സിനിമയ്ക്ക് അകത്തും പുറത്തും സൂര്യ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത് പെരുമാറ്റത്തിലൂടെയാണ്. ആരാധകരോട് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും ആ സ്നേഹം അദ്ദേഹം പ്രകടിപ്പിക്കാറുമുണ്ട്. അത്തരത്തിൽ സൂര്യ തന്റെ ജീവിതം മാറ്റിമറിച്ച കഥ പറയുകയാണ് തമിഴ്താരം ജഗൻ.
തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും വലിയ ഹിറ്റായ ചിത്രമായിരുന്നു സൂര്യയുടെ അയൻ. സൂര്യക്കൊപ്പം തന്നെ മികച്ച പ്രകടനമാണ് അതിൽ ചിട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജഗനും കാഴ്ചവച്ചത്. ‘കണ്ട നാള് മുതല്‍’ എന്ന സിനിമയിലൂടെയായിരുന്നു ജഗന്റെ സിനിമാ അരങ്ങേറ്റം. പക്ഷേ അദ്ദേഹത്തെ പ്രശസ്തനാക്കിയത് അയൻ എന്ന ചിത്രത്തിലെ വേഷമായിരുന്നു. തന്റെ ജീവിതത്തിലെ പല നിര്‍ണായക സംഭവങ്ങള്‍ക്കും സഹായമായത് സൂര്യയുടെ ഉപദേശമാണെന്നും അദ്ദേഹം തുറന്നുപറയുന്നു. അതിലൊരു സംഭവം തന്റെ വിവാഹമായിരുന്നു.
‘പഠിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് പ്രണയം തോന്നിയ പല പെൺകുട്ടികളും എന്നെ ഒഴിവാക്കുകയായിരുന്നു. പ്രണയം എന്നത് എനിക്ക് വിധിച്ചിട്ടില്ലെന്ന സങ്കടത്തിലിരിക്കുമ്പോഴാണ് എന്റെ സുഹൃത്തുകൂടിയായ വനമതി എന്നെ ഇഷ്ടമാണെന്ന് ഇങ്ങോട്ട് പറയുന്നത്. ജീവത്തിലാദ്യമായിരുന്നു ഇത്തരം ഒരു അനുഭവം. അതുകൊണ്ട് വനമതിയെ തന്നെ ജീവിതത്തിലും സ്വന്തമാക്കണമെന്ന് ഞാൻ തീരുമാനിച്ചു
പക്ഷേ വിവാഹത്തിനു വനമതിയുടെ വീട്ടുകാര്‍ എതിര്‍പ്പായിരുന്നു. ഞാന്‍ വനമതിയെ വിളിച്ചിറക്കികൊണ്ടുവരാമെന്ന് തീരുമാനിച്ചു, ഇറങ്ങിവരാമെന്ന് അവൾ സമ്മതിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ ഇക്കാര്യം സൂര്യയോട് പറയുന്നത്. വിവാഹത്തിന് ആരും വന്നില്ലെങ്കിലും സൂര്യ വരണമെന്നായിരുന്നു എന്റെ ആഗ്രഹം.
പക്ഷേ അതിനു മറുപടിയായി അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചു. ‘കല്യാണത്തിനു ഞാൻ വരാം. പക്ഷേ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വേദനിപ്പിച്ചു കൊണ്ടാവരുത് നിന്റെ കല്യാണം. അവരെ വേദനിപ്പിച്ചുകൊണ്ട് ഇറങ്ങി വരാനും നീ അവളോട് പറയരുതായിരുന്നു. ഞാൻ ആ പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കാം.’ ഇങ്ങനെയാണ് സൂര്യ ജഗനോട് പറഞ്ഞത്. പിന്നിട് സൂര്യയും അദ്ദേഹത്തിന്റെ പിതാവ് ശിവകുമാറും ചേർന്നാണ് വനമതിയുടെ വീട്ടുകാരോട് സംസാരിക്കുന്നത്. അതിന് ശേഷമാണ് എതിർപ്പുകളെല്ലാം മറന്ന് വീട്ടുകാർ ഞങ്ങളുടെ കല്ല്യാണത്തിന് സമ്മതിച്ചത്. ഒരു അഭിമുഖത്തിലാണ് ജഗൻ ഇൗസംഭവം പങ്കുവച്ചത്