ഒട്ടുമിക്ക ആളുകൾക്കും അപരിചിതർ ആണ് ‘ട്രെയിനോടിക്കുന്ന ഡ്രൈവര്‍’ അഥവാ ലോക്കോ പൈലറ്റ് അവരെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ.. ?
മറ്റേതൊരു വാഹന നിയന്ത്രണവിനെക്കാളും മനോദൈര്യവും ജാഗ്രതയും വേണ്ട ഒരു ജോലിയാണ് ലോക്കോപൈലറ്റിന് ചെയ്യാനുള്ളത്. വിമാനത്തിന്റെ പൈലറ്റിന് പോലും ചില യാത്രാ സമയങ്ങളില്‍ ‘ഓട്ടോ പൈലറ്റ്’ മോഡിലിട്ട് അല്പം റിലാക്സ് ചെയ്യാന്‍ പറ്റുന്നുണ്ട്. ഒരു കപ്പിത്താനും കപ്പല്‍ ചാന്നലില്‍ അപ്രതീക്ഷിത ദുരന്തങ്ങള്‍ നേരിടേണ്ടി വരുന്നില്ല. റോഡിലൂടെ ഓടുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഒന്ന് ബ്രേക്ക് ചവിട്ടിയാല്‍ ഒരു ദുരന്തം ഒഴിവാക്കാന്‍ സാദിക്കും. എന്നാല്‍ ലോക്കോ പൈലറ്റ് ഇതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു. നല്ല മനകട്ടി വേണം ആ തൊഴില് ചെയ്യാന്‍.
വളവിലും മരങ്ങള്‍ക്കുമിടയില്‍ മറഞ്ഞിരിക്കുന്ന സിഗ്നലുകള്‍ കണ്ടുപിടിക്കുന്നതും കൃത്യ സമയത്ത് സ്റ്റേഷനില്‍ വണ്ടി എത്തിക്കുന്നതും മാത്രമല്ല വെല്ലുവിളി. ജനവാസ കേന്ദ്രങ്ങളുടെ ഇടയിലൂടെ കുതിച്ചു പായുന്ന തീവണ്ടിയുടെ നിയന്ത്രണം എളുപ്പമല്ല എന്നതാണത്. കോഴിക്കോട് രണ്ടു വയസ്സുകാരനായ ഒരു കുട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയത് ആരുമറിഞ്ഞില്ല. കുട്ടി കളിക്കാന്‍ വേണ്ടി പോയി ഇരുന്നത് വീട്ടിന് മുന്നിലൂടെ പോകുന്ന റെയില്‍ പാളത്തിലാണ്. വളരെ ദൂരെ നിന്ന് തന്നെ കുതിച്ച് വരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റ് കുട്ടി പാലത്തിലിരുന്ന് കളിക്കുന്നത് കണ്ടു. ആ നിസ്സഹായനായ മനുഷ്യന്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി. എമേര്‍ജന്‍സി ബ്രേക്ക് ചെയ്തു. കുട്ടിയെ തട്ടി തെറിപ്പിച്ച് പിന്നെയും കുറെ മുന്നോട്ട് പോയാല്‍ മാത്രമേ വണ്ടി നില്‍ക്കുകയുള്ളൂ എന്ന് അറിയാമായിരുന്നു. ഒന്നും മനസ്സിലാക്കാനുള്ള പ്രായമെത്താത്ത, മരണം തൊട്ടു മുന്നിലെത്തിയിട്ടും കളിയില്‍ വ്യാപ്രതനായ ആ കുഞ്ഞിനെ വണ്ടി എടുത്തെറിയുന്നത് ലോക്കോ പൈലറ്റ് നോക്കി നിന്നു. നിസ്സംഗതയോടെ. അതാണ് ഈ ജോലി വേറിട്ട് നില്‍ക്കുന്നു എന്ന് പറഞ്ഞത്.
ഇത് പോലെ ട്രാക്ക് മുറിച്ച് കടക്കുന്നവരും പൂരങ്ങളും വെടിക്കെട്ടും ആസ്വദിക്കാന്‍ പാളത്തില്‍ കൂടി നില്‍ക്കുന്ന ജനങ്ങളും പാളത്തിലൂടെ നടന്നു പോകുന്ന മനുഷ്യരും റെയില്‍വേ ക്രോസ്സിംഗ് കടന്നു പോകുന്ന വാഹനങ്ങളും ആത്മഹത്യ ചെയ്യാന്‍ തല വെക്കുന്നവരുമായ നിരവധി സാഹചര്യങ്ങളില്‍ ഹോണ്‍ മുഴക്കിയും ബ്രേക്ക് ചെയ്തും വരാന്‍ പോകുന്ന ദുരന്തത്തിന് ധീരമായി സാക്ഷ്യം വഹിക്കുന്നത് ചെറിയ കാര്യമാണോ.. പിന്നെ വണ്ടി നിര്‍ത്തിയാല്‍, നടപടി ക്രമത്തിന്റെ ഭാഗമായി അറിയിക്കേണ്ടവരെ അറിയിച്ച്, സാങ്കേതിക പരിശോധന കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടില്‍ യാത്ര തുടരാനാണ് വരുന്ന നിര്‍ദേശം.
ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ വേഗം എഞ്ചിന്‍ റൂമിലേക്ക് ചാടിക്കയറി അയാള്‍ നീളന്‍ വണ്ടിയുടെ പുറപ്പെടല്‍ അറിയിച്ച് വീണ്ടും ഹോണ്‍ മുഴക്കുകയായി. അടുത്ത അപ്രതീക്ഷിത ദുരന്തം ഏത് സമയവും പ്രതീക്ഷിച്ച്, ഒന്നുറക്കെ ഹോണ്‍ മുഴക്കാന്‍ തയ്യാറായി, ബ്രേക്ക് ചെയ്യാന്‍ തയ്യാറായി, ദുരന്തം നേരിട്ട് കാണാന്‍ മനസ്സിനെ കല്ലാക്കി അവര്‍, ലോക്കോ പൈലറ്റുമാര്‍, ലക്ഷ്യസ്ഥാനത്തെക്ക് കുതിക്കുകയാണ്.
ജീവിത യാത്രയിൽ ആശംസകൾ നേരുന്നു
കടപ്പാട് :- ഒരറിവും ചെറുതല്ല