പുലർച്ചെ നിസ്കരിക്കാൻ വേണ്ടി വിരിപ്പിലേക്ക് ഞാൻ കയറി നിന്നതായിരുന്നു…
അപ്പോഴാണ് റൂം മേറ്റായ അരുൺ അപ്പുറത്തെ സോഫയിൽ വന്നിരുന്നത് കയ്യിൽ മൊബൈലുമുണ്ട് ആൾ കുറച്ച് സന്തോഷത്തിലുമാണ്…
എന്തെടാ ഫുൾ ഹാപ്പിയാലോ എന്ന് ഞാൻ ചുമ്മാ ചോദിച്ചു…
ഒന്നുമില്ല അളിയാ ഇന്ന് വിഷുവല്ലേ കണി കാണുവായിരുന്നു…
ആഹാ കണിയും കണ്ടോ.. യെസ് കണ്ടു ഡിജിറ്റൽ കണിയായിരുന്നു എന്ന് മാത്രം…
വീട്ടിൽ നിന്നും വീഡിയോ കാൾ ചെയ്തു അങ്ങനെ ഇങ്ങേ കരയിലിരുന്ന് ഞാനും കണ്ടു എൻറെ കുടുംബത്തോടൊപ്പം ഒരു ഐഎംഒ വിഷുക്കണി….
ദാ നിനക്കു കാണണോ എന്ന് ചോദിച്ചു കൊണ്ട് അവൻ എൻറെ നമസ്കാര വിരിപ്പിനടുത്തേക്ക് ഓടി വന്നു…
ഐഎംഒ വിഷുക്കണിയോ എങ്കിൽ ഒന്നു കണ്ടു കളയാം..
ഹാ എവിടെ നോക്കട്ടെ നിങ്ങളുടെ കണി എന്നു പറഞ്ഞു കൊണ്ട് ഞാൻ ഒന്ന് എത്തി വലിഞ്ഞു നോക്കി…
ശ്രീ കൃഷ്ണനും അതിനു മുമ്പിലായി നിലവിളക്കും പിന്നെ വളരെ ഭംഗിയോടെ തൂക്കിയിട്ട കണിക്കൊന്നകളും പാത്രങ്ങളിൽ അരിയും,
വെള്ളരിക്കയും
കുമ്പളങ്ങയും
തേങ്ങയും
സ്വർണവും…
അങ്ങനെ സമ്പൽ സമൃദ്ധിയുടെ നാളുകൾക്കു തുടക്കം കുറിക്കാനുതകുന്ന നല്ല കണിക്കുതകുന്ന മറ്റനേകം ഇനങ്ങൾ എന്തൊക്കെയോ ഞാൻ കണ്ടു….
ആചാരങ്ങളെ കുറിച്ച് കൂടുതൽ ഞാൻ നിസ്കാര ശേഷമാണ് അവനോടു ചോദിച്ചറിഞ്ഞത്..
മേൽ പറഞ്ഞ ഇത്രയധികം സാധനങ്ങൾ കണിയിൽ ഒരുക്കുമെന്ന് വിശദമായ ആ ചോദിച്ചറിയലിലൂടെയാണ് എനിക്കറിയാൻ കഴിഞ്ഞത്…
നാട്ടിലെ വിഷു ഓർമകളിൽ ലയിച്ചു കൊണ്ട് മൊബൈൽ സ്‌ക്രീനിൽ വീട്ടുകാർ ഒരുക്കിക്കൊടുത്ത കണിയിൽ മനം നിറഞ്ഞു കൊണ്ട് അവൻ അങ്ങനെ ഇരിക്കുന്നുണ്ടായിരുന്നു…
പ്രവാസം എന്ന പാഠശാല എന്നേ ആ നേരം തെല്ലൊന്നുമല്ല
ഇരുത്തി ചിന്തിപ്പിച്ചത്….
ഇന്നത്തെ ഈ വിഷുക്കണി പിറന്ന നാടിന്റെ ഇന്നത്തെ അവസ്ഥകളിലേക്ക് പെട്ടെന്നാണ് എന്നേ ചിന്തകളെ കൊത്തി വലിച്ചു കൊണ്ട് പോയത്…
മനസ്സാക്ഷിയുള്ള ഓരോ മനുഷ്യരെയും നടുക്കിയ, ഇന്ത്യയിൽ ഇന്നും ഇന്നലെയായും നടന്നു കൊണ്ടിരിക്കുന്ന വർഗീയത തുളുമ്പുന്ന പീഡനങ്ങളും, കൊലപാതകങ്ങളും,
തെറി വിളികളും, പ്രക്ഷോഭങ്ങളും..
അഴിഞ്ഞാട്ടങ്ങളും..
ജാതിയെ ചൊല്ലിയും,
തറവാട്
നോക്കിയും,
കഴിക്കുന്ന ഭക്ഷണത്തിൽ വരേ വർഗ്ഗീയത നോക്കി..
കൊന്നും കൊലവിളി മുഴക്കിയും മത്സരിക്കുന്ന ഭാരതാംബയുടെ ഭാരതത്തിലെ സ്വന്തം മക്കൾ…
എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരാണെന്ന് വിളിച്ചു കൂവുന്ന ഭാരത പൗരർ കാട്ടിക്കൂട്ടുന്ന പേകൂത്തുകൾ പ്രവാസത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ ഇരുന്ന് എന്നേ തെല്ലൊന്നുമല്ല ചിന്തിപ്പിച്ചത്….
വർഗ്ഗീയത ഛർദിക്കുന്ന ഭാരത മക്കൾക്കോരോരുത്തർക്കും പ്രവാസം എന്ന പാഠശാലയിലേക്ക് സ്വാഗതം…
ഈ നാലു ചുമരുകൾക്കുളിലുള്ള ഈ ലോകമാണ് ഞങ്ങളുടെ യൂണിവേഴ്സിറ്റി…
ഇതിനുള്ളിൽ ഹിന്ദുവുണ്ട്,മുസൽമാനുണ്ട്,
ക്രിസ്ത്യനുണ്ട്..
ജാതിയില്ലാത്തവരുണ്ട്..
ഇവിടെ നാട്ടിൽ നിന്നും കൊണ്ട് വരുന്ന ബീഫ് തിന്നാൻ മുസൽമാനേക്കാൾ കൊതിയോടെ കാത്തിരിക്കുന്ന ഹൈന്ദവ സുഹൃത്തുക്കളുണ്ട്..
ബീഫിന്റെ പാത്രത്തിൽ കയ്യിട്ടു വാരുമ്പോൾ ആദ്യം വീഴുന്നതും അവസാനം ഉയരുന്നതുമായ അവരുടെ കൈകളുമുണ്ട്…
നിസ്കാരം മുറക്ക് നടക്കുന്ന നിസ്കാരപ്പായകളും,തിരിതെളിഞ്ഞു കത്തുന്ന ഹൈന്ദവരുടെ ഇഷ്ടദൈവങ്ങളും,ഈശോ മിശിഹായും പല സ്ഥാനങ്ങളിൽ ഒരുമിച്ചു കുടികൊള്ളുന്നുമു ണ്ട്…
ഇവിടെ നാലാൾകുള്ള ഭക്ഷണം ഞങ്ങൾ എട്ടു പത്തുപേർ ഒന്നിച്ച് ഒരേ പാത്രത്തിൽ നിന്നും ഒരേ മനസ്സോടെ കഴിക്കാറുമുണ്ട്…
ജാതി നോക്കി വിളമ്പാൻ മടിക്കാറില്ല…
ഇവിടെ ഞങ്ങൾ മനുഷ്യരാണ്..
ഞങ്ങളുടെ വയറുകൾക്ക് ഒരേ വിശപ്പാണ്…
തുളസിത്തറ കെട്ടാൻ നാട്ടിലേക്കയക്കാൻ വെച്ച കാശിനാൽ അതിനേക്കാൾ ആവശ്യം വീട്ടിൽ തീപുകയലാണ് എന്നും പറഞ്ഞ് അന്യമതക്കാരന്റെ വീട്ടിൽ തീപുകയിച്ച പാരമ്പര്യവുമുണ്ട്….
ഇവിടെ ഓരോരുത്തരും മാനുഷിക മൂല്ല്യം അനുഭവിക്കുന്നുണ്ട്….
വിശന്ന വയറും,
കാലിയായ പോക്കറ്റും,
വിഷമം പേറിയ ഹൃദയങ്ങളും ഞങ്ങളെ ഇവിടെ പഠിപ്പിച്ച ഒരുപാട് പാഠങ്ങളുണ്ട്…
ഞങ്ങൾ അതിൽ നിന്നും ഉൾക്കൊണ്ട് വളർന്നു വന്നവരാണ്….
പ്രവാസംഎന്ന ജീവിതത്തെ പഠിപ്പിച്ച പരമോന്നത ഡിഗ്രി അങ്ങനെ ഞങ്ങൾ നേടിയെടുത്തതാണ്
ഞങ്ങൾ പിറന്ന നാടിന്റെ സ്പന്ദനങ്ങളിൽ ഓർമ്മകൾ കൊണ്ട് ജീവിക്കാറുണ്ട്…
ഇന്നതിനെ വെറുക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു…
വർഗ്ഗീയ വിഷം തീണ്ടിയ ഒരുപറ്റം തെമ്മാടികൾ…
തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തുന്ന,മനസ്സാക്ഷിക്ക് അന്ധത ബാധിച്ച സകല എണ്ണത്തിനെയും പ്രവാസത്തിലേക്ക് കയറ്റി വിടുന്ന നിയമം വരണം….
രണ്ടേ രണ്ടു ദിവസം ഇവിടെ വന്നു നിന്നാൽ മതി നീയൊക്കെ…
അതല്ലേൽ തൊട്ടാൽ ഭയക്കുന്ന,വിറയ്ക്കുന്ന നിയമം വരണം നമ്മുടെ നാടുകളിൽ….
എല്ലാത്തിനും ഒരു അറുതി വരുമെന്ന് നമുക്ക് പ്രത്യാശിക്കാം…
സലു അബ്ദുൽകരീം