ഈ കാഴ്ച ഉറക്കമില്ലാതാക്കിയിട്ട് ദിവസങ്ങളായി. എന്നെ മാത്രമല്ല, നമ്മളോരോരുത്തരെയും. ജീവിച്ചിരുന്നപ്പോൾ മാത്രമല്ല, മരണത്തിന് ശേഷവും അവന് നീതി കിട്ടിയില്ല. ശവക്കുഴിക്ക് മേൽ അവന്റെ കുഞ്ഞു ശരീരം മറച്ചിട്ട, പച്ചമണ്ണിൽ ഒരു ഓലക്കീറ് വെട്ടിയിട്ട് എല്ലാവരും പോയിക്കഴിഞ്ഞു, അവനെ തനിച്ചാക്കി.
മരണശേഷമെങ്കിലും അവന് നീതി വാങ്ങിക്കൊടുക്കേണ്ടത്,നമ്മളോരോരുത്തരുടെയും കടമയാണ്. വാക്കുകൾ കൊണ്ട് ദു:ഖം രേഖപ്പെടുത്തിയിട്ട് നിശ്ശബ്ദരായിരിക്കുന്നത്, അവന്റെ ആത്മാവിനെ അപമാനിക്കുന്നതിന് തുല്ല്യമാണ്. ഒരു മിഠായി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കൊതിപ്പിച്ചിട്ട് അവനെ പറ്റിക്കുന്നത് പോലെ.
അവന് ജന്മം കൊടുത്ത സ്ത്രീയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. കൗൺസിലിംഗിന് ശേഷം മാത്രമേ, അവൾക്കെതിരെ കേസെടുക്കണോ എന്ന് തീരുമാനിക്കുള്ളൂ പോലും.!!! രണ്ട് കൗൺസിലിംഗ് കഴിഞ്ഞു. ഇനി ഒരെണ്ണം കൂടിയുണ്ട്. അവൾക്കെതിരെ കേസെടുക്കാത്തതെന്തെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും. ആ കുഞ്ഞിനെ കൊന്നത് അവളും കൂടി ചേർന്നാണ്. എന്നിട്ടും, അവന്റെ മൃതദേഹവും, ഇളയ കുഞ്ഞിന്റെ സംരക്ഷണവും അവൾക്ക് വിട്ടുകൊടുത്തു എന്നറിയുമ്പോഴാണ്, അവളുടെ സ്വാധീനം നമുക്ക് മനസ്സിലാവുന്നത്.
ആ ഇളയകുഞ്ഞ് ഇവളുടെ സംരക്ഷണയിലുള്ളപ്പോൾത്തന്നെ ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്നോർക്കണം. സ്വാധീനവും, പണവും ഉള്ളവർ ഉൾപ്പെട്ട മറ്റേതൊരു കേസുകളെയും പോലെ, ഈ കേസും തേഞ്ഞുമാഞ്ഞ് പോകരുത്. നമുക്കും കുഞ്ഞുങ്ങളുണ്ട്. ഇന്ന് അവനുണ്ടായ ദുരന്തം, നാളെ മറ്റൊരു കുഞ്ഞുങ്ങൾക്കും ഉണ്ടാകരുത്.
അവനെ ചുമരിലടിച്ച് കൊന്ന അരുൺ ആനന്ദ് എന്ന ക്രൂരൻ, മൃഷ്ടാന്നമുണ്ട് ജയിലിൽ കഴിയുന്നു. അവനും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പാടില്ല. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച രാത്രി, ഇവരുടെ കാറിൽ നിന്ന് രണ്ട് പ്രഷർ കുക്കറുകളും, മഴുവും, പാറക്കഷണങ്ങളും, മദ്യക്കുപ്പിയും മറ്റും പോലീസ് കണ്ടെടുത്തു. പരസ്പര പൂരകങ്ങളല്ലാത്ത ഈ സാധനങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയുന്നവർക്ക് അറിയാം. എന്നിട്ടും, പോലീസ് അതേക്കുറിച്ച് മിണ്ടുന്നില്ല.
നമുക്ക് അവന് നീതി വാങ്ങിക്കൊടുത്തേ മതിയാകൂ. അതിന് നമ്മൾ ഒന്നിച്ചു നിൽക്കണം. അവനെ ക്രൂരമായി കൊന്ന രണ്ടുപേരും ശിക്ഷിക്കപ്പെടണം. അവന്റെ അച്ഛന്റെ മരണത്തെക്കുറിച്ച് അന്വേഷണം വേണം. ഈ കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇനിയും ഒരുപാടുണ്ട്.
ഈ കേസിന്റെ നീതിപൂർവ്വമായ നടത്തിപ്പിനും, പ്രതികൾ ശിക്ഷിക്കപ്പെടാനും നിയമത്തിന്റെ വഴിയേ നീങ്ങിയേ മതിയാകൂ. അതിനായി ഒരു ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതുമായി മുന്നോട്ടു പോകുകയാണ്. ഫെയ്സ്ബുക്ക് സുഹൃത്തുക്കളായ നിരവധിപ്പേരുടെ ആവശ്യപ്രകാരമാണ് ഈ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നത്. സഹകരിക്കാൻ താൽപ്പര്യമുള്ളവർ അടിയന്തിരമായി ബന്ധപ്പെടേണ്ട നമ്പർ കമന്റ് ചെയ്യുക.
(ലൈക്കല്ല ആവശ്യം. നിങ്ങളുടെ ഓരോരുത്തരുടെയും പങ്കാളിത്തമാണ്. അതിന് താൽപ്പര്യമുള്ളവർ മൊബൈൽ നമ്പർ കമന്റ് ബോക്സിലോ, ഇൻ ബോക്സിലോ തരിക.)