ഭൂമിയ്ക്ക് മുകളിൽ സൂര്യൻ കത്തിനിൽക്കുമ്പോൾ വെയിലിന്റെ കാഠിന്യം നേരിട്ട് അനുഭവിക്കുന്നവരാണ് ഡ്രൈവർമാർ. എസി ഇല്ലാത്ത വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കൊടും വേനലിൽ നിന്ന് രക്ഷപ്പെടാന് മുംബൈയിലെ ഒരു ഓട്ടോക്കാരൻ പരീക്ഷിച്ച വേറിട്ട മാതൃക ഇപ്പോൾ സൈബർ ലോകത്ത് കയ്യടി നേടുകയാണ്. തന്റെ ഓട്ടോയ്ക്ക് മുകളിൽ ഒരു ചെറിയ പൂന്തോട്ടം തന്നെ നട്ടുപിടിപ്പിച്ചു ഇയാൾ. ഒപ്പം മരങ്ങൾ സംരക്ഷിക്കൂ, ജീവിതം രക്ഷിക്കൂ എന്ന സന്ദേശവും.
ഇദ്ദേഹത്തിന്റെ വാഹനത്തിൽ കയറിയാൽ ചൂടറിയില്ലെന്ന് യാത്രക്കാരുടെ സാക്ഷ്യം. എന്നാൽ ഓട്ടോയിലെ ഈ ചെറുപൂന്തോട്ടം പരിപാലിച്ചു കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ലെന്ന് പറയുന്നു ഡ്രൈവർ ബിജിപാൽ. എല്ലാ ദിവസവും പൂന്തോട്ടത്തിന് വെള്ളമൊഴിക്കും. വരുമാനത്തില്‍ നിന്നും നല്ലൊരു തുക ചെലവഴിച്ചാണ് ഈ ഓട്ടോയ്ക്ക് മുകളിലെ ഈ ചെറുപൂന്തോട്ടം നട്ടുപിടിപ്പിച്ചത്.