Breaking News
Home / Lifestyle / ഭർത്താവ് അമ്മക്കുട്ടി യായപ്പോൾ ഭാര്യ നേരിടേണ്ടി വന്നത്

ഭർത്താവ് അമ്മക്കുട്ടി യായപ്പോൾ ഭാര്യ നേരിടേണ്ടി വന്നത്

പ്രണയിച്ചു വിവാഹം കഴിക്കുന്നവരുടെ ദാമ്പത്യത്തെക്കുറിച്ച് പൊതുവിൽ പറഞ്ഞു കേൾക്കുന്ന ഒരു നല്ല വശം, പരസ്പരം ആഴത്തിൽ മനസ്സിലാക്കിയ രണ്ടു പേർ ഒരുമിച്ചു ജീവിക്കുന്നു എന്നതാണ്. ഒരു പരിധി വരെ അതു ശരിയാണു താനും. എന്നാൽ അതിനപ്പുറം, പലതരം വിട്ടുവീഴ്ചകൾക്കിടയിലൂടെയാണ് ഇവരിൽ ഭൂരിപക്ഷത്തിന്റെയും ജീവിതം കടന്നു പോകുന്നതെന്നതാണ് മറ്റൊരു സത്യം. ചിലർ അത്തരത്തിൽ പെട്ട അനുഭവകഥകൾ പറയുന്നത് വായനക്കാരും കേട്ടിട്ടുണ്ടാകുമല്ലോ.

അങ്ങനെയൊരു ജീവിതമാണ് രാധികയുടെത് (പേര് സങ്കൽപ്പം). ‘പ്രണയിച്ചു വിവാഹം കഴിച്ചതിൽ ഞാനിപ്പോൾ ഖേദിക്കുന്നു’ എന്നു പറയത്തക്ക തരത്തിലേക്ക് ജീവിതാനുഭവങ്ങൾ അവരെ കൊണ്ടെത്തിച്ചിരിക്കുകയാണ്. ‘വനിത’യ്ക്ക് എഴുതി അയച്ച കുറിപ്പിലാണ് ദാമ്പത്യ ജീവിതത്തിൽ താൻ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും അവർ മനസ്സ് തുറന്നത്.

കുറിപ്പ് വായിക്കാം :

യൂണിവേഴ്സിറ്റി കലോത്സവത്തിനിടെയാണ് ഞാനും രതീഷും (പേര് സങ്കൽപ്പം) പരിചയപ്പെട്ടത്. എന്നെക്കാൾ ഒരു വർഷം സീനിയറാണ്. സൗഹൃദത്തിലായിരുന്നു തുടക്കം. ക്രമേണ അത് പ്രണയമായി. പഠനം കഴിഞ്ഞ്, ജോലിയായതോടെ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ആദ്യം ഇരു വീടുകളിലും ചെറിയ എതിർപ്പുകളൊക്കെയുണ്ടായെങ്കിലും പിന്നീടെല്ലാവരും സമ്മതിച്ചു.

സന്തോഷകരമായ ഒരു ജീവിതമാകും ഞങ്ങളുടെതെന്നാണ് ഞാൻ കരുതിയത്. വിവാഹം കഴിഞ്ഞുള്ള ആദ്യ ദിവസങ്ങൾ അതിന്റെ സൂചന നൽകിയെങ്കിലും പെട്ടെന്നു തന്നെ അന്തരീക്ഷം മാറി. ചെറുതിലേ അച്ഛനെ നഷ്ടപ്പെട്ടതിനാൽ, അദ്ദേഹം അമ്മയുമായി വളരെ അടുപ്പത്തിലായിരുന്നു. ഒരു ‘അമ്മക്കുട്ടി’ എന്നു തന്നെ പറയാം. മകന്റെ കാര്യത്തിൽ അമ്മയ്ക്കും അമ്മയുടെ കാര്യത്തിൽ മകനും വലിയ കരുതലായിരുന്നു.

ഞങ്ങൾ ഹണിമൂണ്‍ യാത്രയ്ക്കു പോയ ദിവസങ്ങളിലാണ് കാര്യങ്ങൾ കലങ്ങി മറിഞ്ഞു തുടങ്ങിയത്. കുറച്ചു ദിവസം അമ്മയുടെ അടുക്കൽ നിന്നു മാറി നിൽക്കേണ്ടി വന്നതോടെ അദ്ദേഹത്തിന് ടെൻഷനായി. യാത്രയിലുടന്നീളം അമ്മയുടെ ആരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമൊക്കെ വേവലാതിപ്പെട്ടുകൊണ്ടിരുന്നു. ദിവസവും രണ്ടും മൂന്നും മണിക്കൂര്‍ ഫോണിൽ അമ്മയുമായി സംസാരിക്കും. മാത്രമല്ല, ‘അമ്മേ പുറത്തേക്കു പോകുന്നു’, ‘അമ്മേ വെള്ളച്ചാട്ടം കാണാൻ പോകുന്നു’, ‘അമ്മേ ഭക്ഷണം കഴിക്കാൻ പോകുന്നു’ എന്നിങ്ങനെ എന്തു ചെയ്യും മുമ്പും അമ്മയെ വിളിച്ച് പറയുകയായിരുന്നു മറ്റൊരു ശീലം. ഭാര്യയായ എന്നെ തീരെയും പരിഗണിക്കാതെ, അമ്മയുടെ കാര്യങ്ങളിൽ മാത്രം സദാസമയവും ശ്രദ്ധിച്ച്, അമ്മയുമായി മാത്രം വിശേഷങ്ങൾ പങ്കു വച്ച്, ഒരു അമ്മക്കുട്ടിയായി മാത്രം ജീവിക്കുന്നതായിരുന്നു അദ്ദേഹത്തിന് താൽപര്യം.

ഞങ്ങൾ തിരികെ വന്ന ശേഷം മറ്റൊരു സിറ്റിയിലേക്കു താമസം മാറ്റിയെങ്കിലും ഈ പതിവ് തുടർന്നുകൊണ്ടിരുന്നു. എന്നും അമ്മ വിളിക്കും, അവര്‍ മണിക്കൂറുകളോളം സംസാരിക്കും. അമ്മയും മകനും തമ്മിൽ വിശേഷങ്ങൾ പറയും. തീരുമാനങ്ങളെടുക്കും. ഭാര്യയായ ഞാനെപ്പോഴും ആ വൃത്തത്തിനു പുറത്തായിരുന്നു. അദ്ദേഹത്തിന്റെ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതും, ഞങ്ങളുടെ ജീവിതമെങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നതുമൊക്കെ അമ്മയായിരുന്നു.

ഞാന്‍ ലേബർ റൂമിൽ വേദന കൊണ്ട് പുളഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ മുറുകെപ്പിടിക്കുമ്പോഴും അദ്ദേഹം ഫോണിൽ അമ്മയോട് ദൃക്സാക്ഷി വിവരണം നടത്തുകയായിരുന്നു. അതൊക്കെ എന്നെ വല്ലാതെ മുറിപ്പെടുത്തി. അമ്മയും മകനും തമ്മിൽ അകലണമെന്നോ, അവർ തമ്മിൽ സ്നേഹിക്കരുതെന്നോ അല്ല, എന്നെയും കൂടി അദ്ദേഹം പരിഗണിക്കണമെന്നതു മാത്രമായിരുന്നു എന്റെ ആവശ്യം. പരാതികളും പരിഭവങ്ങളുമൊന്നും വിലപ്പോയില്ല. ഞാൻ പതിയെപ്പതിയെ ഉൾവലിഞ്ഞു തുടങ്ങി. മക്കൾ ജനിച്ച് ഏറെക്കഴിയും മുമ്പേ അദ്ദേഹം എന്നെ പൂർണ്ണമായും അവഗണിച്ചു തുടങ്ങി. കണ്ടാൽ ചിരിക്കുക മാത്രം ചെയ്യുമെന്ന അവസ്ഥയിലെത്തി.

പുറത്തു നിന്നു നോക്കുന്നവർക്ക് എന്റെ ജീവിതം വളരെ ഹാപ്പിയാണ്. നല്ല ഭർത്താവ്, കുടുംബം, കുട്ടികൾ, ജോലി….. പക്ഷേ യാഥാർത്ഥ്യം എനിക്കല്ലേ അറിയൂ. ഞാൻ ആരോടും പരാതി പറഞ്ഞിട്ടില്ല. മരിച്ചതിനു തുല്യം ജീവിക്കുന്നു. പക്ഷേ ഇപ്പോൾ ചിന്തിക്കുമ്പോൾ വേണ്ടിയിരുന്നില്ല എന്ന തോന്നലാണ്. ഞാൻ ആർക്കു വേണ്ടിയാണ് ഇങ്ങനെ സ്വയം ഹോമിക്കുന്നത്. എന്റെ മക്കൾ മാത്രമാണ് പ്രതീക്ഷ. അപ്പോഴും ഈ വലിയ വീട്ടില്‍ ആരുമില്ലാത്തവളെപ്പോലെ ഞാൻ ജീവിക്കുകയാണ്, സ്വയം നീറി..

About Intensive Promo

Leave a Reply

Your email address will not be published.