവൾ ഒന്ന് നിരങ്ങി മാറി.

ഇതെന്തോന്നിത് രണ്ടും രണ്ടറ്റത്ത് ഇരുന്നോണ്ട് എന്ത് ആദ്യരാത്രി?
അവന് മനസിൽ കുറച്ചൊരു ദേഷ്യം തോന്നി.

കുട്ടീ… ഇനി മുതൽ നമ്മൾ രണ്ടും രണ്ടല്ല ഒന്നാണ്. ശരീരം കൊണ്ടും മനസ് കൊണ്ടും ഒന്നാകേണ്ടവർ. ഈ നിമിഷം മുതൽ നമ്മൾ തമ്മിൽ ഒരു വിധത്തിലുമുള്ള അകൽച്ച ഉണ്ടാവരുത്.
അവൻ അവളെ അനുനയിപ്പിക്കാൻ ഒരു ശ്രമം നടത്തി.

അനുനയിപ്പിക്കൽ ഏറ്റോ എന്നറിയാൻ അവളുടെ തോളിൽ മെല്ലെ ഒന്ന് പിടിച്ചു നോക്കി.ഇപ്പോൾ പ്രതിഷേധം ഒന്നും പ്രകടിപ്പിക്കുന്നില്ല.

യെസ്… ഏറ്റിരിക്കുന്നു. ഇപ്പോ എതിർപ്പൊന്നുമില്ല. ഇനിയും സമയം കളഞ്ഞുകൂടാ.. മൗനം സമ്മതമായെടുത്ത് ചടങ്ങിലേക്ക് കടക്കണം. ഉള്ളിലെ സർവ്വക്ഷമയും നശിച്ച അവൻ പിന്നെ ഒന്നും നോക്കിയില്ല ടിപ്പറിൽ മണല് തട്ടുന്ന പോലെ അവളെ കട്ടിലിലേക്ക് മറച്ചിട്ടു അവളുടെ മേലേക്ക് ചെരിഞ്ഞു.

വിട്….
സർവ്വശക്തിയും എടുത്തവൾ അവനെ തട്ടിമാറ്റി കുതറി എണീറ്റു.

ഇത്ര നേരം നിന്നിട്ടും ഒരക്ഷരം ഉരിയാടാതിരുന്ന ഈ മൊതലിന്റെ വായീന്നാണോ ദൈവമേ ഇത്രേം വലിയ ശബ്ദം പുറത്തേക്ക് വന്നത് ?!
അവൻ അന്ധാളിച്ചു നിന്നു.

എനിക്ക് പേടിയാ… എന്നെ ഒന്നും ചെയ്യല്ലേ…
കട്ടിലിന്റെ ഒരുകിൽ ചെന്ന് നിന്ന് തീവ്രവാദികളുടെ മുന്നിൽ പെട്ട അഭയാർത്ഥിയെ പോലെ അവൾ പുലമ്പി.

കുട്ടീ… അതിന് ഞാനൊന്നും ചെയ്തില്ലല്ലോ.. വാ ഇവിടെ വന്നിരിക്കൂ…

ആശ്വസിപ്പിക്കാൻ അവളുടെ കൈയിൽ പിടിച്ചതും ഏതോ ഭീകരജീവിയെ കണ്ട പോലെ അവൾ വീണ്ടും അലറി.

എന്റെ ദൈവമേ… കെടന്ന് കാറല്ലേ പെണ്ണേ… അച്ഛനും അമ്മേം ബന്ധുക്കാരും കേട്ടാൽ വല്ലോം കരുതും. ഒരു കുന്തോം ചെയ്യാതെ എന്നെ വെറുതെ പഴി കേൾപ്പിക്കല്ലേ..
അവളുടെ അലറിച്ചയിൽ രണ്ട് ചെവിയും പൊത്തി കൊണ്ട് അവൻ അപേക്ഷിച്ചു.

അത് പിന്നെ… എന്റെ ചെറിയമ്മ ഓരോന്ന് പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട് അത് കേട്ടപ്പോൾ മുതൽ എനിക്ക് പേടിയാ… കല്ല്യാണം വേണ്ടെന്ന് പറഞ്ഞിട്ടും എന്നെ നിർബന്ധിച്ച് കെട്ടിപ്പിച്ചതാ.. എന്നെ ഒന്നും ചെയ്യരുത്. ഒരു കൊച്ചു കുട്ടിയെ പോലെ നിന്നവൾ കരഞ്ഞു.

ആ ബെസ്റ്റ് .. ആറ്റ് നോറ്റ് ഒരു പെണ്ണിനെ കിട്ടിയതാ അതിപ്പോ ദേ നിന്ന് മോങ്ങുന്നു.ചെറിയമ്മയുടെ തലമണ്ടക്കിട്ട് രണ്ട് കൊടുക്കാനാണ് അവന് തോന്നിയത്.

കുട്ടി കരയണ്ട…. ഞാനൊന്നും ചെയ്യില്ല കുട്ടി ദാ ഇവിടെ കിടന്നോളൂ ഞാൻ താഴെ ഷീറ്റ് വിരിച്ച് കിടന്നോളാം. പേടിയൊക്കെ മാറീട്ട് നമുക്ക് വീണ്ടും ആദ്യരാത്രിയിലോട്ട് കടക്കാം.

അവളെ സമാധാനിപ്പിച്ച് താഴെ ഷീറ്റ് വിരിച്ച് കിടക്കുമ്പോൾ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസനെയാണ് ഓർമ്മ വന്നത്.

കള്ളപന്നികൾ…. ഓരോരുത്തർ ഇറങ്ങിക്കോളും മനുഷ്യന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ … കൈയിൽ കിട്ടിയാൽ ആ തള്ളയെ ഇപ്പോ തന്നെ തീർത്തേനേ..

കട്ടിലിൽ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി കിടക്കുമ്പോഴും ഉള്ളിൽ രോഷം അലതല്ലി.

അല്ലേലും ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണവസ്ഥ. ഞാനിങ്ങനെ പുര നിറഞ്ഞ് നിന്ന് പോവത്തേ ഉള്ളൂ..

ജീവിതത്തിലെ ആദ്യത്തെ ആദ്യരാത്രി തന്നെ നല്ല രീതിയിൽ കുളമായതിന്റെ ദേഷ്യം അവൻ ആരോടെന്നില്ലാതെ പറഞ്ഞു തീർത്തു.

ശുഭം.

രുദ്ര

About Intensive Promo

Leave a Reply

Your email address will not be published.