വൈകിട്ട് ജോലിയും കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ വീടിനു മുൻപിൽ ഒരാൾക്കൂട്ടം ഉണ്ടായിരുന്നു. തലകുനിച്ചു അവർക്കിടയിൽ അച്ഛനും, അണപൊട്ടി കരഞ്ഞുകൊണ്ടു അമ്മയും. ആർക്കെങ്കിലും അത്യാഹിതം സംഭവിച്ചോയെന്നു ഭയന്നു. ചേച്ചിയും ഭർത്താവും പുറംനാട്ടിലാണല്ലോ അവർക്കെന്തെങ്കിലും ആപത്തു പിണഞ്ഞോ?.ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന എന്റെ അനിയത്തി അവൾക്കെന്തെങ്കിലും?.
വീട്ടുമുറ്റത്തു എത്തിയതും മെമ്പർ എന്നെ പുച്ഛത്തോടെയും അതിലേറെ ദേഷ്യത്തോടെയും അമർത്തി നോക്കി. “നിന്നെക്കുറിച്ചു ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത്. ഇത്രേം നല്ലൊരു തറവാട്ടിൽ ഇതുപോലെ അധപ്പതിച്ചവൻ ഉണ്ടായല്ലോ? കഷ്ടം !.” മെമ്പർ പുച്ഛിച്ചു നടന്നു പോയി.
ചുറ്റുംകൂടി നിന്നവരുടെയൊക്കെ മുഖങ്ങളിൽ പുച്ഛം. വീടിനു അകത്തേക്ക് ചെന്നപ്പോൾ അച്ഛൻ തലതാഴ്ത്തി പറഞ്ഞു. ‘ഇത്രയൂം നാൾകൊണ്ട് ഞാൻ ഉണ്ടാക്കിയ സൽപേരെല്ലാം കളഞ്ഞുകുളിച്ചല്ലോ നീ. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് മക്കളായി ജനിക്കാന്നു പറയുന്നത് എന്റെ കാര്യത്തിൽ ശരിയായി.’
എന്റെ മോനെയെന്നു തികച്ചു വിളിക്കാത്ത അമ്മ ശാപവാക്കുകൾ പറഞ്ഞു കരയുന്നത് കേട്ട് എന്റെ മനോനില തെറ്റി. എന്താ ഉണ്ടായതെന്ന് ആരേലും ഒന്നു പറയൂ!വീട് നടുങ്ങിയ അലർച്ച. അതിൽ ഉത്തരം പറയാൻ ആരുമുണ്ടായില്ല,മരണവീടിനു സമം മൂകം.
മുറിയിൽ വന്നു, ഓഫായ ഫോൺ ചാർജിൽ ഇട്ടു കിടന്നു. ഇടക്ക് ഫോൺ ഓണാക്കിയപ്പോൾ അനിയത്തിയുടെ കോൾ. ചാടി എഴുന്നേറ്റു ഫോൺ എടുത്തു. അനിയത്തിയേക്കാൾ മോളാണ് എനിക്കവൾ.ഏതു കുരുത്തക്കേടിനും ഒപ്പമുള്ളവൾ. ഒരു തേങ്ങിക്കരച്ചിലായിരുന്നു ഫോണിനപ്പുറം ആദ്യം കേട്ടത്.
“എന്താ നീ കരയുന്നേ ഏട്ടനോട് പറയടാ. ഇവിടെ എല്ലാവർക്കും എന്താ സംഭവിച്ചത്.”
“ഏട്ടനോ! നിങ്ങളോ?, അങ്ങനെ കരുതിയതിൽ, വിളിച്ചതിൽ, എനിക്കെന്നോട് തന്നെ അറപ്പു തോന്നുവാ. നിങ്ങൾ ഏതു കണ്ണിലാ എന്നെ നോക്കിയിരുന്നതെന്നെനിക്ക് അറിയില്ലല്ലോ?. നിങ്ങൾ ഒരു മനുഷ്യനാണോ, അതോ മൃഗമോ ? അറപ്പാ എനിക്ക് നിങ്ങളെയിപ്പോ, നിങ്ങളുള്ള ആ വീട്ടിലേക്ക് ഇനി ഞാനില്ല. മേലിൽ എന്നെ വിളിച്ചു പോവരുത്. എന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെയവൾ ഫോൺ വെച്ച്പോയി.
അടുത്ത കോൾ രാജീവിന്റെതായിരുന്നു. എന്നേക്കാൾ കൂടുതൽ അമ്മപോലും അവനെ സ്നേഹിക്കണമെന്ന് ഞാൻ വാശിപിടിച്ച എന്റെ ചങ്ങാതി,ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവൻ. അവനെപ്പോലെ ഒരാൾ ഉള്ളപ്പോൾ ലോകം മുഴുവൻ എന്റേതെന്ന് തോന്നും. അവനോളമില്ല മറ്റൊരു സൗഹൃദവും സുകൃതവും അത്രയും പ്രിയപ്പെട്ട ബന്ധമാണ്, ബന്ധനമാണ്.
“നിന്നെ എത്രനേരമായി വിളിക്കുന്നു. എല്ലാം അറിഞ്ഞിട്ട് ഫോൺ ഓഫാക്കി വെച്ചതാണോ?”
“എന്തറിഞ്ഞു എന്നാണ് നീ ഈ പറയുന്നത്. എല്ലാവർക്കും എന്താണ് സംഭവിച്ചത് നീയെങ്കിലും ഒന്നു പറഞ്ഞു താ.” – സങ്കടം കൊണ്ട് ചുണ്ടുകൾ വിറച്ചു, ശബ്ദം ഇടറി.
“നിന്റെ പല ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകളുടെയും ചാറ്റ് ലിസ്റ്റുകൾ ഒരു ഹാക്കറുടെ വാളിൽ ഇട്ടിട്ടുണ്ട്. നിന്റെ ഫോൺ നമ്പറും ഫോട്ടോസും ഉൾപ്പടെ. അത് പലതും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പിലും ഒക്കെയായി ഷെയർ ചെയ്യുപ്പെടുകയാണ്. അന്നേ നിന്നോട് ഞാൻ പറഞ്ഞതല്ലേ? ഒരു വാക്കു കേട്ടോ നീ? അന്ന് നീ ചിന്തിച്ചുവോ നീ ഷെയർ ചെയ്യുന്ന പെണ്ണുടലുകൾക്കും ഹൃദയം എന്നൊന്നുണ്ടെന്ന്. അതിനും നോവുമെന്ന്. പല പേർസണൽ ഫോൺ നമ്പറുകളും ഷെയർ ചെയ്തപ്പോൾ നീ ചിന്തിച്ചോ അവർക്കുണ്ടാവുന്ന അപമാനങ്ങൾ……”
പിന്നീട് ഒന്നും കേൾക്കാനായില്ല. ശരിയാണ് ഒരുത്തൻ ഇൻബോക്സിൽ പറഞ്ഞിരുന്നു. ഐഡി പുറത്തിടുമെന്ന്. അന്ന് അവനെ ബ്ലോക്ക് ചെയ്തതോടെ അത് തീരുമെന്ന് കരുതിയതാണ്. അതാണിപ്പോൾ ഫണം വിടർത്തി മുൻപിൽ നിൽകുന്നത്. പലരും വിളിച്ചു കുറെ തെറികൾ പറയുന്നു. ഒറ്റ ദിവസം കൊണ്ട് ലോകത്തിനു മുഴുവൻ നിന്ദിക്കപ്പെട്ടവനായി ഞാൻ മാറി.
രാവിലെ എഴുന്നേറ്റപ്പോൾ പലരുടെയും തെറിവിളിക്കൾക്ക് ഒപ്പം എന്റെ പ്രിയപെട്ടവളുടെ മെസ്സേജും ‘ ഇനി എനിക്ക് നിങ്ങളെ സ്നേഹിക്കാനോ വിവാഹം ചെയ്യാനോ ആവില്ല. കാരണം വീട്ടിൽ അമ്മയും അനിയത്തിയും കൂടിയുണ്ട്.’ ഹൃദയത്തെ കീറിമുറിച്ച വാക്കുകൾ.
ദിവസങ്ങൾക്ക് ശേഷം ഓഫീസിൽ ചെല്ലുമ്പോഴും പലരുടെ മുഖത്തും പുച്ഛവും വെറുപ്പും. പ്രിയപെട്ടവരുടെ അവഗണ സഹിക്കവയ്യാതെ റിസൈന്‍ ലെറ്റർ ഇട്ടു. എച്ച് ആർ മാനേജർ ക്യാബിനിലേക്ക് വിളിച്ചപ്പോൾ കരുതി റിസൈന്‍ ചെയ്യരുതെന്ന് പറയാനാവുമെന്ന് .
“റിസൈന്‍ ചെയ്യാണല്ലേ? നന്നായി ഞാൻ അങ്ങോട്ട് പറയാനിരിക്കയിരുന്നു. പലർക്കും തന്റെ കൂടെ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിരുന്നു. നോട്ടീസ് പീരീഡ് ലീവെടുത്തുകൊള്ളൂ. അപ്പോൾ ശരി.”
രാപകലില്ലാതെ വിയർപ്പൊഴുക്കിയ സ്ഥാപനമാണ്.എന്നെക്കൂടാതെ ഓഫീസിലെന്നു പറഞ്ഞവർ എന്നെ ഒഴിവാക്കാൻ കഷ്ടപ്പെടുന്നു.
വീട്ടിലെത്തിയപ്പോൾ അമ്മ അച്ഛനോട് പറഞ്ഞു സങ്കടപെടുന്നുണ്ടായിരുന്നു. അനിയത്തിയുടെ വിവാഹം മുടങ്ങിയിരിക്കുന്നു. അവൾ ഒത്തിരി ആഗ്രഹിച്ചു നിശ്ചയം വരെ കഴിഞ്ഞ ബന്ധമാണ് . അതാണിപ്പോൾ രണ്ടുവാക്കുകൊണ്ട് അവർ ഉപേക്ഷിച്ചിരിക്കുന്നത്.
“കെട്ടിച്ചു വിട്ടതും നമ്മുടെ സൽപുത്രൻ കാരണം വിഷമിക്കാണല്ലോ? സ്വസ്ഥ കൊടുക്കുന്നില്ല അവന്റെ അമ്മ അതിന് ”
രണ്ടുപെൺമക്കളുടെയും ജീവിതം തകർത്തവനായി ഞാൻ അമ്മക്ക് മാറിയിരിക്കുന്നു.
‘കുടുംബത്തു ഒരു അസുരവിത്തു പിറന്നാൽ ഇതിലും അപ്പുറം സംഭവിക്കും’ അച്ഛൻ പലവുരി നാമംപോലെ ജപിച്ചു.
വൈകിട്ട് അച്ഛൻ മുറിയിലേക്ക് വന്നപ്പോൾ ഞാൻ ആശ്വാസം കൊണ്ടു. കുറെ ദിവസങ്ങൾക്ക് ശേഷം എന്റെ അച്ഛൻ എന്നോട് പൊറുത്തിരിക്കുന്നു മനസ് വല്ലാതെ തുടിച്ചു.
“എസ് ഐ വിളിച്ചിരുന്നു. പലരുടെയും പരാതിയിൽ നിന്റെ പേരിൽ കേസ് എടുത്തിട്ടുണ്ടെന്ന്. ഞാൻ പഠിപ്പിച്ചതാണ് അവനെ. അതുകൊണ്ടാവണം ഇങ്ങോട്ടു വരാത്തത്. രാവിലെ നീ സ്റ്റേഷനിൽ ചെല്ലണം. എന്റെ കണ്ണടയും വരെ ഈ വീട്ടിൽ പോലീസ് വണ്ടി വരണ്ട. ഒരാളെ കൊന്നിട്ടും വന്നിരുന്നേലും ഞാൻ ക്ഷമിച്ചേനെ. ഇതിപ്പോൾ …………………” – അച്ഛന്റെ വാക്കുകൾ പലയിടത്തായി മുറിഞ്ഞു.
മാപ്പിരക്കാൻ ആ കാലുകൾ തിരഞ്ഞപ്പോൾ അച്ഛൻ പോയിക്കഴിഞ്ഞിരുന്നു. എല്ലാവരാലും വെറുക്കപെട്ടവനായി ഇനി ജീവിക്കണ്ട.ആ ഹാക്കറെ ഉള്ളാൽ ഏറെ ശപിച്ചു. എന്റെ മരണത്തിന് അവൻ മാത്രമാണ് ഉത്തരവാദിയെന്ന് എഴുതിവെക്കാൻ ആഗ്രഹിച്ചു.
‘എന്റെ മരണത്തിനു ആരും ഉത്തരവാദിയല്ല. എന്റെ തെറ്റുകൾക്ക് ഞാൻ സ്വയം ശിക്ഷിക്കുന്നു ‘ എന്നെഴുതി പേന കുത്തിയോടിച്ചപ്പോൾ ചുണ്ടിലൊരു ചിരി തെളിഞ്ഞു. ആ ഹാക്കർ ഞാൻ എന്ന തെറ്റിനെ ചൂണ്ടികാണിച്ചവാനാണ്. അവൻ വലിയൊരു ശരിയാണ്. കൈത്തണ്ടയിലേക്ക് ബ്ലേഡ് ആഴ്ന്നിറങ്ങുമ്പോൾ, ആ മരവിപ്പിൽ അവനോർത്തു ‘ മരണം പലരെയും വാഴ്ത്തപ്പെട്ടവനാക്കും; പക്ഷെ ഞാൻ മാത്രം അന്നും വെറുക്കപെട്ടവൻ’.
ഇത് പലരുടെയും ജീവിതമാണ്. തമാശക്ക് വേണ്ടി പലതും ചെയ്തു മുഖംമൂടികൾ അഴിക്കപ്പെട്ടു പലരുടെയും വാളിൽ തൂങ്ങി എല്ലാവരാലും വെറുക്കപ്പെട്ടു ജീവിക്കാൻ വിധിക്കപ്പെട്ടവരുടെ അവസ്ഥ. നന്നാവാൻ പല അവസരങ്ങൾ കൊടുത്തിട്ടും അതിനെയൊക്കെ പുച്ഛിച്ചു തള്ളി വരുംവരായ്കകളെ മറന്നു ആവർത്തിക്കുമ്പോൾ ഓർക്കണം മാനത്തിനു ജീവനേക്കാൾ വിലയുണ്ട്.