ഇരു വശത്തേയ്ക്കും വെട്ടിയിറക്കിയിട്ട മുടിയുമായി നടന്നിരുന്ന കൃഷ്ണ പ്രഭയുടെ മൊട്ടയടിച്ച പടം കണ്ട് എല്ലാവരും ആദ്യമൊന്ന് അമ്പരന്നു. ഇനി വല്ല, മേക്കപ്പുമാണോ എന്ന് സംശയം. അമ്മയും ചേട്ടനും മൊട്ടയടിച്ചു നിൽക്കുന്നതു കണ്ടപ്പോഴാണ് ഉറപ്പിച്ചത്, മേക്കപ്പല്ല, ശരിക്കും മൊട്ടയടിച്ചതാണെന്ന്.. എന്തായാലും പടം കണ്ടവർ കണ്ടവർ വിളിക്കുകയും മെസേജ് അയയ്ക്കുകയുമാണ്. നടി ഭാവന ഉൾപ്പടെയുള്ളവർ ക്യൂട്ട് ആയിട്ടുണ്ടെന്നു പറഞ്ഞു.
ഏയ് കാരണമൊന്നുമില്ല
തിരുപ്പതി ഭഗവാന്റെ കടുത്ത വിശ്വാസിയാണ് കൃഷ്ണപ്രഭയും അമ്മയും സഹോദരനുമെല്ലാം. എല്ലാ വർഷവും തിരുപ്പതി ഭഗവാനെ കാണാൻ പോകാറുമുണ്ട്. നാലു വർഷം മുമ്പ് അമ്മ മൊട്ടയടിച്ചു. പിന്നെ ബോയ് കട്ടിലാണ് അമ്മ. അത് സൂപ്പറാണെന്ന അഭിപ്രായമാണ് എല്ലാവർക്കും. ചേട്ടൻ എല്ലാ വർഷവും മൊട്ടയടിക്കാറുണ്ട്. എനിക്ക് മുടിവെട്ടാൻ പേടിയായിരുന്നു. ഇത്തവണയെന്തായാലും ധൈര്യം വന്നു. നാലാം വയസിലെങ്ങാണ്ടാണ് ആകെ മുടി മൊട്ടയടിച്ചത്. അതാണേൽ ഓർമയിൽ ഇല്ലതാനും.
പലരും ചോദിക്കും നേർച്ചയാണോ എന്ന്. നേർച്ചയൊന്നുമില്ല. എല്ലാ വർഷവും തിരുപ്പതിയിൽ പോകാറുണ്ട്. ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ജെയ്നിക ഡാൻസ് സ്കൂൾ ആരംഭിച്ചപ്പോൾ മുതൽ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തിൽ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ട്.
ഭയങ്കര സുഖം, എല്ലാവർക്കും പരീക്ഷിക്കാം
മുടി നഷ്ടപ്പെട്ടതിൽ ദുഖമൊന്നുമില്ല. ഭയങ്കര സുഖമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ ശരിക്കും മനസിലായി. ഈ ചൂടിൽ നല്ല സുഖമുണ്ട്. അടിപൊളിയെന്ന് കൃഷ്ണ.
തിരുപ്പതിക്കു പോകും മുമ്പ് ആര്യയോട് മൊട്ടയടിക്കാൻ പോകുവാന്ന് പറഞ്ഞതോടെയാണ് സംഗതി ഫ്ലാഷായത്. മൊട്ടയടിക്കും മുന്നേ ഇൻസ്റ്റഗ്രാമിൽ കഥ പോസ്റ്റ് ചെയ്തു. പിന്നെ ചോദിച്ചവരോടൊക്കെ തീരുമാനിച്ചില്ലെന്നു പറഞ്ഞെങ്കിലും തിരുപ്പതിയിലെത്തി കടുത്ത തീരുമാനം എടുക്കുകയായിരുന്നെന്നു കൃഷ്ണ പ്രഭ പറയുന്നു.