Breaking News
Home / Lifestyle / വിളിച്ചാൽ വിളിപ്പുറത്തുള്ള മൂർത്തി;പറശ്ശിനിക്കടവ് മുത്തപ്പന്റെ ഐതിഹ്യം

വിളിച്ചാൽ വിളിപ്പുറത്തുള്ള മൂർത്തി;പറശ്ശിനിക്കടവ് മുത്തപ്പന്റെ ഐതിഹ്യം

വടക്കൻ കേരളത്തിൽ ഏറ്റവും അധികം ഭക്തരെത്തുന്ന ക്ഷേത്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. ചരിത്രം കൊണ്ടും ഐതിഹ്യം കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്ന ഒന്നാണ് അവിടുത്തെ ഉപാസനാമൂർത്തിയായ പറശിനിക്കടവ് മുത്തപ്പന്റേത്.

അയ്യങ്കര വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു. അവരുടെ പത്നിയാണ് പാടിക്കുറ്റി അന്തർജ്ജനം അഥവാ പാർവ്വതി അന്തർജ്ജനം. ശിവ ഭക്തരായ അവർ ഒരു പാട് നേർച്ചകൾ നേർന്നു ഒരു കുട്ടിക്കായി പ്രാർത്ഥിച്ചു. ഒരു ദിവസം സ്വപ്നത്തിൽ അന്തർജ്ജനത്തിനു ശിവ ദർശനം കണ്ടു വെന്നും അരുവിയിൽ കുളിച്ചു കയറവെ പെട്ടെന്ന് കൽ‌പ്പടവിൽ ഒരു കുഞ്ഞ് പൂമെത്തയിൽ ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടും കിടക്കുന്നതു കണ്ടു.. ആ കുട്ടിയെ കൈകളിലെടുത്തു. .അന്വേഷിച്ചു ചുറ്റും നോക്കിയെങ്കിലും ആരും ആ കുട്ടിയുടെ അടുത്ത് ഇല്ലായിരുന്നു.ആ കുട്ടിയെ മാറോടണച്ചു അവർ വീട്ടിലെത്തി.

അയ്യങ്കരവാഴുന്നവരും പാടിക്കുറ്റി അന്തർജ്ജനവും സ്വന്തം മകനെ പോലെ വളർത്തി.. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ കുട്ടി അമ്പും വില്ലുമെടുത്ത് താഴ്ന്ന ജാതിക്കാരൊടൊപ്പം വേട്ടയാടാൻ പോകുകയും അങ്ങിനെ കിട്ടുന്ന മാംസം ചുട്ട് ഭക്ഷിക്കുകയും കള്ള് കുടിക്കുകയും ചെയ്തു തുടങ്ങി. ഇതറിഞ്ഞ അയ്യങ്കര വാഴുന്നവരും ഭാര്യയും മാംസ ഭോജനവും വേട്ടയും ഉപേക്ഷിക്കണമെന്നു അഭ്യർത്ഥിച്ചുവെങ്കിലും മകൻ ചെവിക്കൊണ്ടില്ല.

മകനോടുള്ള സ്നേഹം നിമിത്തം മകനോട് ഒന്നും പറയാതെ അയങ്കര വാഴുന്നവർ നിരാശനായി ഭാര്യയായ പാടിക്കുറ്റിയോട് പറഞ്ഞു “ നിന്റെ മകൻ നമ്മുടെ ആചാരങ്ങൾക്ക് എതിരു നിൽക്കുന്നു.. ഇത് ഇവിടെ പറ്റില്ല… അവനെ ഇവിടെ നിന്നും പുറത്താക്കേണ്ടി വരും.” അതു കേട്ടു കൊണ്ട് വന്ന ആ മകൻ ഉടനെ പൂജാമുറിയിലേക്ക് കയറിയപ്പോൾ താനെ കതകടഞ്ഞു.

വിഷണ്ണയായ പാടിക്കുറ്റി അന്തർജ്ജനം തുടർച്ചയായി കരഞ്ഞു കൊണ്ട് മകനോട് കതകു തുറക്കാനാവശ്യപ്പെട്ടപ്പോൾ അമ്പും വില്ലും അണിഞ്ഞ് കത്തിജ്ജ്വലിക്കുന്ന കണ്ണുകളുമായി തന്റെ വിശ്വരൂപം കാട്ടി നിന്നു. ഇത് ഒരു സാധാരണ കുട്ടിയല്ലെന്ന് മനസ്സിലായ അവർ തൊഴുകൈയ്യോടെ പോകരുതെന്ന് അപേക്ഷിച്ചെങ്കിലും പിതാവായ അയ്യങ്കര വാഴുന്നോർക്കിനി വിഷമമായി താനിവിടെയുണ്ടാകില്ലെന്ന് പറഞ്ഞ് യാത്രയാകുവാൻ തുനിഞ്ഞു അപ്പോൾ പാടിക്കുറ്റിയമ്മ മകനോ തൃക്കണ്ണു തുറന്നു നിൽക്കുന്ന നിന്റെ മുഖത്തു നോക്കുവാൻ എനിക്കു കഴിയുന്നില്ല.

അതിനാൽ നിന്നെ എനിക്ക് കാണുന്നതിനായി പൊയ്ക്കണ്ണു ധരിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു. അതിൻ പ്രകാരം പൊയ്ക്കണ്ണു ധരിച്ചു അമ്മയ്ക്കു മുന്നിൽ നിന്ന് അവരെ അനുഗ്രഹിച്ചു യാത്രയായി. അയ്യങ്കരയിൽ നിന്നു യാത്രയായി കുന്നത്തൂരെത്തിയ ആ ദിവ്യശക്തി അവിടെ തങ്ങി. അവിടെ പനമരത്തിലെ കള്ള് ചെത്തിക്കൊണ്ട് ജീവിതം നയിക്കുന്ന ചന്തൻ എന്ന കള്ളു ചെത്തുകാരൻ തന്റെ കള്ളിൽ നിന്നും രാത്രി മോഷണം പോകുന്നതായി അറിഞ്ഞു.

ഒരു ദിവസം അയാൾ അമ്പും വില്ലുമെടുത്ത് രാത്രി പനകൾക്ക് കാവലിരുന്നു.. കാവലിരിക്കുമ്പോൾ ഒരു വൃദ്ധനായ ഒരാൾ പനയിൽ കയറി കള്ള് കുടിക്കുന്നതു കണ്ടു. അയാളെ ചീത്ത വിളിച്ച് എയ്തിടാനായി അമ്പു തൊടുക്കുമ്പോൾ കണ്ണുമിഴിക്കുകയും ചന്തൻ അവിടെ കൽ പ്രതിമയായി മാറുകയും ചെയ്തു. ചന്തനെ തിരക്കി വന്ന ഭാര്യ കല്ലായി മാറിയ ചന്തനേയും പനയ്ക്കു മുകളിലിരുന്ന് കള്ളു കുടിക്കുന്ന വൃദ്ധനായ ഒരാളെ കണ്ടു .

ഒരു അപ്പൂപ്പനെ എന്നപോലെ മുത്തപ്പാ എന്ന് വിളിച്ചു തന്റെ ഭർത്താവിന്റെ അപരാധം ക്ഷമിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അങ്ങിനെ ആ ദിവ്യ സ്വരൂപം ചന്തന്റെ ജീവൻ തിരിച്ചു നൽകി എഴുന്നേൽ‌പ്പിച്ചു. അവരാണ് ആദ്യം മുത്തപ്പന് പൈങ്കുറ്റി നേർന്നത്. അവർ കള്ളും പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും നൈവേദ്യമായി അർപ്പിച്ചു. അങ്ങിനെ മുത്തപ്പൻ കുന്നത്തൂർ വസിക്കണമെന്ന് അവരുടെ പ്രാർത്ഥന സ്വീകരിച്ചു.. അതാണ് കുന്നത്തൂർ പാടി. അവിടെ കുറച്ചു കാലം കഴിഞ്ഞപ്പോൾ പൊയ്ക്കണ്ണണിഞ്ഞ മുത്തപ്പനു തുണയായ് വിഷ്ണു ചൈതന്യമായി വെള്ളാട്ടം പ്രത്യക്ഷപ്പെടുകയും മുത്തപ്പന്റെ കൈ പിടിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

തന്റെ അവതാര ലക്ഷ്യത്തിനായി മുത്തപ്പൻ പിന്നെ കുന്നത്തൂർ പാടിയിൽ നിന്നും ഒരമ്പു തൊടുക്കുകയും അത് പറച്ചിങ്ങ തിങ്ങുന്ന( മുള്ളുള്ള ഒരു തരം ചെടി , പുഴക്കരികിൽ വളരുന്നു) പ്രദേശത്ത് ഒരു മരത്തിൽ തറക്കുകയും ചെയ്തു.

അങ്ങിനെ കുന്നത്തൂർ പാടിയിൽ നിന്നും മുത്തപ്പൻ പറശ്ശിനിയിലേക്ക് തിരിച്ചു ( പറച്ചിങ്ങ തിങ്ങുന്ന പ്രദേശമായതിനാൽ അതിനു പറശ്ശിനി ക്കടവ് എന്ന പേരു വന്നു.) അവിടെ രാത്രി മീൻ പിടിച്ചു കൊണ്ടു നടക്കുന്ന ഒരു വണ്ണാൻ ഒരു മരത്തിൽ തറച്ചിരിക്കുന്ന അമ്പ് കാണുകയും അതിൽ അപാരമായ ദിവ്യ പ്രകാശം ചൊരിയുന്നതായി കണ്ടപ്പോൾ ആ സ്ഥലത്തെ നാടുവാഴിയായ തീയ്യസമുദായത്തിലെ കാരണവരോട് സംഭവം ഉണർത്തിക്കുകയും അവിടെയ്ക്ക് കൂട്ടി കൊണ്ടു വരികയും ചെയ്തു.

അങ്ങിനെ അവിടെ പ്രശ്നവിധികൾ ചെയ്തപ്പോൾ അത് മുത്തപ്പൻ ദൈവത്തിന്റെ ചൈതന്യമാണ് അതെന്നും ക്ഷേത്രം കെട്ടി ആരാധിക്കണമെന്നും പറയുകയുണ്ടായി.( പറശ്ശിനിയിൽ ആ അമ്പ് പ്രതിഷ്ഠിച്ചിട്ടുണ്ട്) അതിൻ പ്രകാരം കാരണവർ ക്ഷേത്രം കെട്ടുകയും അവിടെ വരുന്ന സർവ്വരെയും മുത്തപ്പന്റെ അതിഥികളായി സൽക്കരിക്കുകയും ചെയ്യുന്നു.

മഹാശക്തിയുള്ള ദൈവമാണ് മുത്തപ്പൻ. മത്സ്യാകാര കിരീടം ധരിച്ചതാണ് തിരുവപ്പന അഥവാ മുത്തപ്പൻ..വെള്ളാട്ടം മുത്തപ്പനു സഹായിയായി വന്നതും. ചുരുക്കത്തിൽ ശിവ വിഷ്ണു ചൈതന്യ. സങ്കല്പമാണ് കലിയുഗത്തിലെ ദൈവമായി ഭക്തരെ അനുഗ്രഹിക്കുന്ന തേജോരൂപമായ ശ്രീ മുത്തപ്പന്റേത്. ഇന്നും ഇവിടെ പയങ്കുറ്റിയും കള്ളും മീനുമൊക്കെയാണ് നൈവേദ്യം. നായാട്ടിനു മുത്തപ്പന്റെ ഒപ്പം കൂടിയ നായ്ക്കൾക്ക് ആദ്യം ക്ഷേത്രത്തിലെ പ്രസാദം നൽകപ്പെടുന്നു.

പറശ്ശിനിയിൽ എല്ലാദിവസവും സൌജന്യമായി ചായയും ചെറിയ ഇലക്കഷ്ണത്തിൽ വൻ പയർ പുഴുങ്ങിയതും തേങ്ങാപ്പൂളുമുണ്ടാകും. അപാരമായ സ്വാദാണ് അതിന്എത്ര അതിഥികളുണ്ടായാലും അവർക്ക് എല്ലാവർക്കും ഭക്ഷണം നൽകുന്നു.

ദിവസവും ചിലപ്പോൾ ഏഴായിരവും എട്ടായിരവുമൊക്കെ ആൾക്കാർ ഉണ്ടാകും എന്നാലും എല്ലാവർക്കും നിത്യവും മുടങ്ങാതെ സൌജന്യമായി ഭക്ഷണം കൊടുക്കും.ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ ചോറും ഉണ്ട്..ജാതിമത ഭേദമന്യേ ആർക്കും ഒരു തടസ്സവുമില്ലാതെ പോകാവുന്ന സ്ഥലമാണ് പറശ്ശിനി മടപ്പുര.. മടപ്പുരയിലെ കാര്യങ്ങൾ നോക്കുന്നയാളെ “മടയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവിടെത്തെ പ്രസാദം കഴിച്ചാൽ വയറും മനസ്സും കുളിർക്കും

About Intensive Promo

Leave a Reply

Your email address will not be published.