Breaking News
Home / Lifestyle / ഭക്ഷണമായി നല്‍കിയിരുന്നത് അരി കുതിര്‍ത്തതും പഞ്ചസാര വെള്ളവും

ഭക്ഷണമായി നല്‍കിയിരുന്നത് അരി കുതിര്‍ത്തതും പഞ്ചസാര വെള്ളവും

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ഭര്‍ത്തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് കൊടുംക്രൂരതയുടെ കഥകള്‍. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയാണ് (26) മനസ്സിനെ മരവിപ്പിച്ച ക്രൂരതക്കൊടുവില്‍ കഴിഞ്ഞ 21ന് മരിച്ചത്.

സംഭവത്തില്‍ ഭര്‍ത്താവ് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടിയ മര്‍ദനത്തിലും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും മരിക്കുമ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയായ തുഷാരക്ക് 20 കിലോ തൂക്കമേയുണ്ടായിരുന്നുള്ളൂ.

പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു നാളുകളായി ഇവര്‍ക്ക് ഭക്ഷണമായി നല്‍കിയത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാരയെ ബോധക്ഷയത്തെതുടര്‍ന്നാണ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്, എങ്കിലും രക്ഷിക്കാനായില്ല.

ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ ക്രൂരത പുറത്തായത്. ഏറെനാളായി തുഷാരക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും 20 കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളൂവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരീരമാസകലം മുറിവും ചതവും ഉണങ്ങിയ മുറിപ്പാടുമുണ്ടായിരുന്നു. രോഗം ബാധിച്ച് അവശനിലയിലായെങ്കിലും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. പോലീസ് പറയുന്നതിങ്ങനെയാണ് 2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം.

വിവാഹസമയത്ത് 20 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും സ്ത്രീധനമായി നല്‍കാമെന്ന് പറയുകയും 20പവന്‍ നല്‍കുകയും ചെയ്തു. മൂന്നു മാസം കഴിഞ്ഞപ്പോള്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. ചന്തുലാല്‍ താമസിച്ചിരുന്ന വീടും പറമ്പും കാറും വിറ്റതായി ബോധ്യപ്പെട്ടതോടെ തുഷാരയുടെ കുടുംബം ബാക്കി രണ്ടു ലക്ഷം രൂപ നല്‍കിയില്ല.

ഇതിനെതുടര്‍ന്നാണ് ചന്തുലാലും മാതാവും ചേര്‍ന്ന് തുഷാരയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. വീട്ടില്‍ പോകാനോ വീട്ടുകാരെ ഫോണില്‍ വിളിക്കാനോ തുഷാരയെ അനുവദിച്ചില്ല. രണ്ടു വര്‍ഷത്തിനിടെ മൂന്നു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ എത്തിയാല്‍ ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നു. ഇക്കാരണത്താല്‍ ബന്ധുക്കള്‍ പോലും കാണാനായി വരാറില്ലായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.