Breaking News
Home / Lifestyle / പ്രിയ സഹോദരാ,ഈ കടം എങ്ങനെ വീട്ടിത്തീർക്കും അറിയില്ല ഞങ്ങൾക്ക്…നിങ്ങൾക്കും ആ കുഞ്ഞിനും നല്ലതുമാത്രം സംഭവിക്കട്ടെ.

പ്രിയ സഹോദരാ,ഈ കടം എങ്ങനെ വീട്ടിത്തീർക്കും അറിയില്ല ഞങ്ങൾക്ക്…നിങ്ങൾക്കും ആ കുഞ്ഞിനും നല്ലതുമാത്രം സംഭവിക്കട്ടെ.

‘കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു.നാട്ടുകാരും പൊലീസും സംഘടനയുമൊക്കെ ഒത്തിരി സഹായിച്ചു.അങ്ങനെ എല്ലാവരുടെയും സപ്പോർട്ടോടുകൂടി ഒരുവിധം എത്തിപ്പെട്ടു….! ”

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചതിനുശേഷം ആംബുലൻസ് ഡ്രൈവർ ഹസ്സൻ പറഞ്ഞ വാക്കുകളാണിത്.

മംഗലാപുരം മുതൽ കൊച്ചി വരെയുള്ള 400 കിലോമീറ്റർ ദൂരം കേവലം അഞ്ചര മണിക്കൂറുകൾ കൊണ്ടാണ് ഹസ്സൻ പിന്നിട്ടത് ! ഇന്ധനം നിറയ്ക്കാൻ ഒരു തവണ ആംബുലൻസ് നിർത്തിയതൊഴിച്ചാൽ വേറൊരു ബ്രേക്ക് പോലും എടുത്തിരുന്നില്ല.വളരെയേറെ കഠിനമായിരുന്ന ജോലി ഭംഗിയായി ചെയ്തുതീർത്തപ്പോഴും ഹസ്സൻ തന്നെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല ! അതിനുപകരം മറ്റുള്ളവരെ നന്ദിയോടെ സ്മരിക്കുകയായിരുന്നു ആ മനുഷ്യൻ !

ആംബുലൻസ് അമൃത ഹോസ്പിറ്റലിൻ്റെ ഗേറ്റ് കടന്നതുമുതൽക്ക് എല്ലാ കണ്ണുകളും ആ ഡ്രൈവറെ തിരയുകയായിരുന്നു.ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ഇറങ്ങിവന്ന ഹസ്സനെ മാദ്ധ്യമങ്ങളും നാട്ടുകാരും പൊതിഞ്ഞു.ഫ്ലാഷുകൾ തുരുതുരാ മിന്നി.ഇതെല്ലാം കണ്ടപ്പോൾ ഹസ്സൻ കൂടുതൽ വിനയാന്വിതനാവുകയാണ് ചെയ്തത് ! ഒരു ചെറുപുഞ്ചിരിയോടെ ആ കാസർഗോഡുകാരൻ സാവകാശം നടന്നുനീങ്ങി.

ഇതുപോലുള്ള രംഗങ്ങൾ നമ്മൾ ‘ട്രാഫിക്’ എന്ന ചലച്ചിത്രത്തിൽ കണ്ടിട്ടുണ്ട്.പക്ഷേ അത് സിനിമയാണ്.ചിത്രീകരണത്തിനിടയിൽ എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ ആ രംഗം വീണ്ടും ഷൂട്ട് ചെയ്യാവുന്നതേയുള്ളൂ.പക്ഷേ ഇത് ജീവിതമാണ്.റീ-ടേക്കുകളില്ലാത്ത ജീവിതം ! അവിടെ പിഴവുകൾ അനുവദനീയമല്ല.അതുകൊണ്ടാണ് ഹസ്സൻ എന്ന ഡ്രൈവർ ഒരു സൂപ്പർസ്റ്റാറാകുന്നത്.

സർക്കാർ ഇടപെട്ടാണ് കുഞ്ഞിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തിരുവനന്തപുരത്തുള്ള ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് അതിനുമുമ്പ് തീരുമാനിച്ചിരുന്നത്.മംഗലാപുരത്തുനിന്ന് തിരുവനന്തപുരം വരെ എത്താൻ ഏതാണ്ട് 15 മണിക്കൂർ നേരത്തെ യാത്ര ആവശ്യമാണ്.എന്നാൽ പത്തുമണിക്കൂർ കൊണ്ട് കുഞ്ഞിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ദൗത്യമാണ് ഹസ്സന് ലഭിച്ചത്.അത് വളരെ വലിയൊരു റിസ്ക് തന്നെയായിരുന്നു.

സങ്കീർണ്ണമായ ഹൃദ്രോഗം മൂലം വിഷമിക്കുന്ന ഒരു പിഞ്ചുകുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായിരുന്നു ഹസ്സൻ്റെ ശ്രമം.അതൊരു സാധാരണ ആംബുലൻസ് യാത്രയായിരുന്നില്ല.തൻ്റെ പ്രയാണത്തെ ഒരു സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുമെന്ന കാര്യം ഹസ്സന് അറിയാമായിരുന്നു.യാത്രയ്ക്കിടയിൽ എന്തെങ്കിലും അപകടം സംഭവിച്ചിരുന്നുവെങ്കിലോ ! ശാപവാക്കുകളുടെ പെരുമഴ ഹസ്സനുമേൽ പെയ്തിറങ്ങുമായിരുന്നു !

വേറെയും ഉണ്ടായിരുന്നു പ്രശ്നങ്ങൾ.ഗതാഗതക്കുരുക്കിലകപ്പെട്ടാൽ ലക്ഷ്യം കാണാൻ വൈകും.ആംബുലൻസ് സൈറൺ മുഴക്കി പാഞ്ഞുവരുന്നതുകണ്ടാൽ സൈഡ് കൊടുക്കാതെ ഷോ കാണിക്കുന്ന ചില മാനസികരോഗികളെയും നമ്മുടെ നിരത്തുകളിൽ കാണാം.പക്ഷേ ആളുകൾ ഇതൊന്നും മനസ്സിലാക്കണമെന്നില്ല.ആംബുലൻസ് എത്താൻ വൈകിയാൽ അത് ഡ്രൈവറുടെ കഴിവുകേടായിട്ടാണ് പലരും വ്യാഖ്യാനിക്കുക.അങ്ങനെ വെല്ലുവിളികൾക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല !

പക്ഷേ വളയം പിടിച്ച് തഴമ്പിച്ച ആ കരങ്ങൾ വിറച്ചില്ല ! വേഗതയും കരുതലും സംയോജിപ്പിക്കുക എന്നതാണ് ഡ്രൈവിങ്ങിലെ ഏറ്റവും ശ്രമകരമായ കാര്യം.ഹസ്സൻ റോഡിൽ നടപ്പിലാക്കിയത് അതാണ് ! ഹസ്സനെ അടുത്തറിയാവുന്നവർക്ക് ഇതിൽ യാതൊരു അത്ഭുതവും തോന്നുകയില്ല.രണ്ടുവർഷങ്ങൾക്കുമുമ്പ് ഇതുപോലൊരു രോഗിയെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ആർ.സി.സി വരെ ഹസ്സൻ എത്തിച്ചത് കേവലം 9 മണിക്കൂറുകൾ കൊണ്ടാണ് !

സ്വന്തം ജീവൻ പോലും പണയംവെച്ചാണ് പല ആംബുലൻസ് ഡ്രൈവർമാരും ജോലി ചെയ്യുന്നത്.വാഹനത്തിൻ്റെ വേഗത കൂടുന്നതിനനുസരിച്ച് അപകടങ്ങൾക്കുള്ള സാദ്ധ്യതയും വർദ്ധിക്കും.ആംബുലൻസ് ഡ്രൈവർമാരും മനുഷ്യരാണല്ലോ.ചില അബദ്ധങ്ങൾ അവർക്കും സംഭവിക്കാം.പക്ഷേ അവരുടെ പിഴവുകൾ മാത്രമേ വലിയ വാർത്തയാകൂ.മരണപ്പാച്ചിൽ നടത്തി രക്ഷിച്ചെടുത്ത ആയിരക്കണക്കിന് ജീവനുകളെക്കുറിച്ച് അധികം ചർച്ചകളുണ്ടാകാറില്ല.

അമൃത ആശുപത്രിയുടെ മുറ്റത്തുവെച്ച്, കുപ്പിയിലെ കുടിവെള്ളം ആർത്തിയോടെ വായിലേക്ക് ഒഴിക്കുന്ന ഹസ്സൻ്റെ ചിത്രം മനസ്സിൽ നിന്ന് മായുന്നില്ല.നേരാംവണ്ണം ജലപാനം പോലും നടത്താതെയാവണം ആ മനുഷ്യൻ വാഹനമോടിച്ചത് ! ഇതിനെല്ലാം എന്ത് പ്രതിഫലം കൊടുത്താലാണ് മതിയാവുക!?

രണ്ടാഴ്ച്ച പ്രായമുള്ള ആ കുഞ്ഞിൻ്റെ പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ ഹസ്സൻ എന്ന പേര് എന്നെന്നേക്കുമായി ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞു.അതിനേക്കാൾ വലിയ പ്രതിഫലമൊന്നും ഹസ്സന് കിട്ടാനില്ല.മുഴുവൻ മലയാളികളുടെയും ഹീറോയാണ് ഹസ്സൻ ഇപ്പോൾ…

പ്രിയ സഹോദരാ,ഈ കടം എങ്ങനെ വീട്ടിത്തീർക്കും? അറിയില്ല ഞങ്ങൾക്ക്…നിങ്ങൾക്കും ആ കുഞ്ഞിനും നല്ലതുമാത്രം സംഭവിക്കട്ടെ…

Written by-Sandeep Das

About Intensive Promo

Leave a Reply

Your email address will not be published.