‘അമ്മ സിംഹം’..! സ്വന്തം മകളെ കൺമുന്നിലിട്ട് മാനഭംഗം ചെയ്ത സംഘത്തിലെ ഒരാളെ കൊല്ലുകയും മറ്റ് രണ്ടുപേർക്ക് ഗുരുതര പരുക്കുകളും നൽകിയ ഒരമ്മയെ രാജ്യാന്തര മാധ്യമങ്ങൾ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്കാണിത്. അമ്മ സിംഹം എന്ന തലവാചകത്തിൽ ഇൗ ജീവിതാനുഭവം ഇന്ന് ലോകം സജീവ ചർച്ചയാക്കുന്നു. സൗത്ത് ആഫ്രിക്കയിലെ ഇൗ ധീരവനിത ഇന്ന് ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.
സംഭവം ഇങ്ങനെ: പ്രിയമകളെ മൂന്നു ചെറുപ്പക്കാർ ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന വാർത്തയാണ് ഇൗ അമ്മയെ മൊൈബലിൽ തേടി എത്തിയത്. പിന്നിലാരാണെന്ന് വേഗം ഉൗഹിച്ചെടുത്ത അമ്മ വീട്ടിൽ നിന്നും ഒരു കത്തിയുമെടുത്ത് ഇറങ്ങി ഒാടി. മകളെ തട്ടിക്കൊണ്ടുപോയവരെ കുറിച്ചും അവരുടെ ഒളിയിടത്തെ കുറിച്ചും അമ്മ മനസിലാക്കിയിരുന്നു. മകളുടെ ഉറക്കെയുള്ള കരച്ചിൽ അടുത്തടുത്ത് വന്നു. അമ്മ ചെന്നു നോക്കുമ്പോൾ കാണുന്നത് മകളെ ഒരാൾ മാനഭംഗം ചെയ്യുന്നതാണ്. മറ്റ് രണ്ടുപേർ വിവസ്ത്രരായി ഉൗഴം കാത്തുനിൽക്കുന്നു. ഇൗ കാഴ്ച കണ്ടുവന്ന അമ്മയുടെ രോഷത്തിൽ ഒരു ജീവൻ അമ്മ എടുത്തു. രണ്ടുപേർക്ക് ആക്രമണത്തിൽ പരുക്കേറ്റു.
പിന്നീട് കൊലക്കുറ്റത്തിന് ഇൗ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അവിടെ നിന്നാണ് ഇൗ വാർത്ത ലോകശ്രദ്ധ നേടുന്നത്. അമ്മയെ ശിക്ഷിക്കരുതെന്നും വെറുതേ വിടണമെന്നും ആവശ്യമുയർന്നു. മാധ്യമങ്ങൾ തുടരെ തുടരെ ഇൗ വാർത്തകൾ നൽകി. ഇരയുടെ പേര് പറയാൻ സാധിക്കാത്തതിനാൽ അവർ ഇൗ അമ്മയ്ക്ക് നൽകിയ പേരാണ് അമ്മ സിംഹം. ഒടുവിൽ കോടതി നടപടികൾ പൂർത്തിയാക്കി ഇൗ അമ്മ സ്വതന്ത്രയായി. തനിക്കൊപ്പം നിന്ന എല്ലവരോടും നന്ദി പറഞ്ഞ് ഇൗ അമ്മ പറഞ്ഞ വാക്കുകൾ ലോകത്തോട് ചിലതൊക്കെ പറയുന്നുണ്ട്. ‘ഇത്തരം ആക്രമണങ്ങൾക്ക് ശേഷവും ജീവിതമുണ്ട്. അതിനു ശേഷവും നിങ്ങൾക്ക് സമൂഹത്തിൽ നിങ്ങളുടെ ജീവിതം ജീവിച്ചു തീർക്കാനുള്ള അവസരമുണ്ട്’ ആ അമ്മ പറയുന്നു.