അരുണിന്റെ ക്രൂരതയുടെ ഇര ഏഴുവയസ്സുകാരന്‍ മാത്രമല്ല. നേരത്തെ അരുണ്‍ പ്രതിയായ മറ്റൊരു കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരം ബിഗ് ന്യൂസിന് ലഭിച്ചു. പിഞ്ചുകുഞ്ഞിനോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയ വാര്‍ത്തയോടൊപ്പം അരുണിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെയാണ് പൂര്‍വ്വകാല ജീവിതത്തിന്റെ ക്രൂരതകള്‍ ഓരോന്നായി പുറത്തു വരുന്നത്. കര്‍ണാടകയില്‍ അരുണ്‍ ജോലി ചെയ്യുമ്പോഴാണ് സംഭവം.
വിവാഹ വാഗ്ദാനം നല്‍കി പ്രണയിച്ച പെണ്ണിനെ ഗര്‍ഭിണിയാക്കിയ ശേഷം അരുണ്‍ കൈയ്യൊഴിയുകയായിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കുകയും ചെയ്തു. അന്ന് മുങ്ങിയ അരുണ്‍ പിന്നീട് പൊങ്ങിയത് കേരളത്തില്‍ ആയിരുന്നു. ആ നരഹത്യയില്‍ നിന്നും അരുണ്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുഞ്ഞിനോട് ചെയ്ത ക്രൂരതയില്‍പ്പെട്ടതോടെ പൂര്‍വ്വകാലത്ത് ചെയ്ത് കൂട്ടിയ ക്രൂരതകള്‍ കൂടി പുറത്ത് വരികയാണ്. അവയില്‍ ഒന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
2013ല്‍ കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നതിനിടെ സ്ഥലത്തെ സമ്പന്നനായ വ്യക്തിയുടെ മകളുമായി അരുണ്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തില്‍ നിന്ന് അരുണ്‍ പിന്‍വാങ്ങി. തുടര്‍ന്ന് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഈ സംഭവത്തില്‍ നാട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും രോഷാകുലരായി അരുണിനെ പിടിക്കാന്‍ വന്നെങ്കിലും സംഭവം നടന്ന അന്ന് തന്നെ അരുണ്‍ അവിടെ നിന്ന് സാഹസികമായി രക്ഷപ്പെടുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. അന്ന് മുങ്ങിയ അരുണിന്റെ ഒരു വിവരവും പിന്നീട് ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. അരുണിന്റെ ഫോട്ടോയും വാര്‍ത്തകളും കണ്ടപ്പോഴാണ് ആ കാലഘട്ടത്തില്‍ ഹസനില്‍ പഠിച്ചിരുന്ന അരുണിനെ പരിചയമുണ്ടായിരുന്ന പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇന്‍ഫോര്‍മര്‍ ഇക്കാര്യങ്ങള്‍ ബിഗ് ന്യൂസിനോട് വെളിപ്പെടുത്തിയത്.
വലിയ കോലാഹലം സൃഷ്ടിച്ച ഈ സംഭവത്തില്‍ അരുണിനെ പ്രതിയാക്കി കൊലപാതക കുറ്റത്തിന് കേസെടുക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആ സമയത്തു തന്നെ കേസ് കൊടുത്തിട്ടുണ്ട് എന്നാണ് അറിവ്. എന്നാല്‍ ആ കേസിന്റെ ഇപ്പോഴത്തെ സ്ഥിതി വിവരങ്ങള്‍ ലഭ്യമല്ല. കര്‍ണാടകയിലെ ഹസന്‍ എന്ന സ്ഥലത്തെ ഫെഡറല്‍ ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്ത് ഇരുപത്തൊന്ന് വയസ്സ് ആയിരുന്നു അരുണിന്റെ പ്രായം.
മനസ്സുമരവിപ്പിക്കുന്ന അരുംകൊലയിലൂടെയാണ് അരുണ്‍ ആനന്ദ് (35) എന്ന ക്രൂരനായ മനുഷ്യമൃഗത്തിന്റെ ഞെട്ടിയ്ക്കുന്ന ജീവിതം പുറംലോകം അറിയുന്നത്. നിഷ്‌കളങ്കത തുളുമ്പുന്ന കുഞ്ഞിനെ സമാനതകളില്ലാത്ത ക്രൂരതയിലൂടെയാണ് അരുണ്‍ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗുരുതരപരിക്കുകളോടെ ഏഴുവയസ്സുകാരനെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. വീട്ടില്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിന് അരുണ്‍ മൂത്തയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കൂടാതെ, തിരുവനന്തപുരത്ത് മാത്രം നാല് കേസുകളാണ് ഇയാളുടെ പേരിലുള്ളത്. മാത്രമല്ല അരുണ്‍ ഒന്നിലധികം തവണ വിവാഹം കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ ആദ്യ വിവാഹ പാര്‍ട്ടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ബിയര്‍ കുപ്പികൊണ്ട് ഇയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകനും പങ്കുള്ളതിനാല്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. 2008ലാണ് ഈ സംഭവം.
തിരുവനന്തപുരം അമ്പലത്തറ സ്വദേശിനിയെയാണ് ഇയാള്‍ ആദ്യം വിവാഹം ചെയ്തിരുന്നത്. അവര്‍ ബന്ധം വിഛേദിച്ച ശേഷം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണ്. 12 വയസുള്ള ഒരു കുട്ടിയുമുണ്ട്. വിവാഹത്തിനു പുറമെ ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായും ബന്ധമുണ്ട്. ഇതിലൊരാളാണ് കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ. സ്‌കൂള്‍ തലം മുതലെ ഇയാള്‍ക്ക് ഒന്നിലധികം പ്രണയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു
നന്തന്‍കോട് സ്വദേശിയായ അരുണ്‍ സാമ്പത്തികമായി നല്ല ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ്. അച്ഛനും അമ്മയും ഉദ്യോഗസ്ഥരായിരുന്നു. സര്‍വ്വീസിലിരിക്കെ അപകടത്തില്‍ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് അരുണിന് ഫെഡറല്‍ ബാങ്കില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഈ ജോലി ഉപേക്ഷിച്ച് അരുണ്‍ ബിസിനസിലേക്ക് തിരിഞ്ഞു. അരുണ്‍ സ്വന്തം അമ്മയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരുടെ പേരിലുള്ള ഫ്‌ളാറ്റ് സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയിരുന്നു.
10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന്‍ വിടവാങ്ങിയത്. തലയോട്ടിക്ക് ഏറ്റ ഗുരുതരമായ പരിക്കാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലയോട്ടിയുടെ മുന്നിലും പിന്നിലും ചതവുകളുണ്ട്. തലയോട്ടിയുടെ വലതുവശത്ത് പൊട്ടലുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മനഃപ്പൂര്‍വം പരിക്കുകള്‍ ഏല്‍പ്പിച്ചതായും വാരിയെല്ലിന് പൊട്ടലുള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പ്രതി അരുണ്‍ ആനന്ദിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.