റെസിപ്പി ലെതേ ഹുയേ ആനാ’(ആ റെസിപ്പി കൊണ്ടു വരണേ). പാക്കിസ്ഥാൻ സേനയുടെ പിടിയിലായിരിക്കെ ലഭിച്ച ചായയെക്കുറിച്ച് വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ ഫോണിൽ പറഞ്ഞതിനു അദ്ദേഹത്തിന്റെ ഭാര്യ തൻവി മർവാഹിന്റെ മറുപടിയാണിത്.
രാജ്യം ശ്വാസമടക്കിപ്പിടിച്ചു നിന്ന മണിക്കൂറുകൾക്കൊടുവിലാണ് പാക്കിസ്ഥാൻ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മാതൃരാജ്യത്ത് മടങ്ങിയെത്തിയത്. ഐഎസ്‌ഐ കസ്റ്റഡിയിൽ നിന്ന് അഭിനന്ദന്‍റെ വിളിയെത്തിയപ്പോൾ ഭാര്യയുടെ പ്രതികരണം ധൈര്യപൂർവമുള്ളതായിരുന്നു.
വ്യോമസേനയില്‍ ഹെലികോപ്റ്റർ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അഭിനന്ദന്റെ ഭാര്യ തൻവി മർവാഹ്. സൗദി നമ്പരില്‍ നിന്നുള്ള വിളി അന്നു ഫോണിലേക്ക് വന്നപ്പോള്‍ തൻവി ജാഗ്രതയിലായി. ഭര്‍ത്താവിന്റെ സ്വരം മറുവശത്ത് നിന്ന് കേട്ടതോടെ അത് ഐഎസ്‌ഐയില്‍ നിന്നാണെന്ന് അവര്‍ മനസ്സിലാക്കി. കോള്‍ റെക്കോഡ് ചെയ്തു.
ഭർത്താവ് സുരക്ഷിതനാണെന്നറിഞ്ഞ ശേഷം കുട്ടികളോട് എന്തു പറയണമെന്നാണ് തൻവി ചോദിച്ചത്. ‘അച്ഛന്‍ ജയിലിലാണെന്ന് പറയൂ’ എന്നായിരുന്നു അഭിനന്ദന്റെ മറുപടി. പാക്കിസ്ഥാൻ സേന ഇതിനിടെ തന്നെ പുറത്തുവിട്ട വിഡിയോയിൽ കണ്ട ചായയെക്കുറിച്ചായി പിന്നെ അന്വേഷണം. ഞാനുണ്ടാക്കുന്നതിനേക്കാൾ നല്ല ചായയാണോ എന്നു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് ‘അതെ’ എന്നായിരുന്നു അഭിനന്ദന്‍റെ ഉത്തരം. ‘എങ്കില്‍ ആ റെസിപ്പി കൊണ്ടുവരണേ’ എന്നായിരുന്നു തൻവിയുടെ മറുപടി.
‘‘ചായ് കൈസി ഥി’’(ചായ എങ്ങനെയുണ്ടായിരുന്നു) – തൻവി ചോദിച്ചു.
‘‘അച്ഛി ഥി’’(നന്നായിരുന്നു) – അഭിനന്ദന്റെ മറുപടി.
‘‘മുജ്സേ ഭി അച്ഛി ബനായി(ഞാനുണ്ടാക്കുന്നതിലും നന്നായിരുന്നോ)?’’
ചിരിയോടെ അഭിനന്ദന്റെ മറുപടി ‘‘യെസ് ഇറ്റ് വാസ് ബെറ്റർ(അതേ, അത് നന്നായിരുന്നു).’’
‘‘ഫിർ റെസിപ്പി ലെതേ ഹുയേ ആനാ(എന്നാൽ പിന്നെ റെസിപ്പിയും കൊണ്ടുവരൂ).’’ – തൻവി പറഞ്ഞു.
ഫെബ്രുവരി 27 ന് പാക്ക് വ്യോമസേനയ്ക്കെതിരെ പോരാടിയപ്പോൾ പറത്തിയ മിഗ്–21 ബൈസൺ പോർവിമാനം തകർന്നാണ് അഭിനന്ദൻ പാക്ക് സേനയുടെ പിടിയിലായത്. അറുപതു മണിക്കൂറിനു ശേഷം വാഗാ അതിർത്തിയിലൂടെ രാജ്യത്ത് മടങ്ങിയെത്തുന്നതിനിടെ അഭിനന്ദനും ഭാര്യയും നടത്തിയ ഏക സംഭാഷണമായിരുന്നു ടെലിഫോണിലേത്.
അഭിനന്ദനോട് ഒരേസമയം സ്നേഹത്തോടെയും എതിർപ്പോടെയുമുള്ള ഇരട്ടനിലപാടാണ് പാക്കിസ്ഥാൻ പുലർത്തിയതെന്ന് ഈ വിവരം പുറത്തുവിട്ട ഒരു ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥൻ ‘ദ് പ്രിന്റി’നോടു പറഞ്ഞു. ഒരു പാക്ക് ഓഫിസർ അഭിനന്ദന്റെ വാരിയെല്ലിൽ ഇടിച്ചപ്പോൾ മറ്റൊരാൾ സ്നേഹം കാട്ടി അടുത്തെത്തി അഭിനന്ദനെ ഭാര്യയെ ഫോൺ ചെയ്യാൻ അനുവദിക്കുകയായിരുന്നു.
എതിർസേനയുടെ പിടിയിലായ ഭർത്താവിനോട് സംസാരിക്കുമ്പോൾ പതറാതെ ധൈര്യത്തോടെയാണ് തൻവി പ്രതികരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സൗദി നമ്പറിൽ നിന്നു വന്ന കോൾ റെക്കോർഡ് ചെയ്യാനും തൻവി മറന്നില്ല. ഇതിനിടെയാണ് വിഡിയോയിൽ കണ്ട ചായയെക്കുറിച്ച് സംസാരം നടന്നത്.
രാജ്യത്തേക്കു മടങ്ങിയെത്തിയ ശേഷം നടത്തിയ ഡീബ്രിഫിങ്ങിൽ അഭിനന്ദനു നേരിടേണ്ടി വന്ന ശാരീരിക പീഡനം വെളിപ്പെട്ടിരുന്നു. വിമാനം തകർന്ന് പാക്ക് അധീന കശ്മീരിൽ നാട്ടുകാരുടെ പിടിയിൽ അകപ്പെട്ടതിനിടെ ഉണ്ടായ മർദ്ദനത്തിലാണ് അഭിനന്ദന്റെ വാരിയെല്ലുകൾ തകർന്നതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ അഭിനന്ദനിൽ നിന്ന് നടത്തിയ തെളിവെടുപ്പിൽ ഇത് ഐഎസ്ഐ ഓഫിസർമാരുടെ മർദ്ദനത്തിൽ സംഭവിച്ചതാണെന്നത് സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു പാക്കിസ്ഥാൻ സൈനികൻ റൈഫിൾ പാത്തി കൊണ്ട് അഭിനന്ദന്റെ മുതുകിൽ ഇടിച്ചതായും വെളിപ്പെട്ടു.
പിടിയിലായി ആദ്യ 24 മണിക്കൂറിനിടെ അഭിനന്ദിനെ ഉയർന്ന ശബ്ദത്തിലുള്ള സംഗീതം കേൾപ്പിക്കുകയും രൂക്ഷമായ വെളിച്ചത്തിനു മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കാൻ നിർബന്ധിച്ചതായും സൂചനയുണ്ട്. അഭിനന്ദനെ ഉറങ്ങാനോ, വിശ്രമിക്കാനോ അനുവദിക്കാതെ ചോദ്യം ചെയ്യൽ സുഗമമാക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും ദ് പ്രിന്റിന്റെ റിപ്പോർട്ടിൽ പറയുന്നു