Breaking News
Home / Lifestyle / മലേഷ്യൻ ട്രിപ്പിനിടയിലുണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരനുഭവം

മലേഷ്യൻ ട്രിപ്പിനിടയിലുണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരനുഭവം

വിവരണം – ഷാനിൽ മുഹമ്മദ്.

എല്ലാ യാത്രകളിലുമുണ്ടാകും നല്ലതും ചീത്തയുമായ അപ്രതീക്ഷിത സംഭവങ്ങൾ / അനുഭവങ്ങൾ. നമ്മുടെയെല്ലാം ജീവിതയാത്ര പോലെ. എല്ലാരുടേം അറിവിലേക്കും മുൻകരുതലിനും വേണ്ടി ഇത്തവണത്തെ മലേഷ്യൻ ട്രിപ്പിനിടയിലുണ്ടായ ‘ദുരനുഭവം’ പങ്കുവെക്കാം. ക്വലാലംബൂരിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ് “ബാത്തു കേവ് ” (ഗുഹാ ക്ഷേത്രം). ചുണ്ണാമ്പ് കല്ലുകളാൽ പ്രകൃതിയാൽ നിർമിതമായ പാറക്കൂട്ടവും, അതിനു മുകളിൽ പ്രകൃത്യാലുള്ള നിരവധി ഗുഹകളും അതിൽ ചെറിയ ചെറിയ അമ്പലങ്ങളുമൊക്കെയുള്ള ഭംഗിയുള്ള ഭൂപ്രകൃതി കണ്ടാസ്വദിക്കുവാൻ നിരവധി ആളുകളാണ് നിത്യവും ഇവിടെ എത്തിച്ചേരുന്നത്.

ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും പ്രശസ്തമായ മുരുകസ്വാമി യുടെ പേരിലുള്ള അമ്പലമാണ് ബാത്തു കേവ് ഗുഹാഷേത്രം. ലോകത്തിലെ ഏറ്റവും വലിയ മുരുഗസ്വാമി പ്രതിമയും ബാത്തു കേവ് ന്റ മുന്നിലാണ് ( 140 അടി ഉയരം ). വളരെ വൃത്തിയിലും അച്ചടക്കത്തോടെയും പരിപാലിക്കുന്ന ഇവിടം, അസംഖ്യം കുരങ്ങന്മാരുടെ വാസസ്ഥലം കൂടിയാണ്.

കുരങ്ങന്മാക്ക് ഭക്ഷണം നൽകുന്നതിനോ ഫോട്ടോ എടുക്കുന്നതിനോ നിയന്ത്രണങ്ങളൊന്നും ഉള്ളതായി അവിടെ എങ്ങും അറിയിപ്പൊന്നും കണ്ടില്ല. അതുകൊണ്ട് തന്നെ നിരവധി ആളുകൾ പോപ്പ്കോൺ, ബിസ്കറ്റ് എല്ലാം കൊടുക്കുന്നതും ഫോട്ടോ എടുക്കുന്നതുമൊക്കെ കാണാമായിരുന്നു. പൊതുവെ ആക്രമണകാരികൾ അല്ലാത്ത കുരങ്ങന്മാർ ദേഹത്ത് വന്നു കേറാതെ സൂക്ഷിച്ചാണ് മലമുകളിലേക്കുള്ള പടവുകൾ കയറി മുകളിലെത്തിയത്.

മലമുകളിൽ, ആറുവയസ്സുകാരി മകളും ഭാര്യയും ഞാനും കൂടി ഗുഹാക്ഷേത്രങ്ങളും ചുറ്റുപാടും കണ്ട് ക്യാമറയൊക്കെ ആയി ചുറ്റിക്കറങ്ങുന്നതിനിടയിൽ പെട്ടെന്ന് മകളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഞെട്ടി. തൊട്ടടുത്ത് നിന്ന മകളുടെ കൈയിലും ദേഹത്തുമായി തടിമാടൻ കുരങ്ങു തൂങ്ങി കിടക്കുന്നു. അവള് ഒച്ചവെച്ചു കൈ കുടഞ്ഞിട്ടും ദേഹത്ത് നിന്ന് വിട്ട് പോകുന്നില്ല. ഓടിച്ചെന്ന് കുരങ്ങിനെ ഓടിച്ചു കൈ നോക്കിയപ്പോൾ മാന്തി പൊളിച്ചു വച്ചിരിക്കുന്നു. കുരങ്ങിന്റെ നഖം കൈയിൽ ആഴത്തിൽ ഇറങ്ങി അവിടം രക്തം ചീറ്റുന്നുണ്ടായിരുന്നു. പേടിയോടെയുള്ള ഭയങ്കര കരച്ചിലും.

ഉടൻ മകളെ എടുത്തു തൊട്ടടുത്തുള്ള പൈപ്പിൽ കൊണ്ട് കൈ നന്നായി കഴുകി. മുറിവ് പരിശോധിച്ചു. രക്തം കൊണ്ട് നനഞ്ഞു കുതിർന്നിരുന്നു. നന്നായി രക്തം ചീറ്റുന്നുമുണ്ടായിരുന്നു. അതിന് ശേഷം മുറിവിൽ അമർത്തിപ്പിടിച്ചു കയ്യിലുണ്ടായിരുന്ന തൂവാല കൊണ്ട് അമർത്തി കെട്ടി. വേഗം മോളെ എടുത്തു താഴേക്ക് മല ഇറങ്ങി. അപ്പോഴും മകളുടെ കരച്ചിൽ അടങ്ങിയിട്ടുണ്ടായിരുന്നില്ല. ഞങ്ങളുടെ വിറയലും. വിദേശികൾ അടക്കമുള്ളവർ സഹായവുമായി ഓടി വന്നു.

എല്ലാരും പേടിച്ചു വിറച്ചു നിൽക്കുകയായിരുന്നു. താഴെ എത്തി അമ്പലത്തിന്റ സെക്യൂരിറ്റി ഓഫീസിൽ കാര്യം പറഞ്ഞപ്പോൾ അവർ ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൈ മുറിവ് ക്ലീൻ ആക്കി കെട്ടി തന്നു. കുറെ വെള്ളവും നിർബന്ധിച്ചു കുടിപ്പിച്ചു. എന്നിട്ട് അടുത്ത ആശുപത്രിയുടെ ലൊക്കേഷൻ പറഞ്ഞുതന്നു. അവിടുന്ന് നടക്കാവുന്ന ദൂരമേ ആശുപത്രിയിലേക്ക് ഉണ്ടയിരുന്നുള്ളൂ. വേഗം മോളെയും എടുത്തുകൊണ്ട് അങ്ങോട്ട് ഓടി.

അവിടെച്ചെന്ന് മുറിവ് ഡ്രസ്സ് ചെയ്ത് ടി ടി എടുത്തപ്പോഴാണ് ശ്വാസം നേരെ വീണത്. തിരിച്ചു നാട്ടിലേക്ക് വരുന്നതിന്റെ തലേ ദിവസമയത് കൊണ്ട് നാട്ടിൽ എത്തിയിട്ട് ആന്റി റാബീസ് വാക്‌സിൻ എടുത്താൽ മതി എന്ന് നാട്ടിലെ ഡോക്ടർ പറഞ്ഞിരുന്നു. മോളുടെയും വൈഫിന്റെയും പേടി മാറ്റാൻ ട്രിപ്പ് പ്ലാനിലൊന്നും വ്യത്യാസപ്പെടുത്താതെ KL Tower ഉം ചൈന മാർക്കറ്റും കണ്ടു കഴിഞ്ഞാണ് റൂമിൽ കയറിയത്. പിറ്റേന്ന് മടക്കം ആയത് കൊണ്ട് അധികം കറക്കം കാര്യങ്ങളൊക്കെ ഒഴിവാക്കി കൂടുതൽ സമയം കിടന്നുറങ്ങി നേരെ എയർപോർട്ട് പിടിച്ചു.

ജീവിതത്തിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും കുടുംബമൊത്തുള്ള യാത്രയുടെ അത്രയും ടെൻഷൻ വേറെ യാത്രകൾക്കൊന്നും ഇല്ല. പ്രത്യേകിച്ചും മോളും കൂടി ഉള്ളപ്പോൾ. അത് പക്ഷെ പുറത്തു കാണിക്കാറില്ല എന്ന് മാത്രം. ഏതായാലും ഈ യാത്രയും ഈ അനുഭവവും ജീവിതാവസാനം വരെ ഓർമ്മിക്കത്തക്കതായി എന്നും നിലനിൽക്കും. ഓർക്കുക :

കുടുംബമൊത്തായാലും അല്ലെങ്കിലും യാത്രയിൽ കുരങ് ഉൾപ്പെടെയുള്ള ജീവികളോട് പെരുമാറുന്നത് സൂക്ഷിക്കണം. അവിടെ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് ആശുപത്രി, ഫസ്റ്റ് എയ്ഡ്, കഴുകാൻ വെള്ളം എല്ലാം കിട്ടി. കാട്ടിലോ വേറെ റിമോട്ട് ഏരിയയിൽ മറ്റോ ആയിരുന്നെങ്കിൽ പ്രശ്നം കൂടുതൽ വഷളായേനെ എന്ന് കൂടി ഓർക്കണം. ആർക്കും ഇങ്ങനെ അനുഭവം വരുത്താതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ…

About Intensive Promo

Leave a Reply

Your email address will not be published.