Breaking News
Home / Lifestyle / ഉപ്പും മുളകിൽ മാത്രമല്ല, ജീവിതത്തിലും ഞങ്ങൾ ചങ്ക് ബ്രോസ്

ഉപ്പും മുളകിൽ മാത്രമല്ല, ജീവിതത്തിലും ഞങ്ങൾ ചങ്ക് ബ്രോസ്

നെയ്യാറ്റിൻകര കുളത്തൂരാണ് സ്വദേശം. മിനിസ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും എന്റെ സ്വന്തം ചേട്ടനാണ് ബിജു സോപാനം. എന്നേക്കാൾ അഞ്ചു വയസ്സിനു മൂത്തതാണെങ്കിലും ഞങ്ങൾ തമ്മിൽ എടാ പോടാ ബന്ധമാണ്. അച്ഛൻ മാധവൻതമ്പി. അമ്മ വസന്തകുമാരി. ഞങ്ങൾ മൂന്നു മക്കൾ. ബിജു, ബിനു, ബിന്ദു. ഇതായിരുന്നു കുടുംബം. സാമ്പത്തികമായി താഴെത്തട്ടിലുള്ള കുടുംബമായിരുന്നു. ഓടിട്ട ഒരുനില വീടായിരുന്നു തറവാട്. എങ്കിലും കുടുംബാംഗങ്ങൾ സ്‌നേഹത്തിന് കുറവൊന്നുമില്ലായിരുന്നു.

ചേട്ടൻ ചെറുപ്പത്തിൽത്തന്നെ നാടകത്തിലൂടെ കലാരംഗത്തേക്ക് പോയി. വിവാഹശേഷം ചേട്ടൻ ഭാര്യ വീട്ടിലേക്ക് താമസം മാറി. ഞാൻ 16 വർഷം പോണ്ടിച്ചേരിയിൽ ഐടി കമ്പനികളിലെ ക്യാന്റീൻ കോൺട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. അതിനു ശേഷം നാട്ടിൽ തിരിച്ചെത്തി. തറവാട് പൊളിച്ചു പുതിയ വീട് പണിതു. ഏകദേശം 2500 ചതുരശ്രയടിയുള്ള ഇരുനില വീടാണ്. കഷ്ടപ്പാടിലൂടെ വളർന്നു വന്ന ഞങ്ങളെപ്പോലെ ഉള്ളവർക്ക് ശരിക്കും സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള നല്ലൊരു വീട്. ഭാര്യ അഞ്ജന വീട്ടമ്മയാണ്. മക്കൾ സിദ്ധാർഥ് നാലാം ക്‌ളാസിലും സതീർഥ് രണ്ടിലും പഠിക്കുന്നു.

നാട്ടിൽ എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ചേട്ടൻ അഭിനയിക്കുന്ന സീരിയൽ കാണുന്നത്. അതുവരെ ഞാൻ ഒരു സ്റ്റേജിൽ പോലും കയറിയിട്ടില്ല, ക്യാമറ കണ്ടാലേ തലകറങ്ങുമായിരുന്നു. തമാശയ്ക്ക് ഒന്ന് മുഖം കാണിക്കാം എന്ന് കരുതിയതാണ്. പക്ഷേ പിന്നീട് ഒരു സ്ഥിരം കഥാപാത്രമായി മാറി. ഞാൻ ഇടയ്ക്കിടയ്ക്ക് ചെന്ന് കയറുന്ന അതിഥിയാണെങ്കിലും, വാഴക്കാലയിലുള്ള ആ വീട് ഇപ്പോൾ സ്വന്തം കുടുംബം പോലെയാണ്. പാറുക്കുട്ടിയുടെ കളിചിരികൾ കാണാനാണ് ഏറ്റവും സന്തോഷം. അവളാണ് ഇപ്പോൾ ആ വീട്ടിലെ താരം.

ക്ഷണിക്കാതെ ഇടിച്ചു കയറുന്ന കഥാപാത്രമാണ് സീരിയലിൽ എന്റേത്. ജീവിതത്തിലും ഞാൻ അതുപോലെതന്നെ. ചേട്ടന്റെ വീട്ടിലേക്ക് പോകാൻ എനിക്കും എന്റെ വീട്ടിലേക്ക് വരാൻ ചേട്ടനും മുൻ‌കൂർ വിളിച്ചുപറയേണ്ട കാര്യമില്ല. ഞാൻ പുതിയ വീട് വച്ചപ്പോൾ ഒരു മുറി ചേട്ടനും കുടുംബത്തിനുമായി മാറ്റിവച്ചിട്ടുണ്ട്. അതുപോലെ ചേട്ടന്റെ വീട്ടിൽ ഒരു കിടപ്പുമുറി എനിക്കായി മാറ്റിയിട്ടിട്ടുണ്ട്.

ചേട്ടൻ ഇപ്പോൾ പുതിയ വീട് പണിതുകൊണ്ടിരിക്കുകയാണ്. അവിടെ ഒരു മുറി എന്റെ ഇഷ്ടത്തിനാണ് ഒരുക്കുന്നത്. ചേട്ടൻ കൂടുതലും ഷൂട്ടിന്റെ തിരക്കിൽ ആയതുകൊണ്ട് വീട്ടിലെ ടൈലുകളും ഫർണിഷിങ് സാധനങ്ങളുമൊക്കെ വാങ്ങാൻ ഏൽപ്പിച്ചിരിക്കുന്നത് എന്നെയാണ്. അടുത്ത മഴക്കാലത്തിനു മുന്നേ പാലുകാച്ചൽ നടത്തണമെന്നാണ് ഞങ്ങളുടെ പ്ലാൻ. അതിനായി കാത്തിരിക്കുകയാണ് ഇരുകുടുംബങ്ങളും.

About Intensive Promo

Leave a Reply

Your email address will not be published.