ഇക്കുറി സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കനിഷ്ക് കടാരിയ തന്റെ വിജയത്തിൽ നന്ദി പറഞ്ഞത് മാതാപിതാക്കൾക്കോ ദൈവത്തിനോ അധ്യാപകർക്കോ സുഹൃത്തുക്കൾക്കോ ഒന്നുമായിരുന്നില്ല, തന്റെ കാമുകിക്കാണ്. സാധാരണ ആരും അത്ര സാധാരണയായി ഇങ്ങനെയൊരു നന്ദി പറയുക പതിവില്ല. അവിടെയാണ് കനിഷ്ക് വേറിട്ടു നിൽക്കുന്നത്. എന്തായാലും കനിഷ്ക് പൊളിയാണെന്നാണ് സോഷ്യൽ മീഡിയയിലെ യുവസംഘം ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സിവിൽ സർവീസിൽ ഒന്നാം റാങ്ക് ലഭിച്ചതിന്റെ മധുരം മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം പങ്കുവയ്ക്കുമ്പോഴും കാമുകിയെയും അവളുടെ കരുതലിനെയും മറക്കുന്നില്ല കനിഷ്ക്.
ട്വിറ്ററിലൂടെ കനിഷ്ക് കാമുകിക്ക് നന്ദി പറഞ്ഞതിനു പിന്നാലെ ഒട്ടനവധി കമന്റുകളാണെത്തിയത്. അതിൽ ഭൂരിഭാഗവും ചെറുപ്പക്കാരുടെതുമാണ്.
ഒരാളുടെ പഠനത്തിലോ നേട്ടങ്ങളിലോ പ്രണയവും കാമുകിയും കാമുകനുമൊന്നും തടസ്സമല്ലെന്നാണ് കനിഷ്കിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി ഇവർ പറയുന്നത്. ഇനിയെങ്കിലും സമൂഹം മാറി ചിന്തികക്കണമെന്നും ചിലർ അഭ്യർത്ഥിക്കുന്നു.
രാജസ്ഥാൻ സ്വദേശിയായ കനിഷ്ക് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ഡേറ്റാ സയന്റിസ്റ്റാണ്. അതിനു മുമ്പ് ഒന്നര വർഷത്തോളം ദക്ഷിണ കൊറിയയിൽ സാംസങ് ഇലക്ട്രോണിക്സിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തു. 2010ലെ ജെ.ഇ.ഇ പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ കനിഷ്ക് ഐഐടി ബോംബെയിൽ നിന്നാണ് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടിയത്.
ജയ്പൂരില്‍ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ സൻവാർ മാൽ വർമ്മയാണ് പിതാവ്. അമ്മാവൻ കൈലാഷ് ചന്ദ് വർമ്മയും ഐഎഎസ് ഉദ്യോഗസ്ഥനാണ്.