തൊടുപുഴയില്‍ അമ്മയുടെ സുഹൃുത്തിന്റെ മര്‍ദനത്തിനിരയായി മരിച്ച ഏഴുവയസുകാരന്റെ മൃതദേഹം ഉടുമ്പന്നൂരിലെ അമ്മയുടെ വീട്ടില്‍ സംസ്ക്കരിച്ചു. വാര്‍ത്തയറിഞ്ഞ് നൂറ് കണക്കിനാളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. നാട്ടുകാരുടെ പ്രതിഷേധം മുന്നില്‍കണ്ട് വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
വാർത്ത അറിഞ്ഞതു മുതൽ കറുത്തു വിങ്ങി നിന്നിരുന്ന മാനം വൈകിട്ട് ആറരയോടെ ഉടുമ്പന്നൂരിൽ പെയ്തൊഴിഞ്ഞു. ചേതനയറ്റ കുഞ്ഞു ദേഹം അവൻ ഓടിക്കളിച്ചിരുന്ന മുറ്റത്തെത്തിച്ചപ്പോൾ പിന്നീട് പെയ്തത് കണ്ണീർ മഴയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് എട്ടു മണിയോടെയാണ് കുട്ടിയുടെ മൃതദേഹം ഉടുമ്പന്നൂരിലെ മാതാവിന്റെ വീട്ടിലെത്തിച്ചത്. അഞ്ചു മണി വരെ മൃതദേഹം ഉടുമ്പന്നൂരിലെത്തിക്കുന്നതിനെപ്പറ്റി ഒരു അറിയിപ്പും ആർക്കും ലഭിച്ചിരുന്നില്ല. അയൽവീട്ടുകാര്‍ പോലും വിവരങ്ങൾ അറിയാതെ ബുദ്ധിമുട്ടി.
എന്നാൽ, മൃതദേഹം ഉടുമ്പന്നൂരിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചതോടെ ജനപ്രവാഹമായി. വൻ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയ ശേഷം ബന്ധുക്കളിലൊരാളാണു വീടു തുറന്നത്. മുത്തശി ശോഭനയും സഹോദരനും ഉൾപ്പെടയുള്ളവര്‍ നേരത്തേ വീട്ടിലെത്തി
എട്ടര മണിയോടെ വെള്ളത്തുണിയിൽ പൊതിഞ്ഞ് ആ കുഞ്ഞു ശരീരമെത്തി. പോർച്ചിൽ വച്ച മകന്റെ മൃതദേഹത്തിൽ അന്ത്യചുംബനം നൽകാൻ അമ്മയും മറ്റു ബന്ധുക്കളും പുറത്തേക്കിറങ്ങിയില്ല. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവർ ആ കുഞ്ഞിനോടു ക്രൂരത കാട്ടിയവരെ വാക്കുകളാൽ ശപിച്ചു കൊണ്ടിരുന്നു. വീടിനോടു ചേർന്നുള്ള പറമ്പിൽ തയാറാക്കിയ കുഴിയിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.