അശോക ചക്രയും, കീര്‍ത്തി ചക്രയും; യുദ്ധഭൂമിയിലല്ലാതെയുള്ള, വീരതയോടും ആത്മത്യാഗത്തോടുമുള്ള സമര്‍പ്പണത്തിനു നല്‍കുന്ന പരമോന്നത ബഹുമതികൾ. ഇവ രണ്ടും ലഭിച്ചിട്ടുള്ള ഒരേ ഒരാളെയുള്ളൂ. മലയാളിയായ, പേരുകേട്ട മറാത്ത ലൈറ്റ് ഇന്ഫന്റ്രിയിലെ ധീരനായ പോരാളിയായിരുന്ന, ഭാരതസൈന്യത്തിലെ വീരബലിദാനികളുടെ ഇടയില്‍ സുവര്‍ണലിപികളില്‍ തന്‍റെ പേരെഴുതിയ, കൂട്ടാളികളില്‍ NJ എന്ന ചുരുക്കപേരില്‍ അറിഞ്ഞിരുന്ന, കേണല്‍ എന്‍ ജയചന്ദ്രന്‍ നായര്‍.
1951 ഫെബ്ര’17 നു ആര്‍ നീലകണ്ഠന്‍ നായരുടെയും പി സരസ്വതിയമ്മയുടെയും മകനായി എറണാകുളത്തു ജനിച്ചു. കഴക്കൂട്ടം സൈനിക സ്കൂളിനു ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക്. ആര്‍മി ഇന്‍റലിജന്‍സ് സ്കൂളിലും ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജുകളും ഉള്‍പ്പെടെ പലയിടത്തും സേവനം. പിന്നീടു 16-മറാത്ത ലൈറ്റ് ഇൻഫന്റ്രിയില്‍ നിയമിതനായ ജയചന്ദ്രന്‍, ചെറുതും വലിയതുമായ പല ഓപ്പറേഷനുകളിലും പങ്കെടുത്തിരുന്നു.
1983 ല്‍ മിസോറാമില്‍ രാജ്യവിരുദ്ധ ശക്തികളുമായി നേര്‍ക്കു നേരെയുള്ള പോരാട്ടത്തില്‍ രണ്ടു തുടയും തുളച്ചിറങ്ങിയ ബുള്ളറ്റിനു അദ്ദേഹത്തെ തളർത്താൻ പോലുമായില്ല. അന്നു ”ക്ലോസ്ഡ് കോംപാക്ടില്‍” പരിക്കു വകവെക്കാതെ പ്രകടിപ്പിച്ച ഉജ്ജ്വലശൌര്യത്തെ, കീര്‍ത്തിചക്ര നല്‍കി രാജ്യം ബഹുമാനിച്ചു.
പല പ്രധാന അപകടകരമായ ഓപറേഷനുകളിലും അദ്ദേഹത്തിന്‍റെ യുദ്ധവീര്യവും ശൌര്യവും ശേഷം സേന കണ്ടറിഞ്ഞിരുന്നു. രാജ്യസമാധാനത്തിനു തുരങ്കം വെയ്ക്കുന്ന നാഗാകലാപകാരികളുമായി പോരാടാനുള്ള അവസരം, രണവീര്യം നിണത്തിലലിഞ്ഞ എന്‍ ജെ ചോദിച്ചു മേടിക്കുകയായിരുന്നു.
എല്ലാ ഇന്ഫട്രി ഒഫീസേർസിന്‍റെ സ്വപ്നമാണ് മറാത്ത ലൈറ്റ് ഇന്ഫന്റ്രി യുടെ കമാണ്ടിംഗ് ഓഫീസര്‍ ആവുക എന്നുള്ളത്. വീര്യത്താലും തനതു തന്ത്രങ്ങളാലും പൂര്‍വ്വ പരിചയത്താലും നാഗാലാന്റിലും അജയ്യനായി തന്‍റെ കര്‍ത്തവ്യം എന്‍ ജെ നിര്‍വഹിച്ചു പോന്നൂ. അദ്ദേഹത്തെ നിയമിച്ചതു തന്നെ നാഗാലാണ്ട് ശുദ്ധമാക്കാനാണെന്ന് മനസിലാക്കിയ കലാപകാരികള്‍ ഏതു വിധവും എന്‍ ജെയെ ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും, പോരാട്ടങ്ങള്‍ അവരുടെ സംഘബലവും സ്ഥലവിസ്തൃതിയും ഇല്ലാതാക്കുകയെ ചെയ്തുള്ളൂ.
അങ്ങനെയിരിക്കെ 1993 ഡിസംബര്‍ 20 രാവിലെ 8-40 നു ലീഡിംഗ് കോണ്‍വോയായി പോകുമ്പോഴാണു നാഗാ റിബല്‍സിന്‍റെ ഒളിയാക്രമണമുണ്ടാകുന്നത്. വഴിയില്‍ തുടര്‍ച്ചയായിയുണ്ടായിരുന്ന തടസങ്ങള്‍ നീക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരവേ, ഭൂമിയുടെ ഘടനയാലും വനത്തിന്‍റെയും സുരക്ഷിതമായ പോസിഷനുകളില്‍ ഇരുന്നു ആധുനിക ആയുധങ്ങളുമായി അപ്രതീക്ഷിതമായി ആക്രമിച്ച നൂറോളം തീവ്രവാദികള്‍ നൊടിയിടയില്‍ ഒരു ജൂനിയര്‍ ഓഫീസറെയും പതിമൂന്നു ജവാന്മാരെയും വധിച്ചു.
ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രന്‍ അതു വകവെയ്ക്കാതെ പെട്ടെന്നു തന്നെ തന്‍റെ ടീമിനെ പ്രത്യാക്രമണത്തിനു സജ്ജമാക്കി മുന്‍നിരയിലേക്ക് വന്നു. റോഡിന്‍റെ ഉയര്‍ന്ന മറുവശത്തേക്കു ഉരുണ്ട എന്‍ ജെ , അതിന്‍റെ ചരിവില്‍ ശരീരം ബാലന്‍സ് ചെയ്തു നിര്‍ത്തി കൂടുതല്‍ വ്യക്തമായ ദൃശ്യം കിട്ടാന്‍ ഒരു ലാന്‍സ് നായിക്കിനെ തന്‍റെ തോളില്‍ കയറ്റി നിര്‍ത്തി ഗ്രനേഡ് എറിയിപ്പിച്ചു. അതിശക്തമായി തിരിച്ചടിച്ച ഭാരതസൈനികര്‍ക്കു മുന്‍പില്‍ തീവ്രവാദികളുടെ സംഖ്യാബലം ഒന്നുമല്ലാതെ വന്നു. അടിപതറിയ തീവ്രവാദികള്‍ നിലതെറ്റി പല സംഘങ്ങളായി ആക്രമിച്ചു കൊണ്ടുതന്നെ പിന്‍വാങ്ങാന്‍ തുടങ്ങിയപ്പോള്‍,
അദ്ദേഹവും കൂട്ടാളികളും പലവഴികളായി പിന്തുടര്‍ന്നു തീവ്രവാദികളെ കൊന്നു തള്ളികൊണ്ടിരുന്നു. ഇടയ്ക്കു അദ്ദേഹത്തിന്റെ റേഡിയോ കോണ്ടാക്റ്റ് നഷ്ടപ്പെട്ടെങ്കിലും, എന്‍ ജെ തെളിച്ചിട്ട വഴിയിലൂടെ പിന്തുടര്‍ന്നു സേന ഭൂരിപക്ഷം ശത്രുക്കളേയും ഇല്ലാതാക്കി. ശേഷം നടത്തിയ തിരച്ചിലില്‍, അടുത്ത ദിവസമാണ് കാടിനുള്ളില്‍ മുന്നൂറിലധികം മീറ്റര്‍ ദൂരത്ത് ആ ധീരപുത്രന്‍റെ ചേതനയറ്റ ശരീരം കണ്ടെത്താനായത് താന്‍ കൊന്നു തള്ളിയ ശത്രുക്കളുടെ ശവങ്ങളുടെ ഇടയില്‍ ……
തോക്കു ചൂണ്ടി, ഫയറിംഗ് പൊസിഷനില്‍….
സ്വജീവനും പരുക്കും വിലവെക്കാതെയുള്ള എന്‍ ജെയുടെ സമയോചിതവും വ്യാഘ്രതുല്യമായ പരാക്രമവുമാണ് അനേകം സൈനികരുടെ ജീവന്‍ രക്ഷിച്ചതും ശത്രുക്കളെ ഇല്ലാതാക്കാനും സഹായിച്ചത്. പരമോന്നത ബഹുമതിയായ അശോക ചക്ര മരണാനന്തരം നല്‍കി ഭാരതം തന്‍റെ വീരപുത്രനെ ആദരിച്ചു. (പരമവീരചക്ര യുദ്ധാവസരത്തില്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ്).
അദ്ദേഹത്തിന്‍റെ വിവിധ ക്ലാസിക് ആക്ഷനുകള്‍ പല ട്രെയിനിംഗ് കേന്ദ്രങ്ങളിലും ഇന്നു കേസ് സ്റ്റഡി വിഷയങ്ങളാണ്. NDAയുടെയും MLI ടെയും പല സംരംഭങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ പേരു നല്‍കി ആദരിച്ചിട്ടുണ്ട്. ചില പുസ്തകങ്ങളുമുണ്ട് ആ വീരകഥകൾ പാടുന്നതായുള്ളവ. വീരനായ മറാത്തിയെന്നാണ് അദേഹത്തെ വിശേഷിപ്പിക്കുന്നതും. എന്‍ ജെ മറാത്തിയാണെന്നാണ് വലിയൊരു വിഭാഗം കണക്കാക്കുന്നതു പോലും.
കർണാകസംഗീതത്തേയും കലകളേയും ആഴത്തിൽ ഇഷ്ടപ്പെട്ടിരുന്നു. മൃദുഭാഷിയും സൗമ്യശീലനുമായിരുന്നു വ്യക്തിജീവിതത്തിൽ. മഞ്ചു നായരാണ് പത്നി. മാറാത്തയെ സ്നേഹിച്ച, ശിവാജിയെ ആരാധിച്ച അദ്ദേഹം തന്‍റെ പുത്രനു ശിവന്‍ എന്നാണ് പേരിട്ടത്.
ഭരണകൂടങ്ങളും രാഷ്ട്രീയ പരാദങ്ങളും ഇവര്‍ക്കായി എന്തു ചെയ്തു എന്നതു വിട്ടേക്കു. ”One of the most decorated , Bravest of braves” എന്നുമൊക്കെ ഇന്ത്യന്‍ ആര്‍മി അഭിമാനത്തോടെ തങ്ങളുടെ പുതിയ സൈനികര്‍ക്കു ചൂണ്ടിക്കാണിക്കുന്ന, നമുക്കായി ഒന്നും ചോദിക്കാതെ ജീവന്‍ പറിച്ചു നല്‍കിയ ഈ മലയാളിയെ നമ്മള്‍ക്കു എത്രപേര്‍ക്ക് അറിയാം. ഇവര്‍ അവസാനശ്വാസം വരെയും പൊരുതിയതും പൊരുതുന്നതും നമുക്കുവേണ്ടിയാണ്….
അതിനാല്‍ ഓര്‍ക്കുക വല്ലപ്പോഴും…
അതെങ്കിലും വേണം…ജയ് ഹിന്ദ്…
ഇതേക്കുറിച്ചുള്ള മലയാളം വീഡിയോ
Credit : Deva Devan