ദുബായിൽ ടാക്സി ഡ്രൈവറായെത്തി സൂപ്പർ താരചിത്രത്തിന്റെ നിർമാതാവായി മാറിയ കഥയാണ് നെൽസൺ ഐപ്പിന് പറയാനുള്ളത്. റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാതാവ് നെൽസൺ ഐപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഭൂരിഭാഗം പ്രവാസികളെയും പോലെ ഉപജീവനമാർഗ്ഗം തേടിയാണ് നെൽസൺ ഗൾഫിലെത്തിയത്. ടാക്സി ഡ്രൈവറായി. 500 ദിർഹം പോലും നാട്ടിലേക്കയക്കാൻ കഴിഞ്ഞിരുന്നില്ല നെൽസണ്. സ്വന്തമായി വാഹനം വാങ്ങണമെന്നത് നെൽസന്റെ വലിയ ആഗ്രഹമായിരുന്നു. രാപ്പകൽ അധ്വാനിച്ച് നെല്‍സൺ ആ സ്വപ്നം യാഥാർഥ്യമാക്കി.
പിന്നെ സ്വന്തമായി ഒരു ലോറി വാങ്ങി. കുറെ നാൾ ലോറി ഓടിച്ചു. പിന്നെ മൂന്ന് ലോറികൾ കൂടി വാങ്ങി. അങ്ങനെയൊരു ചെറിയ മുതലാളിയായി. പക്ഷേ അത് അധികം നീണ്ടുനിന്നില്ല. ഒരിക്കൽ ലോറികളിലൊന്ന് മറിഞ്ഞു. ആ അപകടവും തുടർന്നുള്ള പ്രശ്നങ്ങളും നെൽസനെ വീണ്ടും തൊഴിലാളിയാക്കി മാറ്റി. സാമ്പത്തിക പ്രതിസന്ധിയും മറ്റുമായി നെൽസൺ ജീവിതം തള്ളി നീക്കി.
തളരാതെ ജീവിതത്തോട് പൊരുതി. ഒടുവിൽ ജീവിതം തിരികെ പിടിച്ചു. ഇന്ന് സ്വന്തമായി മുപ്പതിലേറെ ലോറികളുണ്ട് നെൽസണ്. ഇന്ന് ജീവിതത്തിന്റെ പുതിയ അധ്യായത്തിലാണ് നെൽസൺ. മുപ്പതുകോടിയിലേറെ രൂപയാണ് മധുരരാജയ്ക്ക് വേണ്ടി നെൽസൺ ചെലവാക്കിയത്. അണിയറപ്രവര്‍ത്തകരുമായുള്ള ബന്ധമാണ് നെൽസണെ സിനിമയിലെത്തിച്ചത്.
ചിത്രം നൂറുകോടി ക്ലബ്ബിലെത്തുമെന്ന ആത്മവിശ്വാസമാണ് നെൽസൺ പങ്കുവെക്കുന്നത്. ഏപ്രിൽ 12നാണ് ചിത്രത്തിന്റെ റിലീസ്.