പുത്തന്‍വേലിക്കര റോഡുകളിലൂടെ കൊച്ചു പെണ്‍കുട്ടി കുതിരപ്പുറത്ത് പോകുന്നത് കാണാം. എല്ലാവരും ആകാംക്ഷയോട് അത് നോക്കി നില്‍ക്കാറുണ്ട്. വളരെ സമര്‍ഥമായി കുതിര സവാരി നടത്തുന്ന ആ പെണ്‍കുട്ടി ആരാണെന്ന് മാളക്കാര്‍ എല്ലാവരും അന്വേഷിച്ചു. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകള്‍ സി.എ.കൃഷ്ണയായിരുന്നു അത്.
മാള ഹോളിഗ്രേസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി. പത്താം ക്ലാസിലെ അവസാന പരീക്ഷയ്ക്കു മറ്റു കുട്ടികള്‍ പതിവുപോലെ സ്കൂള്‍ ബസില്‍ പോയപ്പോള്‍ കൃഷ്ണയുടെ പോക്ക് കുതിരപ്പുറത്തായിരുന്നു. ഒന്നാന്തരം ആണ്‍കുതിരയുടെ പുറത്ത്. റാണാ കൃഷ് എന്നു പേരിട്ട ആ കുതിരയുടെ പുറത്ത് മൂന്നര കിലോമീറ്റര്‍ ദൂരം പോയാണ് സ്കൂളില്‍ എത്തിയതും പരീക്ഷ എഴുതിയതും.