ബോക്സ് ഓഫീസിനെ ലൂസിഫർ, അടക്കി ഭരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. സമീപ കാലത്തേ ഏറ്റവും വലിയ പണംവാരി പടമാകും ലൂസിഫർ എന്ന് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാം. പ്രിത്വി എന്ന സംവിധായകന്റെ ആദ്യ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത് . പ്രിത്വിയുടെ സംവിധാന മികവിനെയും മേക്കിങ്ങിലെ പെർഫെക്ഷനെയും പുകഴ്ത്തുകയാണ് പ്രേക്ഷകർ.
പ്രിത്വി സംവിധായകനാകാൻ ജനിച്ച ഒരുവാണെന്നു സോഷ്യൽ മീഡിയയും പറയുന്നു. റഫീഖ് അബ്ദുൽസലാം എന്നൊരാൾ ഒരു ഗ്രൂപ്പിൽ പ്രിത്വിയുടെ സംവിധാന മികവിലെ സൂക്ഷ്മതയെ കുറിച്ചിട്ട ഒരു പോസ്റ്റ് ഇപ്പോൾ വൈറലാണ് . പ്രിത്വി നായകനായ അനാർക്കലി എന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന ഒരു സംഭവം ബേസ് ചെയ്താണ് കുറിപ്പ് ..കുറിപ്പ് വായിക്കാം
അനാർക്കലി എന്ന പൃഥിരാജ് ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ ചിത്രീകരിക്കുന്നതിനുളള തയ്യാറെടുപ്പുകൾ നടയ്ക്കുന്നു. പൃഥിരാജ് അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ കിടയ്ക്കുമ്പോൾ നായിക ആ റൂമിലേക്ക് വരുന്ന സീനാണ് ചിത്രീകരിയ്ക്കേണ്ടത്. ആർട്ട് വിഭാഗം ഹോസ്പിറ്റൽ സെറ്റപ്പ് ക്രിയേറ്റ് ചെയ്ത് കൊണ്ടിരിയ്ക്കുന്നു. രാത്രി 11 മണി കഴിഞ്ഞിരിയ്ക്കുന്നു, വളരെ കുറച്ചാളുകൾ മാത്രമേ സെറ്റിലുള്ളൂ, ആരാണ് സംവിധായകൻ എന്നാരാഞ്ഞ എന്നോട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡോറിൽ ചാരി ഒറ്റയ്ക്ക് നിൽക്കുന്ന സച്ചിയെ ചൂണ്ടികാണിച്ചു തന്നു. വളരെ കൂളായി നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ അടുത്ത് ചെന്ന എന്നോട്, സൗഹാർദ്ദപരമായി സംസാരിക്കുകയും, അദ്ദേഹവും കൊടുങ്ങല്ലുർക്കാരനാണെന്നും, ബോയ്സ് സ്കൂളിന്റെ അടുത്താണ് വീടെന്നും പറഞ്ഞു. അനാർക്കലിയുടെ വിശേഷങ്ങൾ പങ്ക് വെച്ചു. സെറ്റ് റെഡിയായി കഴിഞ്ഞാൽ പൃഥിരാജ് എത്തുമെന്നും പറഞ്ഞു.
ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ Porche Cayenee യിൽ പൃഥിരാജ് എത്തി. ജീൻസും, ഷർട്ടും, സാധാ വള്ളി ചെരുപ്പുമാണ് വേഷം. വളരെ സീരിയസ് മുഖഭാവവുമായി ”ഹോസ്പിറ്റലിലേക്ക് ” കയറി ചെന്നു. കറുത്ത മുണ്ടും, ടീ ഷർട്ടുമണിഞ്ഞ് നിറയെ ചിരിയുമായി സുജിത്ത് വാസുദേവ് ക്യാമറയ്ക്ക് പുറകിൽ റെഡിയായി നിൽക്കുന്നു.ടേക്ക് ആരംഭിച്ചു, നായിക വിഷാദ ഭാവത്തോട് കൂടി പൃഥി കിടയ്ക്കുന്ന കട്ടിലിനരികിലേക്ക് ചെന്നു, പെട്ടെന്ന് പൃഥി നായികയോട് എന്തോ പറയുന്നു. മുസ്ലിം കഥാപാത്രമായ നായികയുടെ വിരലുകളിലെ ക്യൂട്ടക്സിനെക്കുറിച്ചാണ് പൃഥി പറയുന്നത്.
നമസ്കരിക്കുന്ന മുസ്ലീം സ്ത്രീകൾ ക്യൂട്ടക്സ് ഇടാറില്ലയെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കിയ അവർ അത് റിമൂവ് ചെയ്യുന്നു. സത്യം പറഞ്ഞാൽ, പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത ആ കാര്യം കണ്ട് പിടിച്ച, പൃഥിരാജിലെ സൂക്ഷ്മത എന്നെ അമ്പരപ്പിച്ചു, ഒരു പക്ഷെ അദ്ദേഹത്തിലെ ഭാവി സംവിധായകന്റെ സൂക്ഷ്മതയായിരിയ്ക്കാം അവിടെ കണ്ടത്. ആ സൂക്ഷ്മതയുടെ തനിയാവർത്തനം ലൂസിഫറിലുടനീളം നമ്മുക്ക് കാണാൻ കഴിയും, എത്ര കൃത്യതയോടും, നിരീക്ഷണത്തോടും കൂടിയാണ് ലൂസിഫറിലെ ഓരോ സീനും അദ്ദേഹം ചിത്രീകരിച്ചിരിയ്ക്കുന്നത്.