Breaking News
Home / Lifestyle / ഒരു ടൂറിസം പോലീസ് ഓഫീസറുടെ ഡയറിക്കുറിപ്പ്

ഒരു ടൂറിസം പോലീസ് ഓഫീസറുടെ ഡയറിക്കുറിപ്പ്

#ഒരു_ടൂറിസം_പോലീസ്_
#ഓഫീസറുടെ_ഡയറിക്കുറിപ്പ്

പറയാനുള്ളത് പെൺകുട്ടികളോടാണ്….

പത്ത് വയസ്സെങ്കിലും പ്രായമുള്ള ഒരു പെൺകുട്ടിയുടെ അച്ഛനാകാനുള്ള പ്രായം എനിക്കുണ്ട്. അതുകൊണ്ട് തന്നെ ഒരച്ഛന്റെ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകളായി തന്നെ നിങ്ങളിത് കാണണം.

മിക്ക ദിവസങ്ങളിലും, പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ കൂടുതലായി പൊന്മുടിയിലേക്ക് ഇരുചക്ര വാഹനങ്ങളിൽ, ഷാൾ കൊണ്ട് മുഖം മറച്ച് ആൺകുട്ടികളോടൊപ്പം നിരവധി പെൺകുട്ടികൾ പോകുന്നത് കാണാറുണ്ട്.

ഈ യാത്ര പൊന്മുടി കാണാനല്ലെന്ന് കാണുന്നവർക്കറിയാം. മിക്കവാറും കല്ലാർ കഴിഞ്ഞുള്ള വിജനമായ ഇരുപത്തിരണ്ട് ഹെയർപിൻ വളവുകളിലെവിടെയെങ്കിലും, ഒതുക്കി വച്ചിരിക്കുന്ന ബൈക്ക് കാണാം. കാര്യമെന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

നാലഞ്ച് മാസങ്ങൾക്കു മുമ്പ് എറണാകുളത്തെ ഒരു ഹോട്ടലിൽ താമസിക്കാനിടയായി. അഞ്ചാം നിലയിലായിരുന്നു മുറി. രാത്രി എട്ടരമണി കഴിഞ്ഞ്, ഒരു സുഹൃത്തിന്റെ ഫോൺ വന്നു. സംസാരം നീണ്ടുപോയതിനാൽ, മുറി തുറന്ന് ഞാൻ ബാൽക്കണിയിൽ വന്നുനിന്ന് സംസാരം തുടർന്നു. അപ്പോൾ, എതിർ വശത്തുള്ള മുറിയിൽ നോർത്ത് ഇന്ത്യക്കാരനായ ഒരു പയ്യനും, ഒരു മലയാളി പെൺകുട്ടിയും, റൂംബോയിയോടൊപ്പം വന്നു.

ആദ്യമായതു കൊണ്ടായിരിക്കണം, പെൺകുട്ടി പരിഭ്രാന്തയാണ്. സഹപാഠികളോ, അല്ലെങ്കിൽ, മറ്റേതെങ്കിലും തരത്തിൽ വന്നവരോ ആകാമെന്ന് ഉറപ്പ്. പിറ്റേന്ന് രാവിലെ മുറി തുറന്നിറങ്ങിയപ്പോൾ കണ്ടത്, എതിർവശത്തെ മുറിയുടെ വാതിൽക്കൽ തലേദിവസം കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കഴിച്ച, അതേ പ്ലേറ്റിൽ വച്ചിരിക്കുന്നു. കൂടെ ഒഴിഞ്ഞ നാല് ബിയർ കുപ്പികളും.

തിരുവനന്തപുരം മ്യൂസിയം വളപ്പിലും, കോവളത്തും, വേളിയിലുമൊക്കെ ഇരുപതിൽ താഴെ പ്രായമുള്ള ആൺകുട്ടികളും, പെൺകുട്ടികളും ക്ലാസ്സ് കട്ട് ചെയ്ത് വന്നിരുന്ന് പ്രണയസല്ലാപമാണ്, യാതൊരു പരിസരബോധം പോലുമില്ലാതെ.

ഒരു വർഷം മുമ്പ് മ്യൂസിയം വളപ്പിൽ പരിസരം മറന്നിരുന്ന് പ്രണയിച്ച യുവമിഥുനങ്ങളോട്, കാഴ്ചക്കാരുടെ പരാതിപ്രകാരം പിങ്ക് പോലീസ് വന്ന് കാര്യങ്ങൾ തിരക്കി. പോലീസ് ‘സദാചാര പോലീസ്’ ചമയുകയാണ് എന്നാരോപിച്ച് പ്രകോപിതനായ പയ്യൻ ഫെയ്സ്ബുക്കിൽ ലൈവായി സംഭവം കാണിച്ചു. എന്നാൽ, പോലീസ് വളരെ മാന്യമായാണ് പെരുമാറിയതെന്ന് ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഞാൻ പറയുന്നു.

പോലീസിനോട് തട്ടിക്കയറിയ ഇവരെ കൂടുതൽ പോലീസെത്തിയാണ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഒരാഴ്ചയ്ക്ക് ശേഷം പോലീസിനോടുള്ള പ്രതിഷേധ സൂചകമായി അതേ മ്യൂസിയം വളപ്പിൽ വച്ച് കേക്ക് മുറിച്ച് വിവാഹം കഴിച്ചു, ജന്മം കൊടുത്ത മാതാപിതാക്കൾ പോലുമില്ലാതെ.!!!

ഫോർട്ട്കൊച്ചി ടൂറിസം പോലീസ് സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫീസർ ആറേഴ് മാസങ്ങൾക്ക് മുമ്പ് ബീച്ചിൽ നിന്ന് ഒരു പയ്യനെയും, പ്ലസ്ടുക്കാരിയെയും കൈയോടെ പൊക്കുകയും, പെൺകുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തത് നമ്മളിൽ പലരും അറിഞ്ഞതാണ്.

പെൺകുട്ടികൾ ഒരു നിമിഷം ചിന്തിക്കണം. കൂട്ടുകാരനോടൊപ്പം യാത്ര തുടങ്ങും മുമ്പ്, ചതിയിൽപ്പെട്ട് എരിഞ്ഞടങ്ങിയ അനേകം പെൺകുരുന്നുകളെക്കുറിച്ച് നിങ്ങളറിയണം. നിങ്ങൾക്ക് ജന്മം നൽകി, കൈയ്യോ കാലോ വളരുന്നതെന്ന് നോക്കി, ഒരു മകളുണ്ടായ സംതൃപ്തിയിൽ എല്ലാ ദു:ഖങ്ങളും മറന്ന് ചിരിക്കുന്ന നിങ്ങളുടെ അച്ഛനെയും, അമ്മയെയും കുറിച്ച് നിങ്ങൾ ഓർക്കണം.

മകൾ പിച്ചവെച്ച് തുടങ്ങുന്ന പ്രായം മുതൽ അവർ കാണുന്ന സ്വപ്നങ്ങളെക്കുറിച്ച് വെറുതെ ചിന്തിക്കണം. യാതൊരറപ്പും കൂടാതെ നിങ്ങളുടെ വിസർജ്ജ്യങ്ങൾ, ഒരു പരാതിയും പറയാതെ വൃത്തിയാക്കിയ സർവ്വംസഹയായ അമ്മയെ ഓർക്കണം.

വയസ്സറിയിക്കുന്ന നാൾ തൊട്ട്, അച്ഛനമ്മമാരുടെ നെഞ്ചിൻകൂട്ടിൽ അണയാതെ ആളിക്കത്തിത്തുടങ്ങുന്ന വെപ്രാളം എന്തെന്ന് നിങ്ങളറിയണം. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കൂലിയിൽ, വീട്ടുചെലവുകളെല്ലാം കഴിഞ്ഞ്, ഉറുമ്പ് അരിമണി കൂട്ടിവയ്ക്കുന്നതു പോലെ ഓരോ നാണയത്തുട്ടും നിങ്ങളുടെ ഭാവിയിലേക്ക് കരുതി വയ്ക്കുന്ന അച്ഛനെ ഓർക്കണം.

മകൾ വരാൻ പത്ത് മിനിറ്റ് വൈകിയാൽ, അവരുടെ നെഞ്ചിലുണ്ടാകുന്ന തീയുടെ ചൂട് നിങ്ങൾക്ക് ഊഹിക്കാൻ കഴിയണം. നിങ്ങൾ പറയുന്നതെല്ലാം വിശ്വസിക്കുന്നത് അവർ വിഡ്ഢികളായത് കൊണ്ടല്ല. മറിച്ച്, മകളിലുള്ള ആ അച്ഛനമ്മമാരുടെ വിശ്വാസം കൊണ്ടാണ്. നിങ്ങൾ ചെയ്യുന്നതൊന്നും ഒരുപക്ഷേ, അവർ അറിയില്ലായിരിക്കാം. പക്ഷേ, നാളെ നിങ്ങളൊരു ഭാര്യയാകും, നിങ്ങൾക്കുമൊരു മകളുണ്ടാവും. അവളാണിത് പോലെ ചെയ്യുന്നതെങ്കിൽ….

അതറിയുന്ന നിമിഷം പിളർന്നു പോകും, നിങ്ങളുടെ ഹൃദയം. കർമ്മഫലം അനുഭവിക്കാതെ ഒരാളും ഈ ഭൂമിയിൽ നിന്ന് മടങ്ങിപ്പോയിട്ടില്ല. അതോർക്കുക.

ഒരുപരിധിവരെ ആൺകുട്ടികൾക്കും ഞാനീ പറഞ്ഞത് ബാധകമാണ്. പക്ഷേ, പതിനെട്ട് വയസ്സ് തികഞ്ഞ്, അടുത്ത മണിക്കൂറിൽ ലക്ഷങ്ങൾ വിലയുള്ള ഡ്യൂക്കും, ബുള്ളറ്റുമൊക്കെ വാങ്ങി, മക്കൾക്ക് നൽകി പത്രാസ് കൂട്ടുന്ന അച്ഛനമ്മമാരെയും, ആൺമക്കളെയും കുറിച്ച് സഹതപിക്കാനോ, വേദനിക്കാനോ എനിക്ക് മനസ്സില്ല. ജീവിതം എന്തെന്നറിഞ്ഞു തുടങ്ങുന്നതിന് മുമ്പേ, അറിഞ്ഞുകൊണ്ട് മക്കൾക്ക് പോസ്റ്റ്മോർട്ടം ടേബിളിലേക്ക് വഴിയൊരുക്കുന്ന അച്ഛന്മാരോട് എന്തു പറഞ്ഞിട്ടെന്ത് കാര്യം.?

ഒരിക്കലും നിങ്ങളൊരു കനകദുർഗ്ഗയോ, ബിന്ദുവോ, രഹന ഫാത്തിമയോ, ശ്രീലക്ഷ്മിയോ, ജോമോളോ ആവരുത്. അവരാകാൻ നിങ്ങൾക്ക് വളരെ എളുപ്പമാണ്. പക്ഷേ, നാല് ചുമരുകൾക്കുള്ളിൽ കാണിക്കേണ്ടത്, നാട്ടുവഴികളിൽ കാണിക്കുന്ന അവരെപ്പോലെയായിട്ട് ജീവിതത്തിൽ നിങ്ങളെന്ത് നേടും?

നിങ്ങളുടെ മുന്നിൽ മാതൃകയാക്കേണ്ടവർ ഒരുപാടുണ്ട്… ഡോക്ടർ രേണുരാജ്, എൻ വാസുകി, ചൈത്ര തെരേസ ജോൺ, ടി വി അനുപമ…. നിങ്ങളുടെ കൺമുന്നിലുണ്ട്, ഉദാഹരണങ്ങളൊരുപാട്….

ഒരുത്തന്റെ മുന്നിലും തലകുനിക്കാതെ നിന്ന് സ്ത്രീയുടെ യശസ്സുയർത്തിയ അവരെ പോലെയാകണം, നിങ്ങളും….

ഒരുപാട് നാളായി പറയണമെന്ന് ആഗ്രഹിച്ചതാണെങ്കിലും, ഇന്ന് ഗൾഫിൽ നിന്ന് ഒരു സുഹൃത്ത് വിളിച്ച് വേദന പങ്കുവച്ചിരുന്നു. പത്ത് വയസ്സായ അദ്ദേഹത്തിന്റെ മകളെ അവിടെത്തന്നെ തുടർന്നും പഠിപ്പിക്കാനാണ് ചിന്തിക്കുന്നതെന്ന്, വേദനയോടെ ആ പിതാവ് പറഞ്ഞു.

പെൺമക്കളെ സ്നേഹിക്കുന്ന ഓരോ അച്ഛനമ്മമാരുടെ ഉള്ളിലും തീയാണ്. അവരെക്കുറിച്ചുള്ള ആകുലതയാണ്, ഓരോ നിമിഷവും.

ചുംബന സമരവും, താലി കത്തിക്കലും, ആർത്തവ സമരവുമൊക്കെ പ്രോൽസാഹിപ്പിക്കാൻ ഇവിടെ ആളുള്ളപ്പോൾ, പെൺമക്കളുള്ള ഓരോരുത്തരും ഭയന്നേ മതിയാവൂ.

കാരണം, പെൺരൂപികൾ ചതിക്കാനായി നിങ്ങളുടെ പെൺമക്കളോടൊപ്പമുണ്ട്, നിഴൽപോലെ…..

(കടപ്പാട്)ഃRAJESH MULLAPPALLI

About Intensive Promo

Leave a Reply

Your email address will not be published.