ഒടുവിൽ അവൻ വിധിക്കു കീഴടങ്ങി. ക്രൂരതകളുടെ ലോകത്തുനിന്ന് അവൻ മരണത്തിന്റെ ൈകപിടിച്ചു പറന്നു പോയി. സ്വർഗത്തിൽ അച്ഛൻ അവന് തുണയാകുമെന്ന് ആ കുരുന്ന് മനസ്സിന് തോന്നിയിരിക്കാം. പേടിപ്പിക്കുന്ന ലോകത്ത് നാലു വയസ്സുകാരൻ അനുജനെ തനിച്ചാക്കി ജ്യേഷ്ഠൻ പോകുമ്പോൾ അവസാനിച്ചത് മരണത്തോടുള്ള അവന്റെ ചെറുത്തുനിൽപ്പു കൂടിയാണ്.
തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരൻ ഉച്ചയ്ക്കു 11.30 യോടെയാണ് മരിച്ചത്. രാവിലെ മുതൽ കുട്ടിയുടെ നില ആശങ്കാജനകമായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനു പിന്നാലെ 11.30 ഓടെ കുട്ടിയുടെ പൾസ് നിലച്ചതായി ഡോക്ടർമാർ പറഞ്ഞു. 11.35നാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. വെന്റിലേറ്ററിൽ തുടരുമ്പോഴായിരുന്നു മരണമെന്നും ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഏഴുവയസ്സുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കട്ടിലിൽനിന്നു വീണു പരുക്കേറ്റെന്നു പറഞ്ഞാണ് അമ്മയും പ്രതി അരുൺ ആനന്ദും കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ശരീരത്തിന്റെ മറ്റു ഭാഗത്തും പരുക്കുകൾ കണ്ടെത്തിയതോടെ അധികൃതർ പൊലീസിൽ അറിയിച്ചു.
തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസകൾക്കായി കോലഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ വിശദമായ അന്വേഷണത്തിലും ഇളയകുട്ടിയുടെ മൊഴിയിൽനിന്നുമാണ് ഏഴുവയസ്സുകാരനെ അരുൺ ക്രൂരമായി മർദിച്ച വിവരം പുറത്തറിഞ്ഞത്.