പത്തുരൂപ നൽകാനില്ലാത്തതിനെ തുടര്‍ന്ന് പകരം രണ്ടുവയസുകാരി മകളെ ഹോട്ടലിൽ പണയംവെച്ച് ഒരച്ഛൻ. ചൈനയിലാണ് ഞെട്ടിക്കുന്ന സംഭവം. ആറു യുവാന്റെ(62 രൂപ) ഊണാണ് ഇയാൾ മകളോടൊപ്പം എത്തി കഴിച്ചത്. ബില്ല് കൊണ്ടുവന്നപ്പോൾ ഒരു യുവാന്റെ(10 രൂപ) കുറവുണ്ടായിരുന്നു. പണം നൽകാനില്ല, പകരം മകളെ പണയത്തിന് വെയ്ക്കുകയാണെന്ന് പറഞ്ഞ് ഇയാൾ ഹോട്ടലിൽ നിന്ന് ഇറങ്ങി.
ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് ഹോട്ടൽ ജീവനക്കാർക്കും മനസിലായില്ല. അച്ഛൻ പോകുന്നത് കണ്ട് കുഞ്ഞ് കരഞ്ഞുകൊണ്ട് പിന്നാലെ ഒാടി. എന്നിട്ടും അച്ഛൻ തിരിഞ്ഞുപോലും നോക്കാതെ പോകുന്നത് കണ്ട് ഹോട്ടൽ ജീവനക്കാർ കുഞ്ഞിനെയെടുത്ത് സമാധാനിപ്പിച്ചു.
കുടിക്കാൻ പാല്‍ നൽകിയതോടെ കുഞ്ഞ് കരച്ചിലടക്കി. അച്ഛൻ വരുന്നത് കാത്തുനിൽക്കാതെ ഇവർ കുഞ്ഞിനെ പൊലീസിനെ ഏൽപ്പിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇയാൾ മടങ്ങിയെത്തി രൂപ നൽകി. ഹോട്ടലിൽ കുഞ്ഞില്ലെന്ന് കണ്ട് ഇയാൾ രോഷത്തോടെ ഒച്ചവെച്ചു. പൊലീസിൽ ഏൽപ്പിച്ച വിവരം പറഞ്ഞപ്പോൾ വീണ്ടും കുപിതനായി. ഏതായാലും രോഷം അടങ്ങിയ ശേഷം അച്ഛൻ തന്നെ പൊലീസിന്റെ പക്കൽ നിന്നും കുഞ്ഞിനെ തിരികെ വാങ്ങി. ഹോട്ടൽ ദൃശ്യങ്ങളുടെ വിഡിയോ വൈറലാണ്.