കഴിഞ്ഞ രാത്രി വരെ ലക്ഷക്കണക്കിനു നിറ കണ്ണുകൾ പ്രാർഥനയോടെ അവന് കാവലുണ്ടായിരുന്നു. മണ്ണിലേയ്ക്ക് മറഞ്ഞ് വിണ്ണിലെ താരമായ അവന്റെ കുഴിമാടത്തിലേക്കു നോക്കാൻ പോലും വീട്ടു പരിസരത്ത് ഇപ്പോൾ ആരുമില്ല. ആ ഏഴു വയസ്സുകാരന്റെ തകർന്നു പോയ സ്വപ്നങ്ങൾ ഓർമിപ്പിച്ച് പൊട്ടിപ്പൊളിഞ്ഞ ഒന്നു രണ്ടു കളിപ്പന്തുകൾ മാത്രം. അല്ലെങ്കിലും ഇനി അവന് ആരുടെയും കാവൽ ആവശ്യമില്ലല്ലോ..?
7 വയസ്സുകാരന്റെ ഉടുമ്പന്നൂർ മഞ്ചിക്കല്ലിലെ മുത്തശ്ശിയുടെ വീട് ഇപ്പോൾ അനാഥമാണ്. കുട്ടിയുടെ അമ്മയുടെ മാതാവിന്റെ വീടാണിത്. ഈ വീടിനോടു ചേർന്നുള്ള സ്ഥലത്താണു കുട്ടിയെ ശനിയാഴ്ച രാത്രി സംസ്കരിച്ചത്. എല്ലാവരും മടങ്ങിയതോടെ കുട്ടിയുടെ അമ്മ, ഇവരുടെ 4 വയസുള്ള ഇളയ മകൻ, മുത്തശ്ശി എന്നിവരെ രാത്രി 11 ന് ഇടുക്കിയിലെ ഷെൽട്ടർ ഹോമിലേക്കു മാറ്റി. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്കാണു, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും അനുമതിയോടെ ഇവരെ എത്തിച്ചത്.
ഗാർഹിക പീഡനത്തിന് ഇരകളായ സ്ത്രീകൾക്ക് താൽക്കാലിക അഭയം കൊടുക്കുന്ന കേന്ദ്രമാണിത്. സാധാരണ 7 ദിവസം വരെയാണ് ഇവിടെ പാർപ്പിക്കുക. കോലഞ്ചേരിയിലെ ആശുപത്രിയിൽ ‘സ്നേഹിത’യുടെ നേതൃത്വത്തിൽ യുവതിക്കു കൗൺസലിങ് നൽകിയിരുന്നു. വീട്ടിൽ തനിച്ചായിപ്പോകുമെന്ന ആശങ്ക കൗൺസലിങ് സമയത്തുതന്നെ യുവതി അറിയിച്ചതാണ്. യുവതിക്കും കുടുംബത്തിനും ഉടുമ്പന്നൂരിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അവരുടെ ആഗ്രഹപ്രകാരം എങ്ങോട്ടും മാറിത്താമസിക്കാമെന്നും പൊലീസ് പറഞ്ഞു.
കുറച്ചു ദിവസത്തേക്കു മാറിനിൽക്കാൻ സുരക്ഷിതമായ സ്ഥലം യുവതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു ഇവരെ മാറ്റിയത്. ഉടുമ്പന്നൂരിലെ വീടു പൂട്ടിയെങ്കിലും കുട്ടിയെ സംസ്കരിച്ച സ്ഥലത്തെ ചെറിയ ഗേറ്റു പൂട്ടി താഴിട്ടിരുന്നില്ല. ഈ സ്ഥലത്തിന്റെ മധ്യഭാഗത്താണു കുട്ടിയുടെ കുഴിമാടം. 3 ഓലകൾ കൊണ്ട് കുഴിമാടം മൂടിയിരിക്കുന്നു. മധ്യത്തിൽ വച്ച ഏക പുഷ്പചക്രത്തിലെ പൂക്കൾ വാടിക്കരിഞ്ഞു.
നിലവിൽ, യുവതിയുടെ അമ്മയുടെ സംരക്ഷണത്തിലുള്ള നാലു വയസ്സുകാരനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബിജുവിന്റെ പിതാവ് ബാബു ഇടുക്കി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അപേക്ഷ നൽകി. തനിക്കും അധ്യാപികയായി വിരമിച്ച ഭാര്യയ്ക്കും പെൻഷൻ വരുമാനമുണ്ടെന്നും കുട്ടിയെ നല്ല രീതിയിൽ നോക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിച്ചാണ് അപേക്ഷ.
ബാബുവിന്റെ മകൾ റിയാദിൽ ഡോക്ടറാണ്. ബിജു മരിച്ചപ്പോൾത്തന്നെ 2 കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കാമെന്ന് മകൾ പറഞ്ഞിരുന്നതായി ബാബു പറയുന്നു. എന്നാൽ യുവതി സമ്മതിച്ചില്ല. അപേക്ഷ തുടർ നടപടികൾക്കായി തിരുവനന്തപുരം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു കൈമാറി. ബാബുവിന്റെ പശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും അന്വേഷിക്കുന്നതിനു വേണ്ടിയാണിത്.