തൊടുപുഴയിലെ കുരുന്ന് ഈ ലോകത്തോട് വിടപറഞ്ഞത് ഏറെ വേദനകൾക്കും യാതനകൾക്കുമൊടുവിലായിരുന്നു. സ്കൂളിലെ മിടുക്കനായിരുന്ന ആ ഏഴുവയസുകാരൻ എല്ലാ പരീക്ഷകള്‍ക്കും വെരി ഗുഡ് സ്വന്തമാക്കിയിരുന്നു. അവന്റെ പുസ്തകങ്ങളിലും ചിത്രങ്ങൾ കോറിയിട്ടുണ്ടായിരുന്നു, പക്ഷെ അവന്‍ വരച്ചിട്ട ചിത്രങ്ങള്‍ക്കല്ലാം ഒരു സമാനതയുണ്ടായിരുന്നു. ആ രൂപങ്ങളെല്ലാം കണ്ണട ധരിച്ചിരുന്നു. മരിച്ചുപോയ അവന്റെ അച്ഛന്‍ ധരിച്ചിരുന്ന കണ്ണടകള്‍ക്ക് സമാനമായിരുന്നു അവന്‍ വരച്ച ചിത്രങ്ങളിലെ കണ്ണടകളും.
അവന്റെ സ്കൂള്‍ ബാഗും ഷൂസും ഇപ്പോള്‍ ആ വീട്ടില്‍ അനാഥമാണ്. അവന്‍ വരച്ച ചിത്രങ്ങളെക്കാളും ഇപ്പോള്‍ നാട്ടുകാരെ ഈറനണിയിക്കുന്നത് ചുവരില്‍ മായാതെ കിടക്കുന്ന ചില ചോരചിത്രങ്ങളാണ്.അമ്മയുടെ കാമുകനായ ആ നരാധമന്‍ കാലില്‍ തൂക്കിയെറിഞ്ഞപ്പോള്‍ തല തകര്‍ന്ന് ചുവരില്‍ തെറിച്ച ചോരചിത്രങ്ങള്‍.
‘അവര്‍ ഒരു സൂചന തന്നിരുന്നെങ്കില്‍ ആ കുഞ്ഞിന് ഈ അവസ്ഥ വരില്ലായിരുന്നു. ഒന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അമ്മയാണെന്ന് കരുതിയെങ്കിലും ഈ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ക്രൂരത അവര്‍ ഞങ്ങളോട് പറഞ്ഞിരുന്നെങ്കില്‍…’ അയല്‍ക്കാരന്‍ ചോദിക്കുന്നു. ‘പട്ടിണിക്കിട്ടിരുന്നു കുഞ്ഞുങ്ങളെ.. കൊടിയ മർദ്ദനം ഏല്‍ക്കുന്ന ദിവസം പോലും അവര്‍ കുഞ്ഞിന് ഒന്നും കൊടുക്കാതെയാണ് കറങ്ങാന്‍ പോയത്. തിരികെയെത്തിയപ്പോഴാണ് മൂത്രമൊഴിച്ചെന്ന് പറഞ്ഞ് ആ കുഞ്ഞിനോട് കൊല്ലാക്കൊല ചെയ്തത്…’ നാട്ടുകാരിലൊരാള്‍ പറഞ്ഞതിങ്ങനെ.
ഏഴു വയസു മാത്രമേ അവനുണ്ടായിരുന്നുള്ളുവല്ലോ . കുസൃതി കാട്ടി വീടിന്‍റെ മുറ്റത്ത് അനുജനോടൊപ്പം ഓടിക്കളിക്കേണ്ടിയിരുന്ന ആ പൊന്നു മകനെ കൊന്നു കളഞ്ഞല്ലോ നീ,നിനക്ക് തടസമയിരുന്നെങ്കില്‍ ആ പൊന്നു മകനെ ഞങ്ങള്‍ക്ക് തന്നു കൂടായിരുന്നോയെന്ന് ഇന്ന് കേരളീയരൊന്നടങ്കം നെഞ്ചകം തകര്‍ന്ന് ചോദിക്കുന്നു.
മൂന്നരവയസുള്ള ഇളയകുട്ടിയുടെ പ്രാഥമിക കാര്യങ്ങള്‍ അടക്കം എല്ലാം ശ്രദ്ധിക്കാന്‍ ഏഴ് വയസുകാരനെയാണ് അരുണ്‍ ചുമതലപ്പെടുത്തിയിരുന്നത്. കുട്ടി ഉറങ്ങുന്നത് കണ്ട് വിറളി പൂണ്ട അരുണ്‍ ഉറങ്ങി കിടക്കുകയായിരുന്ന ഏഴ് വയസ്സുകാരനെ പൊതിരെ തല്ലുകയായിരുന്നു. കുട്ടിയെ നിരവധി തവണ നിലത്തിട്ട് ചവിട്ടിയ അരുണ്‍ കുട്ടിയെ കാലുവാരി നിലത്തടിച്ചെന്നും അലമാരിയുടെ ഇടയില്‍ വച്ച് ഞെരിച്ചെന്നും കുട്ടികളുടെ അമ്മ പിന്നീട് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സഹോദരനെ കൊല്ലും വിധം മര്‍ദ്ദിച്ചെന്ന് ഇളയ സഹോദരനും മൊഴി നല്‍കി.
പുലര്‍ച്ചെ മൂന്നരയോടെ രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അരുണും യുവതിയും കൂടി എത്തിച്ചു. കളിക്കുന്നതിനിടെ സോഫയില്‍ നിന്ന് വീണ് പരിക്കേറ്റു എന്നാണ് ഇരുവരും ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ തലയോട്ടി തകര്‍ന്ന് തലച്ചോര്‍ പുറത്ത് വന്നതായി കണ്ടെത്തി. സംശയം തോന്നിയ അശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു.
കുട്ടിയുടെ അച്ഛനും അമ്മയുമാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞതെങ്കിലും അരുണിന്‍റെ പെരുമാറ്റത്തിലെ അസ്വഭാവികത ആശുപത്രി ജീവനക്കാരും സ്ഥലത്ത് എത്തിയ പൊലീസുദ്യോഗസ്ഥരും ശ്രദ്ധിച്ചിരുന്നു. കുട്ടിയുടെ പേരെന്താണെന്ന് ചോദിച്ച പൊലീസുകാരോട് ഓര്‍മയില്ലെന്നായിരുന്നു അരുണിന്‍റെ ആദ്യത്തെ മറുപടി. അപ്പുവെന്നാണ് വീട്ടില്‍ വിളിക്കുന്നതെന്നും ശരിക്കുള്ള പേര് എന്താണെന്ന് ചോദിച്ചിട്ട് പറയാം എന്നുമായിരുന്നു അരുണ്‍ പൊലീസിനോട് പറഞ്ഞു.
ആശുപത്രിയില്‍ കയറാതെ കാറില്‍ സിഗരറ്റ് വലിച്ചിരിക്കുകയായിരുന്നു അരുണെന്ന് ഈ സമയത്ത് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും പൊലീസിനോട് പറഞ്ഞു. ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് കാര്യവും അപ്പോള്‍ പൊലീസ് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇതിനിടെ കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടനെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അടിയന്തര ശ്രുശൂഷ നല്‍കിയ കുട്ടിയുമായി അമ്മ വേഗം ആംബുലന്‍സില്‍ കയറി. എന്നാല്‍ താന്‍ ആംബുലന്‍സില്‍ വരുന്നില്ലെന്നും കാറില്‍ പിന്നില്‍ വരാമെന്നും അരുണ്‍ പറഞ്ഞു. എന്നാല്‍ അരുണ്‍ ആംബുലന്‍സില്‍ കൂടെ ചെല്ലണമെന്ന് പൊലീസ് നിര്‍ബന്ധം പിടിച്ചു.
ഇതോടെ അരുണും പൊലീസുകാരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം നീണ്ടതോടെ പൊലീസുകാരിലൊരാള്‍ അറുണ്‍ കാറിന്‍റെ താക്കോല്‍ ഊരിയെടുത്തു. ഇതോടെ ഗത്യന്തരമില്ലാതെ അരുണ്‍ ആംബുലന്‍സില്‍ മുന്‍സീറ്റില്‍ കയറി. എന്തായാലും ഇതോടെ പൊലീസ് അരുണിന്‍റെ മേല്‍ നിരീക്ഷണം ശക്തമാക്കി. അടുത്ത ദിവസങ്ങളില്‍ കുട്ടി കടുത്ത മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വരികയും അമ്മയേയും സഹോദരനേയും ചോദ്യം ചെയ്തതില്‍ സത്യാവസ്ഥ വെളിപ്പെടുകയും ചെയ്തതോടെ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അന്വേഷണത്തില്‍ അരുണ്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാറുണ്ടെന്നും കണ്ടെത്തി. പോക്സോ, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത അരുണ്‍ ഇപ്പോള്‍ തൊടുപുഴ മുട്ടം ജയിലിലാണ്. കുട്ടിയുടെ മരണത്തോടെ അരുണിനെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളും പൊലീസ് ചുമത്തും.
കൊലക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അരുണെന്ന് പൊലീസിന്‍റെ പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി. 2008-ല്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ 35 ദിവസത്തോളം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ 2007-ല്‍ ഒരാളെ മര്‍ദ്ദിച്ചതിനും ഇയാളുടെ പേരില്‍ കേസുണ്ട്.
തിരുവനനന്തപുരം നന്ദന്‍ക്കോട് സ്വദേശിയായ അരുണ്‍ ആനന്ദ് ക്രിമിനല്‍ സ്വഭാവമുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി കൈയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ മദ്യവും ലഹരിപദാര്‍ത്ഥങ്ങളും സ്ഥിരമായി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ കുഞ്ഞിനെ കൊണ്ടു വന്ന ഇയാളുടെ വാഹനത്തില്‍ നിന്നും മദ്യവും ഇരുമ്ബ് മഴുവും പൊലീസ് കണ്ടെടുത്തിരുന്നു.