കുമരകം: ജന്മദിനത്തില് തന്നെ തന്റെ സാമ്പത്തിക ക്ലേശങ്ങള്‍ക്ക് എല്ലാം പരിഹാരമായ സന്തോഷത്തിലാണ് കുമരകം സ്വദേശിയായ ശ്രീജിത്ത്. ഭാഗ്യദേവത കാരുണ്യ ലോട്ടറിയുടെ രൂപത്തില്‍ കടാക്ഷിച്ചപ്പോള്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന് സ്വന്തമായത് ഒന്നാം സമ്മാനം ഉള്‍പ്പടെയുള്ള മൂന്ന് സമ്മാനങ്ങള്‍. എടുത്ത മൂന്നു ടിക്കറ്റുകള്‍ക്കും സമ്മാനമടിച്ച സന്തോഷത്തിലാണ് പെയിന്റിങ് തൊഴിലാളി കൂടിയായ ഈ യുവാവ്. കാരുണ്യ ലോട്ടറി ടിക്കറ്റിലൂടെയാണ് ശ്രീജിത്തിനെ ഭാഗ്യം തേടിയെത്തിയത്. മൂന്നു ടിക്കറ്റുകളിലാണ് ശ്രീജിത്ത് വാങ്ങിയിരുന്നത്.
കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ 75 ലക്ഷത്തിനു പുറമെ 10,000 രൂപ വീതമുള്ള രണ്ടു സമാശ്വാസ സമ്മാനങ്ങളും ബാക്കി രണ്ടു ടിക്കറ്റിലൂടെ ശ്രീജിത്തിനെ തേടിയെത്തി.
ശ്രീജിത്തിന്റെ പിറന്നാള്‍ ഈ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. പിറന്നാള്‍ ദിനത്തിലാണ് ശ്രീജിത്തിനെ ഭാഗ്യം കടാക്ഷിച്ചത്. ഭവനനിര്‍മാണ ബോര്‍ഡില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നതിനിടെയാണ് ശ്രീജിത്തിന് അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നത്.
തങ്ങളുടെ കുടുംബത്തെ തേടി വന്ന ഭാഗ്യത്തെ സന്തോഷത്തോടെ സ്വീകരിക്കാനായി ഒരുങ്ങുകയാണ് ഭാര്യ ഗോപികയും മകളായ വൈഗയും.