പ്രണയം ആദ്യം മധുരവും പിന്നീട് തീർത്താൽ തീരാത്ത പകയുമാകുമ്പോൾ ജീവനും ജീവിതവും നഷ്ടപ്പെടുത്തുന്നവരാണ് ഇന്നത്തെ യുവതലമുറ. വീണ്ടുവിചാരമോ വിവേകമോ ഇല്ലാതെ ഭ്രാന്തമായ മാനസികനിലയിൽ മറ്റൊരാളുടെ ജീവനെടുക്കാനോ സ്വയം ഇല്ലാതാവാനോ അവർക്ക് എളുപ്പത്തിൽ സാധിക്കുന്നു. കഴിഞ്ഞ ദിവസം തൃശൂരിൽ കാമുകിയെ കുത്തി പരുക്കേൽപ്പിച്ച് പെട്രോൾ ഒഴിച്ചു കത്തിച്ച കാമുകന്റെ മനോനിലയും മുകളിൽ പറഞ്ഞതിന് സമാനമാണ്.
എംബിഎ ബിരുദധാരിയായ നിധീഷും ബിടെക് വിദ്യാർത്ഥിനിയായ നീതുവും മൂന്നു വർഷമായി പ്രണയത്തിലായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുവരും ഒരുമിച്ച് ചെയ്ത ടിക് ടോക് വിഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. മോമു വാമ്പയർ എന്ന ടിക് ടോക് പേജിൽ ഏറെയും നിധീഷും നീതുവും ഒരുമിച്ചുള്ള പ്രണയാർദ്രമായ വിഡിയോകളാണ്. നീതുവുമായി പ്രണയത്തിലായ തിയതിയും വർഷവും ഉൾപ്പെടെ കടുത്ത പ്രണയം തുളുമ്പുന്ന വരികളും എഴുത്തുമാണ് പങ്കുവച്ചിരിക്കുന്നത്.
’ഞങ്ങളുടെ വിവാഹം, ഓഗസ്റ്റ് 19, 2016 മുതൽ നീയെന്റേതാണ്’, ’അവൾ എന്റേതാണ്, അവളെ നോക്കിയാൽ അവരുടെ രക്തം ഞാനൂറ്റി കുടിയ്ക്കും’, ’എന്നെന്നും നീയെന്റേതാണ്’, ’മരണം വരെയും ഞാൻ നിന്നെ പ്രണയിക്കും’, ’എന്റെ പ്രിയപ്പെട്ട ഭാര്യ’ എന്നിങ്ങനെ തീവ്രമായ പ്രണയം വെളിപ്പെടുത്തുന്ന വരികളാണ് നിധീഷ് നീതുവിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.
പലതും നീതുവിന്റെ വീട്ടിൽ വച്ചു ചിത്രീകരിച്ചവയാണ്. വീട്ടുകാർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിവുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വിഡിയോകൾ. ടിക് ടോക് പോലുള്ള പബ്ലിക് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്തിരുന്ന വിഡിയോ പക്ഷേ അരുംകൊലയ്ക്കു ശേഷമാണ് നാട്ടുകാർ പോലും കാണുന്നത്. വർഷം കഴിയുംതോറും തീവ്രത ഒട്ടും ചോരാതെ പ്രണയത്തിന്റെ വാർഷികം ആഘോഷിച്ചവർക്കിടയിൽ പിന്നീട് എന്ത് സംഭവിച്ചു എന്നത് ഉത്തരമില്ലാതെ അവശേഷിക്കുന്നു.
കൊടകര ആക്സിസ് എഞ്ചിനീയറിങ് കോളജിൽ ബിടെക് വിദ്യാര്‍ഥിനിയാണ് 22 വയസ്സുകാരിയായ നീതു. നീതുവിന്റെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. ഏകമകളായിരുന്നു നീതു. മുത്തശ്ശിയുടെയും അമ്മാവന്റെയും ഒപ്പമാണ് നീതു വളർന്നത്. പഠിച്ച് ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ പെൺകുട്ടി. വടക്കേക്കാട് സ്വദേശിയാണ് 27 വയസ്സുകാരനായ നിധീഷ്. കൊച്ചിയിൽ ഒരു സ്ഥാപനത്തിൽ ബിസിനസ് കൺസൾട്ടന്റായി ജോലി ചെയ്തു വരുകയായിരുന്നു.
നീതുവും നിധീഷും തമ്മിലുള്ള പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടെയും വീട്ടുകാർക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. അതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തുവെന്ന് സംശയം തോന്നിയതാണ് നിധീഷിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. നീതു പെട്ടെന്നുള്ള വിവാഹത്തിനു എതിർപ്പ് പ്രകടിപ്പിച്ചതും സംശയത്തിന് ആക്കം കൂട്ടി.
അതിരാവിലെ നിധീഷ് നീതുവിന്റെ വീട്ടിലെത്തിയെന്നാണ് സമീപവാസികൾ പറയുന്നത്. അഞ്ചു മണിക്ക് നടക്കാൻ പോയവർ നിധീഷിന്റെ ബുള്ളറ്റ് നീതുവിന്റെ വീടിനു സമീപം ഇരിക്കുന്നതു ശ്രദ്ധിച്ചിരുന്നു. ഈ സമയം നിധീഷ് ഒളിച്ചിരിക്കുകയായിരുന്നോ എന്നു വ്യക്തമല്ല. ഇരുവരും തമ്മിൽ ഏറെനേരം സംസാരിച്ചിരുന്നുവെന്നും പിന്നീടാണ് കൊല ചെയ്യപ്പെട്ടതെന്നും പറയുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കഴുത്തിൽ കുത്തേറ്റതിനാൽ പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കെട്ടിയ നിലയിലായിരുന്നു.
നീതുവിനെ കൊലപ്പെടുത്താൻ സജ്ജമായാണ് നിധീഷ് വീട്ടിൽ എത്തിയത്. കൈകളിൽ ഗ്ലൗസ് ധരിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. വാഹനം വീടിനു പുറകുവശത്ത് നിർത്തിയതും സംശയം ജനിപ്പിക്കുന്നു. കൈവശം കൊണ്ടുവന്ന ബാഗിൽ രണ്ടു കുപ്പി പെട്രോൾ, മൂർച്ചയേറിയ കത്തി എന്നിവ നിധീഷ് കരുതിയിരുന്നു. കാമുകിയെ ഇല്ലാതാക്കിയ ശേഷം ആത്മഹത്യ ചെയ്യാനായി നിധീഷ് വിഷക്കുപ്പിയും കരുതിയിരുന്നു. എന്നാൽ അതിനുള്ള സാവകാശം നൽകാതെ പെൺകുട്ടിയുടെ ബന്ധുക്കൾ നിധീഷിനെ പിടികൂടി മർദ്ദിക്കുകയും ചെയ്തു. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് നിധീഷ്.